വഴിയില്‍ കുടുങ്ങിയ കുടുംബത്തെ സഹായിച്ച ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം

Posted on: June 29, 2018 6:08 pm | Last updated: June 29, 2018 at 6:08 pm
SHARE

ദുബൈ: കാര്‍ കേടായി വഴിയില്‍ കുടുങ്ങിയ സിറിയന്‍ കുടുംബത്തെ സഹായിക്കുകയും തന്റെ വാഹനം നല്‍കുകയും ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശദ് അല്‍ മക്തൂം ഉദ്യോഗസ്ഥന് ഫസ്റ്റ് ഓഫീസര്‍ ആയി സ്ഥാനക്കയറ്റം നല്‍കി.

സാലിം അബ്ദുല്ല ബിന്‍ നബ്ഹാന്‍ അല്‍ ബദ്വാവി എന്ന ഉദ്യാഗസ്ഥനാണ് പെരുന്നാള്‍ സമ്മാനമായി സ്ഥാനക്കയറ്റം ലഭിച്ചത്. പെരുന്നാള്‍ ദിനത്തില്‍ മസ്‌കത്തിലേക്കുള്ള യാത്രയ്ക്കിടെ രാവിലെ ഏഴുമണിയോടെ ഹത്ത അതിര്‍ത്തിയിലാണ് സിറിയന്‍ കുടുംബത്തിന്റെ കാര്‍ കേടായത്. ഹത്തയില്‍ പാസ്‌പോര്‍ട് ഓഫീസര്‍ ആണ് സാലിം അബ്ദുല്ല. ടാക്‌സി ഏര്‍പ്പാടാക്കാന്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്കു വിളിച്ചെങ്കിലും അവധിയായതിനാല്‍ ആരും ഫോണ്‍ എടുത്തില്ല. കേടായ കാര്‍ നന്നാക്കാന്‍ കൊണ്ടുപോകാനുള്ള വാഹനത്തിനു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആരും സഹായത്തിന് എത്താതിരുന്നപ്പോള്‍ തന്റെ വാഹനത്തില്‍ യാത്രതുടരാന്‍ സാലിം അബ്ദുല്ല നിര്‍ബന്ധിച്ചു.
തുടര്‍ന്നു കുടുബത്തെയും കയറ്റി തന്റെ താമസസ്ഥലത്തു പോയി കാറിലിരുന്ന സാധനങ്ങള്‍ മാറ്റിയശേഷം വാഹനം കൈമാറി.

യാത്രകഴിഞ്ഞു സിറിയന്‍ കുടുംബം മടങ്ങിയെത്തിയപ്പോള്‍ അവരെ ദുബൈയിലെ വീട്ടില്‍ എത്തിക്കാനും സാലിം തയാറായി. അതിനോടകം അവരുടെ കാര്‍ നന്നാക്കാനും ഏര്‍പ്പാടാക്കി. റേഡിയോ പരിപാടിയിലൂടെ ഇതു പുറംലോകമറിഞ്ഞതോടെ ഉദ്യോഗസ്ഥന്‍ താരമായി. ഇമറാത്തി മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഉദ്യോഗസ്ഥന്‍ മാതൃകയാണെന്നാണ് ശൈഖ് മുഹമ്മദ് വിശേഷിപ്പിച്ചത്.