Connect with us

Kerala

ദിലീപിനെ 'അമ്മ'യില്‍ തിരിച്ചെടുത്തത് തെറ്റെന്ന് സിപിഎം; തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: നടി അക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപിനെ തിരിച്ചെടുത്ത “അമ്മ” യുടെ നടപടിതെറ്റായിപ്പോയെന്ന് സിപിഎം.
കേരളത്തിലെ സിനിമാരംഗത്തെ കലാകാരന്മാരും, കലാകാരികളും അണിനിരന്ന അമ്മ എന്ന സംഘടനയെക്കുറിച്ച് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഉയര്‍ന്നുവന്ന വിവാദങ്ങളും, അതിലേക്ക് നയിച്ച സംഭവങ്ങളും ദൗര്‍ഭാഗ്യകരമാണ്. സംസ്ഥാനത്ത് മാത്രമല്ല, രാജ്യത്താകമാനം ആദരവും, സ്വീകാര്യതയും നേടിയ നടീനടന്മാര്‍ അണിനിരന്ന ഒരു സംഘടനയായ “അമ്മ” സ്ത്രീവിരുദ്ധ പക്ഷത്ത് നില്‍ക്കുന്നൂവെന്ന ആക്ഷേപത്തിനിരയാവാന്‍ ഇടയായ സംഭവം ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസ് നിലനില്‍ക്കെ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടി തെറ്റായിപ്പോയി. ഒരു സംഘം നടികള്‍ അമ്മയില്‍ നിന്ന് രാജിവെയ്ക്കാനും, പൊതുസമൂഹം അമ്മയെ രൂക്ഷമായി വിമര്‍ശിക്കാനും ഇടയാക്കിയത് ഈ നടപടിയാണ്. സ്ത്രീസുരക്ഷയില്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തേണ്ട ഒരു സംഘടന അതിന് കളങ്കം ചാര്‍ത്തിയെന്ന ആക്ഷേപത്തിന് ഇടയാവുന്നതായിപ്പോയി അമ്മയുടെ തീരുമാനം. ഈ യാഥാര്‍ത്ഥ്യം “അമ്മ” ഭാരവാഹികള്‍ തിരിച്ചറിയുകയും, സമൂഹ മനഃസാക്ഷിയുടെ വിമര്‍ശനം ഉള്‍ക്കൊണ്ട് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷി്ക്കുന്നു.

ഏറ്റവും ഹീനമായ ഒരു അക്രമസംഭവത്തിന് ഇരയായ സ്ത്രീയുടെ വികാരം മാനിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. ഈ സാമൂഹിക ബോധം അമ്മ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുമെന്ന് കരുതുന്നു. നടിക്കെതിരായ ആക്രമണം നടന്ന അവസരത്തില്‍ നിഷ്പക്ഷവും ധീരവുമായ നിലപാടാണ് ഇടതുപക്ഷവും എല്‍ഡിഎഫ് സര്‍ക്കാരും കൈക്കൊണ്ടത്. എന്നാല്‍ അമ്മയിലെ ഇടതുപക്ഷ അനുഭാവികളായ ജനപ്രതിനിധികളെ ഒറ്റതിരിച്ച് ആക്ഷേപിക്കുന്നത് ദുരുദ്ദേശപരമാണ്.
ഈ വിവാദങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ “അമ്മ”യെ ഭിന്നിപ്പിക്കാനും ദുര്‍ബലമാക്കാനും ചില തത്പ്പരകക്ഷികള്‍ നടത്തുന്ന പ്രചരണം സ്ത്രീസുരക്ഷക്ക് വേണ്ടിയാണെന്ന് കരുതുന്നത് മൗഢ്യമാണ്. കൂടാതെ അമ്മയിലെ ഇടതുപക്ഷ അനുഭാവികളായ ജനപ്രതിനിധികളെ ഒറ്റതിരിച്ച് ആക്ഷേപിക്കുന്നതും ദുരുദ്ദേശപരമാണ്.

അമ്മയുടെ നേതൃത്വത്തിലിരിക്കുന്നവരുടെ രാഷ്ട്രീയനിറം നോക്കിയല്ല, ആ സംഘടനയോട് പ്രതികരിക്കേണ്ടത്. ഏത് മേഖലയിലായാലും സ്ത്രീകള്‍ക്ക് മാന്യമായ സ്ഥാനവും, അര്‍ഹമായ പങ്കും ലഭിക്കണമെന്നതാണ് ഇടതുപക്ഷ നിലപാട്. നടിക്കെതിരായി നടന്ന അക്രമസംഭവത്തില്‍, ഈ നിലപാട് ഉയര്‍ത്തിപ്പിടിച്ച്, നിഷ്പക്ഷവും ധീരവുമായ നിലപാടാണ് ഇടതുപക്ഷവും, എല്‍.ഡി.എഫ് സര്‍ക്കാരും കൈക്കൊണ്ടത്. ഈ കാര്യങ്ങള്‍ കേരള ജനതക്ക് നന്നായി അറിയാമെന്നിരിക്കെ, ഇടതുപക്ഷത്തെ പരോക്ഷമായി ആക്ഷേപിക്കുന്നവരുടെ നിഗൂഢ താത്പര്യങ്ങള്‍ ഫലവത്താകാന്‍ പോകുന്നില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

Latest