Connect with us

Kerala

'അമ്മ'ക്ക്‌മേല്‍ സമ്മര്‍ദം ശക്തം ; വനിതാകൂട്ടായ്മയുമായി ചര്‍ച്ച ഉടന്‍

Published

|

Last Updated

കൊച്ചി: പൊതുസമൂഹത്തില്‍നിന്നടക്കം സമ്മര്‍ദം ശക്തമായ സാഹചര്യത്തില്‍ ദിലീപിനെ തിരിച്ചെടുത്തത് അടക്കമുളള വിഷയങ്ങളില്‍ താരസംഘടനയായ അമ്മ ചര്‍ച്ചക്ക് സന്നദ്ധമാകുന്നു. ലണ്ടനില്‍ ഷൂട്ടിങ്ങിലുള്ള “അമ്മ” പ്രസിഡന്റ് മോഹന്‍ലാല്‍ തിരിച്ചെത്തിയ ശേഷം വിമന്‍ സിനിമ കലക്ടീവുമായി ചര്‍ച്ച നടത്തും. ദീലിപിനെ തിരിച്ചെടുത്തതു പുനഃപരിശോധിക്കണമെന്നും എക്‌സിക്യുട്ടിവ് വിളിക്കണമെന്നും ആവശ്യപ്പെട്ടു രേവതിയടക്കം മൂന്നു നടിമാര്‍ കത്തു നല്‍കിയതോടെയാണ് “അമ്മ” സമ്മര്‍ദ്ദത്തിലായത്.
അതേ സമയം വിവാദങ്ങള്‍ക്ക് വിരാമമിടാന്‍ ശ്രമിച്ച് അമ്മക്കു ദിലീപ് ഇന്നലെ കത്തയച്ചിരുന്നു.

തന്നെ പുറത്താക്കിയ നടപടിയിലെ പിഴവു തിരുത്തിയ അമ്മയുടെ പുതിയ ഭാരവാഹികള്‍ക്കു നന്ദി പറഞ്ഞുകൊണ്ടാണു സംഘടനയിലേക്കു തല്‍ക്കാലമില്ലെന്നു ദിലീപ് വ്യക്തമാക്കിയത്. തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ കാര്യത്തിലും താന്‍ സമാന നിലപാട് അറിയിച്ചതാണെന്നു വ്യക്തമാക്കിയ ദിലീപ് തന്റെ പേരില്‍ സംഘടനയെ പലരും അപമാനിക്കുന്നതില്‍ സങ്കടമുണ്ടെന്നും ഫേസ്ബുക്കില്‍ കുറിച്ചു.

ദിലീപിനെ തിരിച്ചെടുത്ത നടപടിക്കെതിരെ വിമര്‍ശനമുയര്‍ന്നിട്ടും പ്രതികരിക്കാതിരുന്ന “അമ്മ”യ്ക്ക്, വനിതാകൂട്ടായ്മയിലും അംഗങ്ങളായ നടി രേവതി, പത്മപ്രിയ, പാര്‍വതി എന്നിവര്‍ എക്‌സിക്യുട്ടീവ് വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു കത്ത് നല്‍കിയതിനുപിന്നാലെയാണു ദിലീപിന്റെ ഫേസ്ബുക് പോസ്റ്റ് വന്നത്. ദിലീപിനെ സംഘടനയിലേക്കു തിരിച്ചുകൊണ്ടുവന്നത് പുനഃപരിശോധിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ജൂലൈ 13 നോ 14 നോ അമ്മയുടെ നിര്‍വാഹകസമിതി ചേരണമെന്നായിരുന്നു രേവതി ഉള്‍പ്പടെയുള്ളവര്‍ ആവശ്യപ്പെട്ടത്.