Connect with us

International

കശ്മീരില്‍ സൈന്യത്തിനെതിരായ കലാപത്തിന് കുട്ടികളെ റിക്രൂട്ട് ചെയ്തു: യു എന്‍

Published

|

Last Updated

യു എന്‍: പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരോധിത ഭീരവാദ സംഘടനകളായ ജയ്‌ഷെ മുഹമ്മദും ഹിസ്ബുല്‍ മുജാഹിദീനും ജമ്മു കശ്മീരില്‍ സൈന്യത്തിനെതിരെയുള്ള ഏറ്റുമുട്ടലിന് വേണ്ടി കുട്ടികളെ റിക്രൂട്ട് ചെയ്തിരുന്നതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോ ര്‍ട്ട്. കഴിഞ്ഞ വര്‍ഷം സുരക്ഷാ സേനകള്‍ക്കെതിരെ സംസ്ഥാനത്ത് നടന്ന വ്യാപക ആക്രമണ സംഭവങ്ങളില്‍ കുട്ടികളെ ഉപയോഗിച്ചുവെന്നാണ് യു എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ “കുട്ടികളും സായുധ സംഘര്‍ഷവും” എന്ന വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശങ്ങള്‍. 2017 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവാണ് റിപ്പോര്‍ട്ടിന് ആധാരം. ഇക്കാലയളവില്‍ ലോകത്താകമാനം പതിനായിരത്തിലേറെ കുട്ടികള്‍ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടുവെന്നും ഇതില്‍ എണ്ണായിരത്തോളം കുട്ടികളെ ചിലര്‍ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിറിയ, അഫ്ഗാന്‍, ഇന്ത്യ, യമന്‍, ഫിലിപ്പൈന്‍സ്, നൈജീരിയ ഉള്‍പ്പെടെ 20 രാജ്യങ്ങളിലെ സ്ഥിതിവിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.

ജമ്മു കശ്മീരിനെ കൂടാതെ ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. സുരക്ഷാ സേനയുമായി ഏറ്റുമുട്ടുന്നതിന് രണ്ട് ഭീകര സംഘടനകള്‍ കുട്ടികളെ റിക്രൂട്ട് ചെയ്ത മൂന്ന് സംഭവങ്ങള്‍ സംബന്ധിച്ച് ജമ്മു കശ്മീരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ഒരു കേസ് ജയ്‌ഷെ മുഹമ്മദുമായും മറ്റ് രണ്ട് കേസുകള്‍ ഹിസ്ബുല്‍ മുജാഹിദീനുമായും ബന്ധപ്പെട്ടാണ്.
ഛത്തീസ്ഗഢിലെയും ഝാര്‍ഖണ്ഡിലെയും മാവോയിസ്റ്റ് സംഘടനകളും സുരക്ഷാ സേനക്കെതിരെയുള്ള ആക്രമണത്തിന് കുട്ടികളെ ഉപയോഗിക്കുന്നുണ്ടെന്നും യു എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest