പോലീസ് നിയമത്തില്‍ കാലാനുസൃതമായ മാറ്റം വേണം: സെന്‍കുമാര്‍

Posted on: June 29, 2018 10:40 am | Last updated: June 29, 2018 at 10:40 am

തിരുവനന്തപുരം: പോലീസ് നിയമത്തില്‍ കാലാനുസൃതമായ മാറ്റം വരുത്തണമന്നും ഇവര്‍ക്ക് ലഭിക്കുന്നത് അടിമ പോലെയാകണമെന്ന സന്ദേശമാണെന്നും മുന്‍ ഡി ജി പി. ടി പി സെന്‍കുമാര്‍. ‘വര്‍ധിക്കുന്ന പോലീസ് അതിക്രമങ്ങള്‍ –കാരണവും പ്രതിവിധിയും’ എന്ന വിഷയത്തില്‍ ന്യൂമാന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ നടത്തിയ ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാ പോലീസുകാരും ഈ അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ട്. പോലീസുകാര്‍ക്ക് ഉപദ്രവമേറ്റ കേസുകളാണ് അധികവും പിന്‍വലിക്കപ്പെടുന്നത്. പോലീസാകാന്‍ മാനസികമായി ശേഷിയുള്ളവരാണോ സേനയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതെന്ന് പരിശോധിക്കണം.
വ്യക്തമായ കാരണങ്ങളില്ലാതെ സംസ്ഥാന പൊലീസ് മേധാവിയെ സ്ഥലം മാറ്റാന്‍ പറ്റില്ലെന്ന് സുപ്രീം കോടതി വിധിയില്‍ പറഞ്ഞതിന് ശേഷവും അത്തരം മാറ്റങ്ങള്‍ നടന്നിട്ടുണ്ട്. ഞാന്‍ ഫയല്‍ ചെയ്ത കേസിന്റെ വിധിന്യായത്തിലാണ് സംസ്ഥാന പോലീസ് മേധാവിയെ മാറ്റുന്നതിനെതിരെ സുപ്രീം കോടതി പറയുന്നത്. പക്ഷേ, അതിനു ശേഷവും പല മാറ്റങ്ങളുണ്ടായെങ്കിലും ആരും കോടതിയലക്ഷ്യത്തിന് പരാതി നല്‍കിയില്ല. എനിക്കെതിരെ പല കേസുകള്‍ വരുന്നു. എല്ലാം ഒറ്റക്കാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.