Connect with us

Kerala

സ്റ്റേഷനില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ഓട്ടോ ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍

Published

|

Last Updated

ചേര്‍ത്തല: പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ഓട്ടോഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. കോടികളുടെ സ്വത്തിന് ഉടമയായ ബിന്ദു പത്മനാഭന്റെ ദുരൂഹ തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയുടെ സുഹൃത്ത് കൂടിയായ പള്ളിപ്പുറം പഞ്ചായത്ത് 14 ാം വാര്‍ഡ് തൈക്കൂട്ടത്തില്‍ എസ് മനോജിനെ (46)യാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഇന്നലെ രാവിലെ ഹാജരാകുവാന്‍ മനോജിനോട് ആവശ്യപ്പെട്ടിരുന്നു. മുഖ്യപ്രതി സെബാസ്റ്റ്യനും ബിന്ദുവും പതിവായി യാത്ര ചെയ്തിരുന്നത് മനോജിന്റെ ഓട്ടോയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സെബാസ്റ്റ്യന്റെ ഉറ്റ സുഹൃത്തായ മനോജിനെ നേരത്തെ പോലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം ഇയാള്‍ വലിയ ബേഗില്‍ നിറയെ നോട്ടുകളുമായി പോകുന്നത് കണ്ടതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വീണ്ടും വിളിപ്പിച്ചത്. ഭാര്യ ജ്യോതിയെ ജോലി സ്ഥലത്തേക്കും മകള്‍ മീനാക്ഷിയെ സ്‌കൂളിലും അയച്ച ശേഷം രാവിലെയാണ് വീടിനുള്ളില്‍ തൂങ്ങിയതെന്ന് കരുതുന്നു. വീട് അകത്ത് നിന്ന് പൂട്ടിയിട്ടിരിക്കുന്നതില്‍ സംശയം തോന്നിയ അയല്‍വാസികള്‍ ജനല്‍ തുറന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് ചേര്‍ത്തല ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അസ്വഭാവിക മരണത്തിന് ചേര്‍ത്തല പോലീസ് കേസെടുത്തു. ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സംഘം ഉള്‍പ്പെടെ മൂന്ന് ടീമുകളാണ് ഇതുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നത്.

നിലവില്‍ ഇടപ്പള്ളിയിലെ വസ്തു വില്‍പന നടത്തിയത് വ്യാജ മുക്ത്യാര്‍ തയ്യാറാക്കിയാണെന്ന് കണ്ടെത്തിയെങ്കിലും ബിന്ദുവിന്റെ മറ്റ് വസ്തുക്കള്‍ കൈമാറ്റം നടത്തിയതിനെകുറിച്ച് അറിയുന്നതിന് ചേര്‍ത്തലയിലെയും സമീപ പ്രദേശങ്ങളിലെയും ആറ് സബ് റജിസ്ട്രാര്‍ ഓഫീസുകളില്‍ പോലീസ് നോട്ടീസ് നല്‍കി. വ്യാജ മുക്ത്യാറില്‍ ആള്‍മാറാട്ടം നടത്തിയ കുറുപ്പംകുളങ്ങര സ്വദേശിനി മിനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നലെ ജില്ലാ കോടതി വിധി പറഞ്ഞില്ല.

അതേസമയം പോലീസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാത്രി ഇവരുടെ വാടക വീട് തുറന്ന് തെളിവുകള്‍ ശേഖരിച്ചു. എസ് എസ് എല്‍ സി ബുക്ക് ഉള്‍പ്പെടെയുള്ള രേഖകളാണ് പോലീസ് എടുത്തത്. കേസിലെ മൂന്നും നാലും പ്രതികള്‍ക്ക് കഴിഞ്ഞ ദിവസം ചേര്‍ത്തല കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ബിന്ദുവിനെ കണ്ടെത്തുന്നതിനായി ചെന്നൈയിലും ബെംഗളൂരുവിലും കേരളത്തിലെയും വിവിധ കേന്ദ്രങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് തുടങ്ങിയിടങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് പതിച്ചെങ്കിലും ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.

---- facebook comment plugin here -----

Latest