സിയാലിന് 156 കോടി രൂപ ലാഭം; നിക്ഷേപകര്‍ക്ക് 25 ശതമാനം ലാഭവിഹിതം

Posted on: June 29, 2018 10:31 am | Last updated: June 29, 2018 at 10:31 am
SHARE

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാല്‍) 2017-18 സാമ്പത്തിക വര്‍ഷത്തി ല്‍ നികുതി കഴിച്ച് 156 കോടി രൂപയുടെ ലാഭം നേടി. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 553.42 കോടിയുടെ വിറ്റുവരവാണ് സിയാല്‍ നേടിയത്. 387.92 കോടി രൂപയാണ് കമ്പനിയുടെ പ്രവര്‍ത്തന ലാഭം. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 298.65 കോടി രൂപയായിരുന്നു. സിയാല്‍ ഡ്യൂട്ടി ഫ്രീ ആന്‍ഡ് റീട്ടെയില്‍ സര്‍വീസസ് ലിമിറ്റഡ് (സി ഡി ആര്‍ എസ് എല്‍) ഉള്‍പ്പെടെ സിയാലിന് 100 ശതമാനം ഉടമസ്ഥതയുള്ള ഉപകമ്പനികളുടെ സാമ്പത്തിക പ്രകടനം കണക്കിലെടുക്കുമ്പോള്‍ മൊത്തം 701.13 കോടി രൂപയുടെ വിറ്റുവരവും 170.03 കോടി രൂപ ലാഭവും രേഖപ്പെടുത്തിയിട്ടുണ്ട്. സിയാല്‍ ഡ്യൂട്ടി ഫ്രീ മാത്രം 237.25 കോടി രൂപയുടെ വിറ്റുവരവ് ഈ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം സിയാലിന്റെ നിക്ഷേപകര്‍ക്ക് 25 ശതമാനം ലാഭവിഹിതവും ശിപാര്‍ശ ചെയ്തു. 30 രാജ്യങ്ങളില്‍ നിന്നായി 18,000ല്‍ അധികം നിക്ഷേപകരുള്ള സിയാല്‍ 2003-04 സാമ്പത്തിക വര്‍ഷം മുതല്‍ മുടങ്ങാതെ ലാഭവിഹിതം നല്‍കിവരുന്നുണ്ട്. 32.41 ശതമാനം ഓഹരിയുള്ള സംസ്ഥാന സര്‍ക്കാറിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലാഭവിഹിതമായി 31.01 കോടി രൂപ നല്‍കി. നിലവില്‍ നിക്ഷേപത്തിന്റെ 203 ശതമാനം മൊത്തം ലാഭവിഹിതം ഓഹരിയുടമകള്‍ക്ക് മടക്കിനല്‍കിക്കഴിഞ്ഞു. 2017-18ല്‍ ബോര്‍ഡ് ശിപാര്‍ശ ചെയ്ത 25 ശതമാനം ലാഭവിഹിതം നിക്ഷേപകരുടെ വാര്‍ഷിക യോഗം സാധൂകരിച്ചാല്‍ ഇത് 228 ശതമാനമായി ഉയരും. സെപ്തംബര്‍ മൂന്നിന് എറണാകുളം ഫൈന്‍ ആര്‍ട്്‌സ് ഹാളിലാണ് വാര്‍ഷിക യോഗം.

പൊതുജന പങ്കാളിത്തത്തോടെ രാജ്യത്തെ ആദ്യത്തെ വിമാനത്താവളം പണികഴിപ്പിച്ച സിയാല്‍ ലോകത്തെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമാണ്. നിലവില്‍ 30 മെഗാവാട്ടാണ് സൗരോര്‍ജ സ്ഥാപിതശേഷി. ആഗസ്‌റ്റോടെ ഇത് 40 മെഗാവാട്ടാക്കി ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. രാജ്യത്ത് അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്തും മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ ഏഴാമതുമുള്ള സിയാല്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ചരിത്രത്തിലാദ്യമായി ഒരു കോടിയിലേറെ യാത്രക്കാരെ കൈകാര്യം ചെയ്തിരുന്നു. ആഭ്യന്തര വ്യോമയാന രംഗത്തുണ്ടാകുന്ന വന്‍ പുരോഗതി കണക്കിലെടുത്ത് ആറ് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്ന ആഭ്യന്തര ടെര്‍മിനല്‍ യാത്രക്കാര്‍ക്കായി ഉടനെ തുറന്നുകൊടുക്കും.
യോഗത്തില്‍ സിയാല്‍ ബോര്‍ഡ് അംഗങ്ങള്‍, മന്ത്രിമാരുമായ മാത്യു ടി തോമസ്, വി എസ് സുനില്‍ കുമാര്‍, ഡയറക്ടര്‍മാരായ റോയ് കെ പോള്‍, എ കെ രമണി, എം എ യൂസഫലി, എന്‍ വി ജോര്‍ജ്, ഇ എം ബാബു, സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി ജെ കുര്യന്‍, കമ്പനി സെക്രട്ടറി സജി കെ ജോര്‍ജ് പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here