Connect with us

National

സ്വിസ് ബേങ്കുകളിലെ ഇന്ത്യന്‍ കള്ളപ്പണം കുതിച്ചുയരുന്നു

Published

|

Last Updated

സൂറിച്ച്/ന്യൂഡല്‍ഹി: വിദേശത്ത് സൂക്ഷിച്ച കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ കര്‍ശന നടപടിയെടുക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും സ്വിസ് ബേങ്കുകളില്‍ ഇന്ത്യക്കാര്‍ സൂക്ഷിച്ച പണം കുന്നുകൂടുന്നു. 2017ല്‍ അമ്പത് ശതമാനത്തിലധികം വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് സ്വിസ് ബേങ്കുകളിലെ ഇന്ത്യന്‍ പണം 101 കോടി സ്വിസ് ഫ്രാങ്ക് (ഏഴായിരം കോടി രൂപ) വരും. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 50.2 ശതമാനം വര്‍ധനവാണിത്. ഈ വര്‍ഷവും സ്വിസ് ബേങ്കിലെ സൂക്ഷിപ്പ് ധനം കൂടിക്കൊണ്ടേയിരിക്കുകയാണെന്ന് സ്വിറ്റ്‌സര്‍ലാന്‍ഡ് കേന്ദ്ര ബേങ്കായ സ്വിസ് നാഷനല്‍ ബേങ്ക് (എസ് എന്‍ ബി) ഇന്നലെ പുറത്തുവിട്ട വാര്‍ഷിക കണക്ക് വ്യക്തമാക്കുന്നു. മൂന്ന് വര്‍ഷമായി അല്‍പ്പം കുറഞ്ഞ നിക്ഷേപമാണ് കഴിഞ്ഞ വര്‍ഷം മുതല്‍ കുതിച്ചുചാടിയിരിക്കുന്നത്. 2011ല്‍ പന്ത്രണ്ട് ശതമാനവും 2013ല്‍ 43 ശതമാനവുമായിരുന്നു വര്‍ധന.
എല്ലാ വിദേശ രാജ്യങ്ങളും കൂടി സ്വിസ് ബേങ്കുകളില്‍ സൂക്ഷിച്ചിട്ടുള്ള പണത്തില്‍ മൂന്ന് ശതമാനം മാത്രം വര്‍ധനവ് രേഖപ്പെടുത്തിയപ്പോഴാണ് ഇന്ത്യ 50.2 ശതമാനത്തിലെത്തി നില്‍ക്കുന്നത്.

മൊത്തം രാജ്യങ്ങളുടെ കള്ളപ്പണം 1.46 ലക്ഷം കോടി സ്വിസ് ഫ്രാങ്കാണ് (നൂറ് ലക്ഷം കോടി രൂപ).
2016ല്‍ ഇന്ത്യന്‍ പണം 46 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. അന്ന് 4,500 കോടി രൂപയായിരുന്നു രഹസ്യ നിക്ഷേപം. സ്വിസ് അധികൃതര്‍ കണക്കുകള്‍ പുറത്തുവിടാന്‍ തുടങ്ങിയ 1987 മുതലുള്ള ഏറ്റവും കുറഞ്ഞ തുകയായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാര്‍ നേരിട്ട് സൂക്ഷിച്ച ഫണ്ട് 6,891 കോടിയാണ്. ധന മാനേജര്‍മാര്‍ വഴി നിക്ഷേപിച്ചത് 112 കോടിയും. കസ്റ്റമര്‍ ഡെപ്പോസിറ്റായി സൂക്ഷിച്ച 3,200 കോടിയും മറ്റ് ബേങ്കുകള്‍ വഴിയുള്ള 1,050 കോടിയും സെക്യൂരിറ്റീസ് പോലുള്ളവയിലൂടെയുള്ള 2,640 കോടിയും ഇതിലുള്‍പ്പെടുമെന്ന് സ്വിസ് ബേങ്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ മേഖലകളിലെല്ലാം വന്‍ കുതിച്ചുചാട്ടമാണ് 2017 അവസാനത്തോടെ ഉണ്ടായിരിക്കുന്നത്.
അതേസമയം, സ്വിസ് ബേങ്കുകളില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള പണത്തില്‍ 21 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. 7,700 കോടി രൂപയാണ് പാക് പൗരന്മാരുടെ സ്വിസ് ബേങ്കിലെ സമ്പാദ്യം.

2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് നിരോധനത്തിന്റെ പ്രധാന ലക്ഷ്യമായി പറഞ്ഞിരുന്നത് കള്ളപ്പണം തടയുകയായിരുന്നു. എന്നാല്‍, ആഭ്യന്തര കള്ളപ്പണ നിക്ഷേപം തുച്ഛമാണെന്നും വിദേശത്താണ് കള്ളപ്പണം കുന്നുകൂടിയിരിക്കുന്നതെന്നും അന്നുതന്നെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ശരിവെക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
സൂറിച്ച് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ് എന്‍ ബിയുമായി വിവര കൈമാറ്റത്തിന് ഇന്ത്യ പുതിയ ചട്ടക്കൂട് രൂപപ്പെടുത്തി ഏതാനും മാസം പിന്നിടുമ്പോഴാണ് കള്ളപ്പണ ശേഖരത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. കള്ളപ്പണം നേരിടാന്‍ രാജ്യങ്ങളുമായി വിവരങ്ങള്‍ പങ്കുവെക്കാന്‍ തയ്യാറാണെന്ന നിലപാടിലാണ് സ്വിസ് സര്‍ക്കാര്‍. നിക്ഷേപകരുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള സാമാന്യ വിവരങ്ങളേ ബേങ്കുകള്‍ ലഭ്യമാക്കുന്നുള്ളൂവെന്ന വിമര്‍ശം ശക്തമാണ്.

Latest