പ്രകൃതിയുടെ ശ്വാസകോശം

Posted on: June 29, 2018 9:51 am | Last updated: June 29, 2018 at 9:51 am
SHARE

തീരപ്രദേശങ്ങളിലും അഴിമുഖ ചതുപ്പുകളിലും വളരുന്ന വൃക്ഷങ്ങളും കുറ്റിച്ചെടികളുമാണ് കണ്ടല്‍ കാടുകള്‍. കണ്ടലുകള്‍ മത്സ്യങ്ങള്‍ക്കും ജലജീവികള്‍ക്കും ആവാസ വ്യവസ്ഥയും ആഹാര സമ്പാദനവും സാധ്യമാക്കുന്നു. വികസന സാക്ഷാത്കാരത്തിനായി പ്രകൃതി വിഭവങ്ങള്‍ നശിപ്പിക്കുന്ന നവലോകം കണ്ടല്‍ കാടുകളേയും പിഴുതെടുക്കുകയാണ്. കടല്‍ ക്ഷോഭവും പ്രകൃതിയുടെ പ്രകോപനങ്ങളും കണ്ടല്‍ വനങ്ങളിലൂടെ പ്രതിരോധിക്കാന്‍ സാധിക്കും. വലിയ കടല്‍ തീരങ്ങളും ചതുപ്പു നിലങ്ങളുമുള്ള കേരളത്തില്‍ അനിയന്ത്രിതമായി കണ്ടല്‍ വനങ്ങള്‍ കുറഞ്ഞെന്ന് പഠനങ്ങള്‍ പറയുന്നു. 40 വര്‍ഷം മുമ്പ് വരെ 700 ചതുരശ്ര കിലോമീറ്ററിലധികം പ്രതലങ്ങളില്‍ കണ്ടല്‍ വളര്‍ന്നിരുന്നെങ്കില്‍ ഇന്ന് 17 കി. മീറ്ററില്‍ താഴെ കണ്ടലുകളെ കേരളത്തിലുള്ളൂ. പ്രകൃതിക്ക് സന്തുലനാവസ്ഥ നല്‍കുന്ന ഇവയെ സംരക്ഷിക്കല്‍ പ്രകൃതി ദുരന്ത നിവാരണങ്ങളുടെ അനിവാര്യതയാണ്.
17ാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ രചിച്ച ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തില്‍ മലബാര്‍ തീരങ്ങളില്‍ കണ്ടുവരുന്ന കണ്ടല്‍ സസ്യങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. കേരളത്തിലെ കണ്ടലുകള്‍ പ്രതിപാദിച്ച ആദ്യ ഗ്രത്ഥമായും ഇതിനെ കണക്കാക്കുന്നു. ശേഷം പ്രസിദ്ധീകരിച്ച അനവധി സസ്യശാസ്ത്ര ഗ്രന്ഥങ്ങളില്‍ കേരളത്തിലെ കണ്ടലുകള്‍ പ്രത്യക്ഷപ്പെട്ടു. ആദ്യ കാലങ്ങളില്‍ ചെളിവെള്ളങ്ങള്‍ കെട്ടിക്കിടന്ന് കൊതുകുകള്‍ക്ക് അധിവസിക്കാനുള്ള പാഴ്‌നിലമായി സമൂഹം ഇതിനെ മനസ്സിലാക്കി. എന്നാല്‍ മത്സ്യസമ്പാദനത്തിനും പ്രകൃതിയുടെ തുലന നിലക്കും കണ്ടലുകള്‍ ചെലുത്തുന്ന സ്വാധീനം പ്രകൃതി നിരീക്ഷകരും സസ്യശാസ്ത്രജ്ഞരും വെളിപ്പെടുത്തി. അതിന്റെ ഫലമെന്നോണം ലോകത്താകമാനം ഇവ നട്ടുവളര്‍ത്തി.
കേരളത്തില്‍ 25.2 ശതമാനം വിസ്തൃതിയില്‍ കണ്ടലുകള്‍ വളരുന്നു. കേരള ശാസ്ത്ര-സാഹിത്യ പരിഷത്ത് നടത്തിയ പഠന റിപ്പോര്‍ട്ട് ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. വനം വകുപ്പിന്റെ റിപ്പോര്‍ട്ടനുസരിച്ച് 70 ശതമാനത്തിലേറെ കണ്ടലുകള്‍ സ്വകാര്യ ഉടമസ്ഥതയിലാണ്. അതിനാല്‍ നിയമലംഘനം നടത്തി നിരവധി കണ്ടലുകള്‍ നശിപ്പിക്കപ്പെടുന്നുണ്ട്. ഇന്ത്യയില്‍ ഇവയെ സംരക്ഷിക്കാന്‍ നിയമമുണ്ടെങ്കിലും അവ ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്നതാണ് വസ്തുത.

ലോകത്ത് 124 രാജ്യങ്ങളിലായി രണ്ട് കോടി ഹെക്ടര്‍ (19. 8 ദശലക്ഷം ഹെക്ടര്‍) സ്ഥലത്താണ് കണ്ടലുകള്‍ വളരുന്നത്. സര്‍വഭൂഖണ്ഡങ്ങളിലും കാണപ്പെടുന്ന ഇവകള്‍ ഏറ്റവുമധികമുള്ളത് ഇന്തോനേഷ്യയിലാണ്. ഇന്ത്യയില്‍ 6,740 ച.കിലോമീറ്ററില്‍ സ്ഥിതി ചെയ്യുന്ന ഇവ പശ്ചിമ ബംഗാളിലെ സുന്ദര്‍ ബന്‍സ് ഉള്‍പ്പെടെയുള്ള കിഴക്കന്‍ പ്രദേശങ്ങളിലാണ് കൂടുതലായും കാണുന്നത്. ഭൂമിശാസ്ത്രപരമായി കിഴക്കന്‍ പ്രതലങ്ങള്‍ കണ്ടലുകള്‍ വളരാന്‍ അനുയോജ്യമാണ്. ഇന്ത്യയിലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ഇവ മുന്‍പന്തിയിലാവാന്‍ കാരണവും ഈ ഭൂമിശാസ്ത്ര സവിശേഷതയാണ്.

കേരളത്തില്‍ കണ്ണൂരാണ് ഒന്നാമത്. ഉള്ളതില്‍ 40 ശതമാനത്തിലധികം കണ്ണൂരിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എങ്കിലും സമുദ്ര തീരങ്ങളിലെ കണ്ടലുകള്‍ തിട്ടപ്പെടുത്തുമ്പോള്‍ എറണാകുളത്തെ പുതുവൈപ്പിനാണ് ഒന്നാമത്. അഴിമുഖങ്ങളും തീരപ്രദേശങ്ങളും പച്ചപുതച്ചു സൗന്ദര്യപ്പെടുത്തുന്ന കണ്ടല്‍ വനങ്ങള്‍ കേരളത്തിലെ അധിക ജില്ലകളിലും കാണപ്പെടുന്നു. എന്നാല്‍ വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ഭൂപ്രതലങ്ങള്‍ കണ്ടലുകള്‍ക്ക് അനുയോജ്യമല്ലാത്തതിനാല്‍ അവിടങ്ങളില്‍ ഇവ തീരെ വളരുന്നില്ല എന്നതാണ് വസ്തുത.

വൈവിധ്യങ്ങള്‍ വിളിച്ചോതുന്ന കണ്ടലുകളിലെ 59 ഇനങ്ങളും ഇന്ത്യയില്‍ വളരുന്നുണ്ട്. ലോക തലത്തില്‍ അറിയപ്പെട്ട പലതും ഇതില്‍പെടുന്നു എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയിലെ കണ്ടല്‍ സാന്നിധ്യങ്ങളില്‍ പ്രധാനിയായ കേരളത്തില്‍ 14 ഇനം കണ്ടലുകള്‍ വളരുന്നു. 10 ജില്ലകളിലായി വളരുന്ന ഇവകള്‍ക്ക് അരുചാരി വളരുന്ന സസ്യങ്ങളും കൂടി പരിഗണിക്കുമ്പോള്‍ ഇനങ്ങളുടെ എണ്ണം 30-ഓളം വരും. മരം, കുറ്റിച്ചെടി, വെള്ളിച്ചെടി എന്നീ ഗണത്തില്‍പെട്ട കണ്ടലുകള്‍ ഇതില്‍പെടുന്നു. ശുദ്ധ കണ്ടലുകള്‍ക്കിടയിലോ സമീപത്തോ വളരുന്ന ഇവകളെ കണ്ടല്‍ സഹവര്‍ത്തികളെന്നോ കൂട്ടാളികളെന്നോ വിളിക്കപ്പെടുന്നു. കേരളത്തില്‍ 14 ഇനം ശുദ്ധ കണ്ടലുകളും 54 തരം കണ്ടല്‍ സഹവര്‍ത്തികളും കാണപ്പെടുന്നു.

ഉപ്പു വെള്ളത്തില്‍ വളരുന്ന കണ്ടലുകള്‍ നിത്യഹരിത സ്വഭാവമുള്ളതാണ്. വിഭിന്ന സസ്യങ്ങള്‍ വംശനാശ ഭീഷണി നേരിടുമ്പോള്‍ വേരുറച്ച് നിലകൊള്ളുന്നത് കണ്ടലുകളുടെ സവിശേഷതയാണ്. വിവിധ തരം മത്സ്യങ്ങള്‍ക്കും ജല ജീവികള്‍ക്കും ആവാസ വ്യവസ്ഥ പ്രധാനം ചെയ്യുന്ന ഇവകളെ പ്രകൃതിയുടെ നഴ്‌സറിയെന്നും വിളിക്കുന്നു. ഇന്ന് കാണുന്ന മത്സ്യ വര്‍ഗങ്ങളില്‍ ഒട്ടുമിക്കതും ഞണ്ടുകളും പ്രജനനവും ആഹാര സമ്പാദനവും നടത്തുന്നത് കണ്ടലുകളുടെ ആവാസ വ്യവസ്ഥയിലാണ്. ഇന്ത്യയില്‍ കണ്ടലുകളോടനുബന്ധിച്ച് ഉത്പാദിപ്പിക്കുന്ന ചെമ്മീന്‍ 30,000 ടണ്‍ വരുമെന്ന കണക്ക് തന്നെ മത്സ്യ വളര്‍ച്ചയിലെ കണ്ടല്‍ സ്വാധീനം വരച്ച് കാണിക്കുന്നു. ലോക മത്സ്യ സമ്പത്തിന്റെ മൂന്നിലൊന്ന് ഭാഗവും കണ്ടലുകളിലും അവകളോട് ബന്ധപ്പെട്ട ജലാശയങ്ങളിലുമാണ് വളരുന്നത്. ചുരുക്കത്തില്‍ മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയില്‍ കണ്ടലുകളുടെ സാന്നിധ്യം അതിശക്തമാണ്. ഇവകള്‍ കോറല്‍ പാറകളെ സംരക്ഷിച്ച് മത്സ്യങ്ങള്‍ക്ക് പ്രജനന സൗകര്യവും ഒരുക്കുന്നു.
മത്സ്യ സമ്പത്തിന്റെ ഉടമയായ കണ്ടലുകള്‍ ദേശാടന പക്ഷികള്‍ക്ക് ആവാസ സൗകര്യമൊരുക്കുന്നതിനും സഹായകമാണ്. മലിനീകരണം, കരയിടിച്ചില്‍, ഉപ്പു വെള്ളത്തിന്റെ കയറ്റം തുടങ്ങിയവ തടയാന്‍ കണ്ടലുകള്‍ക്ക് ശേഷിയുണ്ട്. കണ്ടലിന്റെ വേരുകള്‍ മണ്ണിനെയും മറ്റു വസ്തുക്കളെയും പിടിച്ച് നിര്‍ത്തി കരയെ സംരക്ഷിക്കുന്നു. തീരപ്രദേശ കണ്ടലുകള്‍ കരയിലേക്ക് കടക്കുന്ന ഉപ്പിന്റെ അംശം തടയുകയും വെള്ളം അരിച്ച് ശുദ്ധമാക്കുകയും ചെയ്യുന്നു. ഓരു ജലവും ശുദ്ധ ജലവും തമ്മിലുള്ള ബാലന്‍സ് നിലനിര്‍ത്താന്‍ കണ്ടലുകള്‍ക്കുള്ള കഴിവും അതുല്യമാണ്.
ഇവകളുടെ തടി വ്യാവസായിക ആവശ്യത്തിനും മാറാരോഗങ്ങളുടെ പരിഹാരത്തിനും ഉപയോഗിക്കുന്നുണ്ട്. കണ്ടല്‍ പൂക്കളില്‍ നിന്നുള്ള തേന്‍ വ്യവസായവും മെഴുക് നിര്‍മാണവും ഏറെ പ്രാധാന്യമുള്ളതായി വീക്ഷിക്കപ്പെടുന്നു. ഒപ്പം മാറാരോഗങ്ങള്‍ക്കുള്ള പ്രതിവിധിയായി ഔഷധങ്ങള്‍ നിര്‍മിക്കുന്ന ഇവ ആയുര്‍വേദ സസ്യഗണത്തിലും വായിക്കപ്പെടുന്നു. 2005ന് ശേഷം മിക്ക യൂറോപ്യന്‍ രാജ്യങ്ങളും വ്യവസ്ഥാപിത നിയമങ്ങളിലൂടെ കണ്ടലുകള്‍ നട്ടു വളര്‍ത്തുന്നുണ്ട്. ക്യൂബയില്‍ പതിനായിരക്കണക്കിന് ടണ്‍ സ്ഥലങ്ങള്‍ കണ്ടലിനായി ഒഴിച്ചിട്ടിരിക്കുമ്പോള്‍ ജാവയില്‍ ഓരോ തീരദേശവാസിക്കും അഞ്ച് ഹെക്ടര്‍ സ്ഥലം നല്‍കിയാണ് ഭരണകൂടം കണ്ടലുകളെ വളര്‍ത്തിയത്.
മത്സ്യത്തൊഴിലാളികളുടെയും തീരദേശ വാസികളുടെയും നിലനില്‍പ്പിന്റെ പ്രതീകമായി വളരുന്ന കണ്ടലുകള്‍ ഓര്‍മകളിലേക്ക് വെട്ടിമാറ്റപ്പെടുകയാണ്. കണ്ടലുകളുടെ നാശം പ്രകൃതി ക്ഷോഭത്തിന് ആക്കംകൂട്ടുമെന്ന ബോധം വസ്തുതകളിലൂടെ തിരിച്ചറിയാന്‍ നമുക്ക് സാധിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here