Connect with us

Articles

കേരള സമ്പദ്‌വ്യവസ്ഥയെ കരകയറ്റാന്‍

Published

|

Last Updated

പ്രതിസന്ധിയുടെ ലക്ഷണങ്ങള്‍ പ്രകടമാക്കിത്തുടങ്ങിയ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങിനിര്‍ത്താനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുകയാണ് സര്‍ക്കാറും ധനകാര്യ വകുപ്പും. ദീര്‍ഘ വീക്ഷണമില്ലാതെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നോട്ടുനിരോധവും തുടര്‍ന്ന് അര്‍ധരാത്രിയില്‍ പ്രഖ്യാപിച്ച അപൂര്‍ണമായ ചരക്ക് സേവന നികുതി സമ്പ്രദായവും സംസ്ഥാന സമ്പദ് വ്യവസ്ഥയെ പിറകോട്ട് നയിച്ചെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാതിരിക്കാനാവില്ല. സംസ്ഥാനത്തിന്റെ ധന പ്രതിസന്ധിക്ക് കാരണക്കാരായി കേന്ദ്രത്തെ പഴിചാരാന്‍ സംസ്ഥാന ധനമന്ത്രി ഉന്നയിക്കുന്ന വാദങ്ങളിലെ രാഷ്ട്രീയ താത്പര്യങ്ങള്‍ മാറ്റി നിര്‍ത്തി ചര്‍ച്ച ചെയ്താല്‍ പോലും കേന്ദ്രത്തിന്റെ സാമ്പത്തിക പിടിപ്പുകേടുകള്‍ സംസ്ഥാനങ്ങളെ എത്രമേല്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്ന് നിലവിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. പകരം സംവിധാനമേര്‍പ്പെടുത്താതെയും വീണ്ടുവിചാരമില്ലാതെയും കേന്ദ്രം നടപ്പിലാക്കിയ നോട്ടുനിരോധവും പിന്നാലെ വന്ന ജി എസ് ടി നികുതി സമ്പ്രദായവുമാണ് സംസ്ഥാന സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചതെന്ന കാര്യത്തില്‍ സംശയമില്ല.
കരകയറ്റാന്‍
ഫലപ്രദമായ നടപടികള്‍
സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുമായി സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിച്ചുവരികയാണ്. വിവിധ നികുതി കുടിശ്ശികകള്‍ തീര്‍പ്പാക്കുന്നതിന് ആകര്‍ഷകമായ ആംനസ്റ്റി സ്‌കീമുകള്‍ നടപ്പിലാക്കുക(ഇതിന്റെ ഭാഗമായി നടപ്പിലാക്കിയ ഇതര സംസ്ഥാനങ്ങളില്‍ നികുതി വെട്ടിച്ച് രജിസ്റ്റര്‍ ചെയ്ത ആഡംബര വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കലിലൂടെ 17.5 കോടി രൂപ പിരിച്ചെടുത്തിരുന്നു), നികുതി ചോര്‍ച്ച തടയാന്‍ ഇന്റേണല്‍ ഓഡിറ്റ് വിഭാഗം ശക്തമാക്കുക, വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി നികുതി പിരിവ് കാര്യക്ഷമമാക്കുക, ഭൂമി രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് അണ്ടര്‍ വാല്വേഷന്‍ നടപടികള്‍ തീര്‍പ്പാക്കുന്നതിന് ഒറ്റത്തവണ തീര്‍പ്പക്കല്‍ പദ്ധതി നടപ്പിലാക്കുക, റവന്യൂ റിക്കവറി നടപടികള്‍ വേഗത്തിലാക്കുക തുടങ്ങിയ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിന് പുറമെ ഈ വര്‍ഷത്തെ വരവ് ചെലവുകളും മറ്റും വിശദമായ പിശോധന നടത്തി അനിവാര്യമായ സാമ്പത്തിക അച്ചടക്ക നടപടികള്‍ ശക്തമാക്കും. ഒപ്പം വിശദമായ പഠനത്തിന് ശേഷം മാത്രം പുതിയ തസ്തികകള്‍ അനുവദിച്ചാല്‍ മതിയെന്ന തീരുമാനമെടുത്ത ധനവകുപ്പ് തസ്തിക പുനര്‍വിന്യാസം വഴിയും ഇ-ഗവേണന്‍സിന്റെ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തിയും റവന്യൂ ചെലവുകള്‍ നിയന്ത്രിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ബജറ്റ് വിഹിതത്തിന് പുറമെ പദ്ധതികള്‍ക്ക് അധിക തുക അനുവദിക്കുന്ന പ്രവണത കുറച്ചുകൊണ്ടുവരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നിയന്ത്രണത്തിനും നിരീക്ഷണത്തിനുമായി ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ സിസ്റ്റം (ഐ എഫ് എം എസ്) കഴിഞ്ഞ വര്‍ഷം തന്നെ നടപ്പിലാക്കിയിരുന്നു. ഇതിന് പുറമെയാണ് പുതിയ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി വകുപ്പുകള്‍ പണം ചെലവഴിക്കാതെ ട്രഷറി അക്കൗണ്ടുകള്‍ സൂക്ഷിക്കുന്ന പ്രവണത നിയന്ത്രിക്കുന്നതിനും ചെലവു ചുരുക്കല്‍ നിയന്ത്രണം കാര്യക്ഷമമായി പാലിക്കുന്നതിനും വകുപ്പുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം പുതിയ വാഹനങ്ങള്‍ വാങ്ങുന്നത് നിയന്ത്രിച്ച് വാടക വാഹനങ്ങള്‍ ഏര്‍പ്പെടുത്തുക, ഉദ്യോഗസ്ഥരുടെ വിദേശ യാത്രാ ചെലവുകള്‍, ടെലിഫോണ്‍ ചാര്‍ജുകള്‍, ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍ അനുവദിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റവന്യൂ കമ്മി കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായി പ്രതിവര്‍ഷം 20 മുതല്‍ ബേസിസ്് പോയിന്റുകള്‍ വീതം കുറച്ചുകൊണ്ടുവരുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. 2016-17 സാമ്പത്തിക വര്‍ഷത്തെ റവന്യൂ കമ്മി 2.51 ശതമാനമായിരുന്നത് നടപടികള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷം 1.9 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഈ് സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുന്നതോടെ ഇത് 1.6 ശതമാനമായി കുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തിരിച്ചടിയായത് സംസ്ഥാന
വിരുദ്ധമായ കേന്ദ്ര നയങ്ങള്‍
അതേസമയം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്ന് കാണിക്കുന്ന സി എ ജി റിപ്പോര്‍ട്ടില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ജി എസ് ഡി പി കുറഞ്ഞതായും വ്യക്തമാക്കുന്നുണ്ട്. സംസ്ഥാന താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ കേന്ദ്ര സാമ്പത്തിക നയങ്ങളാണ് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ച പ്രധാന കാരണങ്ങളില്‍ മറ്റൊന്ന്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ കരുതല്‍ നടപടികളെ തുടര്‍ന്ന് ജി എസ് ഡി പി നിരക്ക് കഴിഞ്ഞ മൂന്നു വര്‍ഷത്തെ ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമെന്ന് സി എ ജി റിപ്പോര്‍ട്ട് വന്ന 2016-17 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തിനുള്ള ധനകാര്യ കമ്മീഷന്‍ ശിപാര്‍ശ പ്രകാരമുള്ള റവന്യൂ കമ്മി ഗ്രാന്റായി ലഭിച്ച തുകയില്‍ തൊട്ടുമുമ്പുള്ള വര്‍ഷത്തേക്കാള്‍ കുറവ് അനുഭവപ്പെട്ടിരുന്നു. 2015-16 വര്‍ഷം 4,640 കോടി ലഭിച്ചപ്പോള്‍ 2016-17 വര്‍ഷത്തില്‍ ഇത് 3,350 കോടിയും 2017-18 വര്‍ഷത്തില്‍ 1,529 കോടിയുമായി കുറഞ്ഞിരുന്നു. അതേസമയം നടപ്പു സാമ്പത്തിക വര്‍ഷം ഈ ഇനത്തില്‍ ഒരു രൂപപോലും കേന്ദ്രത്തില്‍ നിന്ന് സര്‍ക്കാറിന് ലഭിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇതിനു പുറമെ സംസ്ഥാന നികുതി വരുമാനത്തിന്റെ നട്ടെല്ലായിരുന്ന വില്‍പ്പന നികുതി ജി എസ് ടി വന്നതോടെ ഇതുവഴി സംസ്ഥാനത്തിന് ലഭിക്കുന്ന നികുതി വരുമാനത്തിന് പരിമിതി നിശ്ചയിക്കപ്പെട്ടത് തിരിച്ചടിയായി.
നട്ടെല്ലൊടിച്ച് നോട്ടുനിരോധവും
ജി എസ് ടിയും
നോട്ടുനിരോധം വരുത്തിവെച്ച നഷ്ടങ്ങള്‍ക്ക് പിന്നാലെ ജി എസ് ടി എത്തുമ്പോള്‍ ഒരു ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ കേരളം വന്‍ നികുതി വരുമാനം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ജി എസ് ടി നേരത്തെ വിഭാവന ചെയ്ത രീതിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ ചില താത്പര്യങ്ങള്‍ കൂടി പരിഗണിക്കപ്പെട്ടപ്പോള്‍ പദ്ധതിയുടെ ഉദ്ദേശ്യശുദ്ധി ചോദ്യ ചെയ്യപ്പെടുകയായിരുന്നു. ഇതുവഴി ഏറ്റവും മികച്ച ഒരു പദ്ധതി എങ്ങനെ മോശമായി അവതരിപ്പിക്കാമെന്നാണ് കേന്ദ്ര ധനമന്ത്രി തെളിയിച്ചത്.
ഉത്പാദന സംസ്ഥാനങ്ങളെക്കാള്‍ ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് നേട്ടമാകുന്ന രീതിയിലായിരുന്നു ജി എസ് ടി വിഭാവന ചെയ്തിരുന്നത്. എന്നാല്‍ ഇതു നടപ്പാക്കുന്നതിനിടയിലെ രാഷ്ട്രീയ ഇടപെടലുകളും അധികാരികളുടെ താത്പര്യങ്ങളുമാണ് പദ്ധതി കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാകുന്ന സാഹചര്യമുണ്ടാക്കിയത്. നേരത്തെ കേരളത്തില്‍ നിലവിലുണ്ടായിരുന്ന വാറ്റ് നികുതി സമ്പ്രദായത്തില്‍ ഇതിന്റെ 70 ശതമാനത്തോളം വരുന്ന വരുമാനവും 14.5 ശതമാനം നികുതി നിരക്ക് വരുന്ന കച്ചവട വസ്തുക്കളില്‍ നിന്നായിരുന്നു. എന്നാല്‍ ജി എസ് ടി നടപ്പിലാക്കിയതോടെ റവന്യൂ ന്യൂട്രല്‍ റേറ്റ് 28 ശതമാനമായി നിശ്ചയിച്ചത് സംസ്ഥാനത്തിന് ഗുണകരമാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇത് 18 ശതമാനത്തിലേക്കും പിന്നീട് ഒമ്പത് ശതമാനത്തിലേക്കും കുറഞ്ഞതോടെ നിലവില്‍ ലഭിച്ചിരുന്ന 14.5 ശതമാനത്തിന്റെ വരുമാനം ഒമ്പത് ശതമാനത്തിലെത്തി നില്‍ക്കുകയാണിപ്പോള്‍. ഇതോടൊപ്പം സംസ്ഥാന ചരക്ക് കൈമാറ്റത്തിന് നല്‍കിയ ഐ ജി എസ് ടി, എസ് ജി എസ് ടി അടക്കുന്നതിന് ക്രെഡിറ്റ് ഉപയോഗിക്കുമ്പോള്‍ അത് സംസ്ഥാനത്തിന് ലഭിക്കണമെന്നിരിക്കെ നികുതി റിട്ടേണിന്റെ മുഴുവന്‍ വിശദാംശങ്ങളും ലഭിക്കുന്ന ജി എസ് ടി എന്‍ സോഫ്റ്റ്‌വെയര്‍ ഇതുവരെ പൂര്‍ണമായിട്ടില്ലാത്തതിനാല്‍ ഇതുവഴിയുള്ള വരുമാനവും നികുതി റിട്ടേണിന്റെ വിവരങ്ങളും ലഭിക്കാത്ത അവസ്ഥയാണുള്ളത്. ഇതുമൂലം 2017-18 സാമ്പത്തിക വര്‍ഷത്തെ ജി എസ് ആന്വല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഈ വര്‍ഷം ഡിസംബര്‍ വരെ സമയം നീട്ടി നല്‍കിയിട്ടുണ്ട്. ഇത് സംസ്ഥാനത്തിന്റെ നികുതി പിരിവിനെ സാരമായി ബാധിച്ചിരുന്നു. ഇക്കാര്യം 2016- 17ലെ സി എ ജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 2016-17 സാമ്പത്തിക വര്‍ഷം ഒറ്റയക്കത്തിലേക്ക് സംസ്ഥാനത്തിന്റെ വളര്‍ച്ചാ നിരക്ക് കുറഞ്ഞിരുന്നു. അതേസമയം നേരത്തെ എല്‍ ഡി എഫ് സര്‍ക്കാര്‍ ഭരിച്ചിരുന്ന 2006-11 കാലഘട്ടത്തില്‍ 17.20 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിച്ചിരുന്ന സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനമാണ് ഇപ്പോള്‍ 9.54 ശതമാനത്തിലെത്തി നില്‍ക്കുന്നത്.
2006-11 ല്‍ 68 ശതമാനമായിരുന്ന റവന്യു വരുമാനം 2011-16 ല്‍ 64 ശതമാനമായി ഇടിഞ്ഞിരുന്നു. ഈ കാലഘട്ടത്തിലെ അവസാന മൂന്നുവര്‍ഷമാണ് വരുമാനം കുത്തനെ ഇടിഞ്ഞത്. ഏറ്റവും കുറവ് അനുഭവപ്പെട്ടത് മദ്യ വരുമാനമുള്‍പ്പെടെയുള്ള എക്‌സൈസ് നികുതിയില്‍ നിന്നുള്ള വരുമാനത്തിലാണ്. ഇതോടൊപ്പം കേന്ദ്ര സര്‍ക്കാറില്‍ നിന്നുള്ള വരുമാനത്തിലും ഗണ്യമായ കുറവ് അനുഭവപ്പെട്ടിരുന്നു. 2013-14ല്‍ 37 ശതമാനവും, 2014-15ല്‍ 81 ശതമാനവും 2015-16ല്‍ 19 ശതമാനവും 2016-17ല്‍ അഞ്ച് ശതമാനവും കുറവുവന്നിരുന്നുവെന്ന് സി എ ജിയാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തിന്റെ തനത് നികുതി വര്‍ധിപ്പിക്കാന്‍ ക്രിയാത്മക നടപടികള്‍ സ്വീകരിക്കണമെന്ന് സി എ ജി സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ തനതുനികുതി വരുമാനത്തിന് കനത്ത ആഘാതമേല്‍പ്പിച്ചുകൊണ്ട് നോട്ടുനിരോധനം നടപ്പിലാക്കിയത്. അതോടെ വരുമാനം വര്‍ധിപ്പിക്കാന്‍ സ്വീകരിച്ച നടപടികള്‍ അക്രമാസക്തമായി. ഇതില്‍ നിന്ന് കരകയറാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് ജി എസ് ടി തിരിച്ചടിയായി വന്നത്.
പ്രതീക്ഷ നല്‍കി നികുതി
വരുമാന കണക്കുകള്‍
നിലവില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക നില അത്ര മെച്ചമല്ലെങ്കിലും പ്രതിസന്ധികള്‍ മറികടക്കാന്‍ ധനകാര്യ വകുപ്പും സര്‍ക്കാറും സ്വീകരിച്ച നടപടികള്‍ ഫലം കാണുന്നുവെന്നാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരെയുള്ള നികുതി വരുമാന കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ നികുതി വരുമാന കണക്കുകള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. 2011 മുതല്‍ 2016 വരെ 38,995.15 കോടിയില്‍ ഒതുങ്ങിയിരുന്ന തനത് നികുതി വരുമാനം എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 42,176.38 കോടിയായി ഉയര്‍ന്നിരുന്നു. 2017-2018 വര്‍ഷത്തെ എ ജിയുടെ താത്കാലിക കണക്കുകള്‍ പ്രകാരം ഇത് 46,459.64 കോടിയാണ്. ഇതോടൊപ്പം പ്രതിവര്‍ഷമുള്ള വര്‍ധനയും നാലായിരം കോടി കടന്നിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ നികുതിവരുമാനം ഏറ്റവും കുറഞ്ഞത് 2013-14 വര്‍ഷത്തിലായിരുന്നു. 31995 കോടി വരുമാനം ലഭിച്ച വര്‍ഷം 1,918.41 കോടിരൂപയായിരുന്നു മുന്‍വര്‍ഷത്തേക്കാള്‍ അധികം ലഭിച്ചത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം