മാഫിയ നിയന്ത്രിക്കുന്ന സിനിമാ ലോകം

Posted on: June 29, 2018 9:33 am | Last updated: June 29, 2018 at 9:33 am
SHARE

സിനിമാ നടന്മാരെ ആദരവോടെയും സ്‌നേഹ ഭാവത്തോടെയും കാണുന്നവരാണ് പ്രേക്ഷക ലോകം. പൊതുചടങ്ങുകളിലും സാംസ്‌കാരിക വേദികളിലും സാന്നിധ്യം നല്‍കി സമൂഹവും അവര്‍ക്ക് മാന്യത കല്‍പ്പിക്കുന്നു. ഇവരെയൊക്കെ ഇനിയെങ്കിലും കണ്ണു തുറപ്പിക്കാന്‍ സഹായിക്കേണ്ടതാണ് നടന്‍ ദിലീപിന്റെ കാര്യത്തില്‍ താരസംഘടനയായ ‘അമ്മ’ കഴിഞ്ഞ ദിവസം എടുത്ത തീരുമാനം. നടിയെ അക്രമിച്ച കേസില്‍ പ്രതിയാക്കപ്പെട്ടതിനെ തുടര്‍ന്നു സംഘടനയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട ദിലീപിനെ നിരുപാധികം തിരിച്ചെടുത്തിരിക്കയാണ് സംഘടന. നടിയെ ലൈംഗികമായി പീഡിപ്പിച്ച് അതിന്റെ വീഡിയോ എടുക്കാന്‍ അധോലോക സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയെന്ന ഗുരുതരമായ ആരോപണമാണ് ദിലീപിനെതിരെ ഉന്നയിക്കപ്പെടുന്നത്. കുറ്റപത്രത്തില്‍ കൂട്ടബലാത്സംഗം അടക്കം 17 വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തപ്പെട്ടിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിച്ചു കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയുണ്ടായി. കോടതിയില്‍ കേസ് വിചാരണ ആരംഭിക്കാനിരിക്കുകയുമാണ്. അതിനിടെയാണ് തിരക്കു പിടിച്ചു പ്രതിയെ തിരിച്ചെടുത്തത്.

സംഭവത്തില്‍ പീഡനത്തിനിരയായത് സംഘടനയിലെ തന്നെ ഒരു യുവനടിയാണ്. ആസൂത്രിതവും ക്രൂരവുമായിരുന്നു ക്വട്ടേഷന്‍ സംഘത്തിന്റെ ചെയ്തികള്‍. തങ്ങളുടെ സഹപ്രവര്‍ത്തകയായ സ്ത്രീ ഇവ്വിധം ആക്രമിക്കപ്പെടുമ്പോള്‍ അവരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുകയും നീതിക്ക് വേണ്ടി ശബ്ദിക്കുകയും ചെയ്യേണ്ട താരസംഘടന വേട്ടക്കാരുടെ പക്ഷത്താണ് നിലയുറപ്പിച്ചതെന്ന് വ്യക്തമായിരിക്കുകയാണ് ദിലീപിന് സംഘടനയില്‍ പുനഃപ്രവേശം നല്‍കിയ നടപടിയിലൂടെ. വെള്ളിത്തിരയില്‍ അനീതിക്കും അക്രമത്തിനും സ്ത്രീവിരുദ്ധതക്കുമെതിരെ ഘോരഘോരം ശബ്ദിക്കുന്ന, നീതിയുടെ കാവലാളായി പ്രത്യക്ഷപ്പെടുന്ന താരരാജാക്കന്മാര്‍ നീതിയെയും നിയമത്തെയും അവഹേളിക്കുകയാണ്. ബോളിവുഡ് അധോലോകമാണെന്നത് കുപ്രസിദ്ധമാണ്. അതേ സംസ്‌കാരം മലയാള സിനിമയിലേക്കും വ്യാപിച്ചിരിക്കയാണ്. സംസ്‌കാര സമ്പന്നരെന്നവകാശപ്പെടുന്ന മലയാള സിനിമാ ലോകത്തിന്റെ യഥാര്‍ഥ മുഖവും വ്യത്യസ്തമല്ലെന്ന് ഇനിയെങ്കിലും താരങ്ങളെ തോളിലേറ്റുന്നവര്‍ മനസ്സിലാക്കേണ്ടതാണ്.

എല്ലാ ദുഷിപ്പുകളുടെയും വേണ്ടാത്തരങ്ങളുടെയും വിളനിലമാണ് സിനിമാ ലോകം. സിനിമ ഇന്ന് കലയല്ല, വന്‍ ബിസിനസും വ്യവസായവുമാണ്. കലാകാരന്മാരല്ല, വന്‍ ബിസിനസ്സുകാരാണ് നടന്മാര്‍. ഗുണ്ടായിസം, കവര്‍ച്ച, കൊലപാതകം, പെണ്‍വാണിഭം, നീലച്ചിത്ര നിര്‍മാണം, ലഹരിമരുന്ന് വിതരണം, കള്ളക്കടത്ത്, മനുഷ്യക്കടത്ത്, ഹവാല, തട്ടിക്കൊണ്ട് പോകലും ബ്ലാക്‌മെയിലിംഗും, സ്ത്രീപീഡനം, ചതി, വഞ്ചന, കള്ളപ്പണം, ഭൂമാഫിയ എല്ലാം അടങ്ങുന്നതാണ് അവരുടെ ലോകം. നടി അക്രമിക്കപ്പെട്ടത് സിനിമാ മേഖലയിലെ ഗുണ്ടായിസത്തിന്റെ ഒരു ചെറിയ മുഖം മാത്രമാണ്. കള്ളനോട്ടുകേസിലെ പ്രതിയും ബ്ലാക്ക്‌മെയ്‌ലിംഗ് കേസിലെ പ്രതികളുമൊക്കെ താരങ്ങള്‍ക്കിടയിലുമുണ്ട്. അധോലോക ബന്ധങ്ങളുള്ളവരാണ് താരങ്ങള്‍ മുതല്‍ സിനിമാ മേഖലയിലെ യൂനിറ്റ് ഡ്രൈവര്‍മാര്‍ വരെ. രണ്ട് വര്‍ഷം മുമ്പ് മയക്കുമരുന്നു കേസില്‍ അറസ്റ്റിലായത് ഒരു ന്യൂജെന്‍ നടനാണ്. കൊച്ചിയിലെ മയക്കുമരുന്ന് റാക്കറ്റിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു.
നടിമാരെ ഉപയോഗിച്ചുള്ള പെണ്‍വാണിഭ കേന്ദ്രമായി മാറിയിരിക്കുന്നു ഇപ്പോള്‍ ബോളിവുഡും മോളിവുഡുമെല്ലാം. സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നതും ചൂഷണം ചെയ്യപ്പെടുന്നതും സിനിമാ ലോകത്ത് നടാടെയല്ല. ഇത്തരം സംഭവങ്ങള്‍ പല തരം സമ്മര്‍ദങ്ങളാല്‍ ആരും പുറത്തു പറയാറില്ലെന്നു മാത്രം. മാഫിയകള്‍ നിയന്ത്രിക്കുന്ന സിനിമാ ലോകത്തെ കൊള്ളരുതായ്മകളെക്കുറിച്ചു പ്രതികരിക്കാന്‍ അവര്‍ക്ക് ഭയമാണ്. പറയാന്‍ ശ്രമിച്ചാല്‍ പെട്ടെന്ന് നിശ്ശബ്ദരാക്കപ്പെടുകയും ചെയ്യും. കൊച്ചിയില്‍ ഇതിനിടെ നടന്ന സിനിമക്കാരുടെ കൂട്ടായ്മയില്‍ വിമതശബ്ദം നേരിടാന്‍ 22 ഗുണ്ടകളെയാണു ബൗണ്‍സേഴ്‌സ് എന്ന പേരില്‍ ഹോട്ടലിന്റെ പുറത്തു നിര്‍ത്തിയിരുന്നതെന്നാണ് വാര്‍ത്ത. താരസംഘടന തിലകന് വിലക്കേര്‍പ്പെടുത്തിയതും പൃഥിരാജിനെ ഒറ്റപ്പെടുത്തുന്നതുമെല്ലാം ചില അപ്രിയ സത്യങ്ങള്‍ വെട്ടിത്തുറന്നു പറഞ്ഞതിന്റെ പേരിലായിരുന്നല്ലോ.
കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട സംഭവത്തോടെയാണ് നടിമാരില്‍ പലരും ഭീഷണികള്‍ അവഗണിച്ചു വായ തുറക്കാന്‍ തുടങ്ങിയത്. ബോളിവുഡ് നടി റായ് ലക്ഷ്മി, വരലക്ഷ്മി ശരത്കുമാര്‍, മലയാളത്തിലെ യുവനടി പാര്‍വതി തുടങ്ങിയവര്‍ സിനിമയിലെ ലൈംഗിക ചൂഷണത്തെക്കുറിച്ചു തുറന്നുപറയുകയുണ്ടായി. കൊട്ടിഘോഷിച്ചു കൊണ്ടുവന്ന ഗുണ്ടാ നിയമവും ഗുണ്ടാ വിരുദ്ധ സ്‌ക്വാഡുമൊക്കെ സിനിമാ മേഖലയില്‍പ്രയോഗിക്കാന്‍ അധികൃതര്‍ വിമുഖത കാണിക്കുന്നതാണ് അവിടെ മാഫിയാ പ്രവര്‍ത്തനം അനുദിനം ശക്തിപ്പെടാന്‍ ഇടയാക്കുന്നത്. ഈ മേഖലയിലെ താരാധിപത്യവും മാഫിയാ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാന്‍ കര്‍ക്കശ നടപടിയുണ്ടാകണം. ഭീഷണിപ്പെടുത്തിയും അടിച്ചൊതുക്കിയും സിനിമാ ലോകം കൈയടക്കി വെച്ച സൂപ്പര്‍ താരങ്ങളുടെ സ്വേച്ഛാധിപത്യ നിലപാടുകള്‍ക്കെതിരെ ശബ്ദിക്കാനും പ്രതിരോധം സൃഷ്ടിക്കാനും ആര്‍ജവമുള്ള ഒരു നിര ഉയര്‍ന്നു വരേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here