Connect with us

International

അമേരിക്കയില്‍ പത്രം ഓഫീസില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

വാഷിങ്ടണ്‍: അമേരിക്കയിലെ മേരിലാന്റില്‍ പത്രം ഓഫിസിലുണ്ടായ വെടിവെപ്പില്‍ മാധ്യമപ്രവര്‍ത്തകരടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടു. മേരിലാന്റ് തലസ്ഥാനമായ അന്നപോലീസിലെ 888 ബെസ്റ്റ്‌ഗേറ്റ് റോഡിലുള്ള “ദ കാപിറ്റല്‍ ഗസറ്റ്” പത്രത്തിന്റെ ഓഫിലെത്തിയാണ് അക്രമി വെടിയുതിര്‍ത്തത്. വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചക്ക് രണ്ടരയോടെ പത്രത്തിന്റെ ന്യൂസ് റൂമില്‍ കയറിയ അക്രമി ചുറ്റുപാടും വെടിയുതിര്‍ക്കുകയായിരുന്നു. പത്രത്തിലെ കോളമിസ്റ്റും അസിസ്റ്റന്റ് ന്യൂസ് എഡിറ്ററുമായ റോബ് ഹൈസന്‍, എഡിറ്റോറിയല്‍ പേജ് എഡിറ്റര്‍ ജെറാള്‍ഡ് ഫിഷ്മാന്‍, സ്‌പെഷ്യല്‍ പബ്ലിക്കേഷന്‍സ് എഡിറ്റര്‍ വെന്‍ഡി വിന്‍ന്റേഴ്‌സ്, സെയില്‍ അസിസ്റ്റന്റ് റെബേക്ക സ്മിത്ത്, സ്റ്റാഫ് റൈറ്റര്‍ ജോണ്‍ മെക്‌നമാര എന്നിവരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

ന്യൂസ് റൂമിന്റെ ഗ്ലാസ് വാതില്‍ തകര്‍ത്ത ശേഷമാണ് അക്രമി വെടിയുതിര്‍ത്തത്. ഈ സമയത്ത് 30തോളം മാധ്യമപ്രവര്‍ത്തകര്‍ മുറിക്കുള്ളില്‍ ഉണ്ടായിരുന്നു. വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരുേേക്കറ്റിട്ടുണ്ട്. ഒന്നാം റൗണ്ട് വെടിവെപ്പിന് ശേഷം അക്രമി തോക്ക് നിറക്കുന്നതിനിടെ നിരവധി പേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് അക്രമി മേരിലാന്റ് ലോറല്‍ സ്വദേശിയായ 38കാരന്‍ ജറോഡ് ഡബ്ല്യൂ. റമോസിനെ പിടികൂടിയിട്ടുണ്ട്. വെടിവെക്കാന്‍ ഉപയോഗിച്ച തോക്ക് കണ്ടെടുത്തിട്ടുണ്ട്.

വെടിവെപ്പിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. ഇമിഗ്രേഷന്‍ നയങ്ങള്‍ക്കെതിരെ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടക്കുന്നതിനിടെയാണ് പത്രം ഓഫീസില്‍ വെടിവെപ്പ് നടന്നത്. സംഭവത്തെ തുടര്‍ന്ന് “ദ കാപിറ്റല്‍ ഗസറ്റ്” പത്രത്തിന്റെയും അമേരിക്കയിലെ വന്‍കിട മാധ്യമ സ്ഥാപനങ്ങളിലെയും സുരക്ഷ വര്‍ധിപ്പിച്ചു.