മുംബൈയില്‍ ജനവാസ മേഖലയില്‍ വിമാനം തകര്‍ന്നുവീണു; യാത്രക്കാരടക്കം അഞ്ച് പേര്‍ മരിച്ചു

Posted on: June 28, 2018 2:52 pm | Last updated: June 29, 2018 at 10:18 am
SHARE

മുംബൈ: മുംബൈയില്‍ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നു വീണ് അഞ്ചുപേര്‍ മരിച്ചു. ജനസാന്ദ്രതയേറിയ മേഖലയിലാണ് അപകടം നടന്നത്. വിമാനത്തിന്റെ രണ്ട് പൈലറ്റ്മാര്‍,രണ്ട്‌ എയര്‍ക്രാഫ്റ്റ് എന്‍ജിനീയര്‍മാര്‍ ഒരു കാല്‍നടയാത്രക്കാരന്‍ എന്നിവരുമാണ് മരിച്ചത്. ഘട്‌കോപറിെല സര്‍വോദയ് നഗറില്‍ നിര്‍മാണ പ്രവര്‍ത്തി നടക്കുന്ന കെട്ടിടത്തിന് സമീപത്തെ തുറസായ സ്ഥലത്താണ് ഉച്ചക്ക് ഒന്നരയോടെ വിമാനം തകര്‍ന്നു വീണത്.

ജുഹുവില്‍ ഇറങ്ങാനിരുന്ന വിടിയുപിഇസഡ്? കിംഗ്്എയര്‍ സി90 എന്ന വിമാനമാണ് അപകടത്തില്‍ പെട്ടത് . മുംബൈ യു വൈ ഏവിയേഷന്റെ ഉടമസ്ഥതയിലുള്ളതാണ് വിമാനം. ഉത്തര്‍ പ്രദേശ് സര്‍ക്കാറിന്റേതാണ് വിമാനമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വിമാനം നേരത്തെയും അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് പാന്‍പരാഗ് കമ്പനി ഉടമകളായ കോത്താരി സഹോദരന്‍മാര്‍ക്ക് 2014ല്‍ വിറ്റതാണെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി അവ്‌നിഷ് അവസ്തി അറിയിച്ചു.