ക്രൂരമായി ബലാത്സംഘം ചെയ്ത് കഴുത്തറുത്ത് ഉപേക്ഷിച്ചു; ഒമ്പത് വയസുകാരി ജീവനായി മല്ലടിക്കുന്നു

Posted on: June 28, 2018 2:05 pm | Last updated: June 29, 2018 at 10:19 am

ഇന്‍ഡോര്‍: നിര്‍ഭയ കേസിനെ അനുസ്മരിപ്പിക്കുംവിധം ക്രൂരമായ മറ്റൊരു ബലാത്സംഗത്തിന്റേയും കൊലപാതക ശ്രമത്തിന്റേയും വാര്‍ത്തയാണ് ഇപ്പോള്‍ മധ്യപ്രദേശിലെ മാന്ദസോര്‍ ജില്ലയില്‍നിന്നും പുറത്തുവന്നിരിക്കുന്നത്. ഒമ്പത് വയസുകാരിയെ ക്രൂരമായ ബലാത്സംഗത്തിന് വിധേയമാക്കിയ ശേഷം കഴുത്തറുത്ത് ഉപേക്ഷിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടി ആശുപത്രിയില്‍ ജീവന് വേണ്ടി പോരടിക്കുകയാണ്.

ചോരയൊലിപ്പിച്ച് കിടന്ന കുട്ടിയെ നോക്കിക്കൊണ്ട് പ്രതി കുടിച്ചുവെന്ന് കരുതുന്ന ബിയറിന്റെ ഒഴിഞ്ഞ കുപ്പി പോലീസ് കണ്ടെടുത്തിട്ടുണ്ട്. കുട്ടിയുടെ സ്‌കൂള്‍ ബാഗ്, ചോറ്റ് പാത്രം, വെള്ളക്കുപ്പി എന്നിവയും ക്യഷിയിടത്തില്‍നിന്നും കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ചുമട്ടുതൊഴിലാളിയായ ഇര്‍ഫാന്‍ എന്ന ബെയ്യുവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയുടെ രക്തം പുരണ്ട യൂനിഫോം ഇര്‍ഫാനില്‍നിന്നും കണ്ടെടുത്തു. കുട്ടിയുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ടെന്നും ആന്തരികാവയങ്ങള്‍ക്ക് ഗുരുതരായി പരുക്കേറ്റിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കുട്ടിയുടെ ശരീരമാസകലം പരുക്കേറ്റിട്ടുണ്ടെന്നും ഭീകരമായ ലൈംഗിക പീഡനത്തിനാണ് പെണ്‍കുട്ടി വിധേയമായതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

സ്‌കൂള്‍ വിട്ടുവരുന്ന കുട്ടിയെ ബന്ധുവിന് സുഖമില്ലെന്ന് പറഞ്ഞ് ഇര്‍ഫാന്‍ ഒഴിഞ്ഞ ക്യഷിയിടത്തിലെത്തിച്ചാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതക്കിടയാക്കിയത്. ഇയാള്‍ കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു. മുത്തച്ഛന്‍ കൂട്ടിയെ കൂട്ടിക്കൊണ്ടുവരാന്‍ സ്‌കൂളിലെത്തുന്നതിന് 15 മിനുട്ട് മുന്‍പാണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയത്.