കെവിന്‍ വധത്തിന് ഒരുമാസം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തതതേടി അന്വേഷണ സംഘം

Posted on: June 28, 2018 9:43 am | Last updated: June 28, 2018 at 2:55 pm
SHARE

കോട്ടയം: ദുരഭിമാനകൊലക്ക് ഇരയായ കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിന്‍ ജോസഫിന്റെ കൊലപാതകം പുറംലോകമറിഞ്ഞിട്ട് ഇന്നേ്ക്ക് ഒരു മാസം. പോലീസ് അന്വേഷണം തൃപ്തികരമാണെന്ന് വ്യക്തമാക്കുമ്പോഴും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ അവ്യക്തത ആശങ്കപ്പെടുത്തുന്നുവെന്നും പറയുന്നു കെവിന്റെ കുടുംബം. കഴിഞ്ഞ മാസം 27നാണ് കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിനെ മാന്നാത്ത് നിന്നും ഷാനുവും സംഘവും തട്ടിക്കൊണ്ട് പോകുന്നത്.

ഷാനുവിന്റെ സഹോദരി നീനുവിനെ കെവിന്‍ രജിസ്റ്റര്‍ വിവാഹം ചെയ്തതിന് തൊട്ടടുത്ത ദിവസമാണ് കെവിനെ തട്ടിക്കൊണ്ട് പോകുന്നത്. 28 ന് പുലര്‍ച്ചെ തെന്മലയില്‍ നിന്നാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. കെവിനൊപ്പം തട്ടിക്കൊണ്ടുപോയ അനീഷിനെ സംഘം അന്നുതന്നെ വിട്ടയച്ചു. അനീഷ് ഏറ്റുമാനൂര്‍ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടി വൈകിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. ഒരു മാസം പിന്നിടുമ്പോള്‍ കേസിലുള്‍പ്പെട്ട 14 പേരും അറസ്റ്റിലായി. തെന്മലയില്‍ വെച്ച് സംഘത്തില്‍ നിന്ന് രക്ഷപ്പെട്ട കെവിനെ പുഴയിലേക്ക് വീഴ്ത്തി കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തത തേടി ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കയച്ച കത്തിന് മറുപടി കാത്തിരിക്കുകയാണ് അന്വേഷണസംഘം. കേസില്‍ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം തുടരുകയാണ്‌