യു ജി സി പിരിച്ചുവിടും

Posted on: June 28, 2018 9:09 am | Last updated: June 28, 2018 at 10:17 am
SHARE

ന്യൂഡല്‍ഹി:ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വന്‍ അഴിച്ചുപണിക്ക് കളമൊരുക്കി കേന്ദ്ര സര്‍ക്കാര്‍. സര്‍വകലാശാലാ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി സ്ഥാപിച്ച യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യു ജി സി) പിരിച്ചുവിട്ട് ഹയര്‍ എജ്യുക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (എച്ച് ഇ സി ഐ) രൂപവത്കരിക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ ശ്രമം. യു ജി സിയെ അട്ടിമറിച്ച് ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ രൂപവത്കരിക്കാനുള്ള കരട് നിയമം കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കി. ഉന്നത വിദ്യാഭ്യാസരംഗത്തെ നിലവാരം ഉയര്‍ത്തുക ലക്ഷ്യമിട്ടാണ് കമ്മീഷനെന്ന് കരട് റിപ്പോര്‍ട്ട് പുറത്തിറക്കി കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു.
1951ലെ യു ജി സി നിയമം റദ്ദാക്കി ഹയര്‍ എജ്യുക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ നിയമം- 2018 ബില്‍ പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. കരട് നിയമത്തിന്മേല്‍ ജൂലൈ ഏഴിന് അഞ്ച് വരെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാമെന്ന് പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സ്വയംഭരണാധികാരങ്ങള്‍ നല്‍കുന്നവയാണ് കരട് നിയമം. കരട് നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് എച്ച് ഇ സി ഐ അക്കാദമിക കാര്യങ്ങളില്‍ മാത്രമേ നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും നടത്തൂ. ഗ്രാന്റുകളും മറ്റും നിശ്ചയിക്കുന്നത് മാനവ വിഭവശേഷി മന്ത്രാലയം നേരിട്ടായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റ് വിതരണം ഇതോടെ കേന്ദ്ര സര്‍ക്കാറിന്റെ കൈവശമാകും.
നിലവിലെ യു ജി സിക്ക് ഗ്രാന്റുകളുടെയും മറ്റും ചുമതലയുള്ളതു കൊണ്ട് വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം വിലയിരുത്താന്‍ കഴിയുന്നില്ലെന്നും സ്ഥാപനങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നുമാണ് വിശദീകരണം. അധ്യായന രംഗത്തെ ഗുണനിലവാരം ഉയര്‍ത്താന്‍ കഴിഞ്ഞില്ലെന്നും യു ജി സിയെ കുറ്റപ്പെടുത്തുന്നു. ഉന്നത വിദ്യാഭ്യാസ കമ്മീഷനില്‍ ആള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ (എ ഐ സി ടി ഇ), നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്‍ (എന്‍ സി ടി ഇ) ഉള്‍പ്പെടില്ല. നേരത്തേ എ ഐ സി ടി ഇ, എന്‍ സി ടി ഇ, യു ജി സി എന്നിവയെ ഏകോപിപ്പിച്ച് ഒറ്റ സമിതിയുടെ നിയന്ത്രണത്തിലാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നു.

ചെയര്‍പേഴ്‌സന്‍, വൈസ് ചെയര്‍മാന്‍ എന്നിവര്‍ക്ക് പുറമെ വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധര്‍ ഉള്‍പ്പടെ പതിനൊന്ന് പേര്‍ എച്ച് ഇ സി ഐയില്‍ അംഗങ്ങളായുണ്ടാകും. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, എ ഐ സി ടി ഇ, എന്‍ സി ടി ഇ ചെയര്‍പേഴ്‌സണര്‍മാര്‍, രണ്ട് വൈസ് ചാന്‍സിലര്‍മാര്‍ എന്നിവര്‍ ഇതില്‍ അംഗങ്ങളായിരിക്കും.
വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് പൂര്‍ണ അധികാരം കമ്മീഷന് നല്‍കുന്നതാണ് പുതിയ ബില്ലെന്നാണ് കരടില്‍ വിശദീകരിക്കുന്നത്. വ്യാജ സ്ഥാപനങ്ങളും മോശം നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടാന്‍ കമ്മീഷന് അധികാരമുണ്ടായിരിക്കും. നിലവില്‍ വ്യാജ സ്ഥാപനങ്ങളുടെ പട്ടിക യു ജി സി തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും നടപടിയൊന്നും എടുക്കാന്‍ കഴിയുമായിരുന്നില്ല. വ്യാജ സ്ഥാപനങ്ങളോ നിലവാരമില്ലാത്ത സ്ഥാപനങ്ങളോ കണ്ടെത്തി കമ്മീഷന്‍ ചുമത്തുന്ന പിഴ ഒടുക്കിയില്ലെങ്കില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ചുള്ള നിയമ നടപടികള്‍ക്ക് സ്ഥാപനങ്ങളുടെ മേധാവികള്‍ വിധേയരാകേണ്ടിവരും. തടവ് ശിക്ഷ വരെ ലഭിച്ചേക്കാമെന്നും കരട് നിയമത്തില്‍ വ്യക്തമാക്കുന്നു.