രണ്ടടിയില്‍ സെര്‍ബിയ വീണു; ബ്രസീല്‍- മെക്‌സിക്കോ പ്രീക്വാര്‍ട്ടര്‍

Posted on: June 28, 2018 1:31 am | Last updated: June 28, 2018 at 9:58 am
SHARE

മോസ്‌കോ: ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ബ്രസീല്‍-മെക്‌സിക്കോ ; സ്വിറ്റ്‌സര്‍ലാന്‍ഡ് – സ്വീഡന്‍ പോരാട്ടങ്ങള്‍ കാണാം. ഗ്രൂപ്പ് ഇയിലെ അവസാന മത്സരത്തില്‍ ബ്രസീല്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സെര്‍ബിയയെ തോല്‍പ്പിച്ചു. ഇതോടെ, ഏഴ് പോയിന്റുമായി ബ്രസീല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി. സ്വിറ്റ്‌സര്‍ലന്‍ഡ് രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി. കോസ്റ്റാറിക്കയുമായി അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയിച്ചു.

സെര്‍ബിയക്കെതിരെ ആദ്യ പകുതിയില്‍ തന്നെ ബ്രസീല്‍ മുന്നിലെത്തി. പൗളീഞ്ഞോയാണ് മുപ്പത്താറാം മിനുട്ടില്‍ ലക്ഷ്യം കണ്ടത്. ഹാഫില്‍ നിന്ന് ലഭിച്ച ത്രൂ പാസ് പ്രതിരോധ വലയത്തെ ഭേദിച്ച് വരുതിയിലാക്കും മുമ്പ് പൗളീഞ്ഞോ ഗോളിയുടെ തലക്ക് മുകളിലൂടെ തോണ്ടിയിട്ട് വലയിലെത്തിച്ചു. രണ്ടാം ഗോള്‍ നെയ്മറെടുത്ത കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു. ഡിഫന്‍ഡര്‍ തിയഗോ സില്‍വയുടെ ക്ലീന്‍ ഹെഡര്‍ ഗോള്‍.

നെയ്മര്‍ തിളങ്ങിയ മത്സരമായിരുന്നു ഇത്. ഗോളടിച്ചില്ലെങ്കിലും തന്ത്രപരമായ പാസിംഗുകളിലൂടെ നെയ്മര്‍ എതിരാളികളുടെ ഉറക്കം കെടുത്തി.
രണ്ടാം പകുതിയില്‍ സെര്‍ബിയ മത്സരം പിടിച്ചെടുത്തു. തുടരെ ബ്രസീല്‍ ഗോള്‍മുഖം വിറപ്പിച്ചു. ഭാഗ്യം കൊണ്ട് മാത്രമാണ് ബ്രസീല്‍ ഗോള്‍ വഴങ്ങാതിരുന്നത്.
കളിയുടെ ഒഴുക്കിനെതിരെയായിരുന്നു സില്‍വയുടെ ഹെഡര്‍ ഗോള്‍. ഇതോടെ നിരാശരായ സെര്‍ബിയ അറ്റാക്കിംഗ് ഗെയിം മറന്നു. ബ്രസീല്‍ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തു.