Connect with us

Editorial

ഇന്ത്യയില്‍ സ്ത്രീയുടെ ജീവിതം

Published

|

Last Updated

ഇന്ത്യയില്‍ സ്ത്രീകളുടെ അരക്ഷിതാവസ്ഥ വ്യക്തമാക്കുന്ന ഒരു പഠന റിപ്പോര്‍ട്ട് കൂടി പുറത്തുവന്നിരിക്കുന്നു. ഐക്യരാഷ്ട്ര സംഘടനയിലെ അംഗങ്ങളായ 193 രാഷ്ട്രങ്ങള്‍ക്കിടയില്‍ സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന അഞ്ച് രാഷ്ട്രങ്ങളെ കണ്ടെത്താനായി നടത്തിയ സര്‍വേയില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. സ്ത്രീസംബന്ധമായ വിഷയങ്ങളില്‍ പ്രഗത്ഭരായ 550 പേര്‍ക്കിടയില്‍ തോമസ് റോയിട്ടേഴ്‌സ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വേയില്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും ആപല്‍ക്കരമായ രാജ്യമെന്നാണ് ഇന്ത്യയെ വിലയിരുത്തിയത്. അഫ്ഗാനിസ്ഥാനും സിറിയയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഐക്യരാഷട്രസഭയും മനുഷ്യാവകാശ സംഘമായ വാക്ക് ഫ്രീ ഫൗണ്ടേഷനുമാണ് സര്‍വേ റിപ്പോര്‍ട്ട് വെളിപ്പെടുത്തിയത്. 2011ല്‍ നടത്തിയ സര്‍വേയുടെ തുടര്‍ച്ചയാണിത്. അഫ്ഗാനിസ്ഥാന്‍, കോംഗോ, പാക്കിസ്ഥാന്‍, ഇന്ത്യ, സൊമാലിയ എന്നീ രാജ്യങ്ങളായിരുന്നു അന്ന് ആപല്‍ക്കരമായ രാജ്യങ്ങളുടെ പട്ടികയില്‍ മുന്നിട്ടുനിന്നിരുന്നത്.

ഈ പഠന റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്നതാണ് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെക്കുറിച്ചു മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. വിദ്യാലയങ്ങളില്‍, തൊഴിലിടങ്ങളില്‍, വാഹനങ്ങളില്‍, വൈദിക മഠങ്ങളില്‍, സ്വന്തം വീടുകളിലും പോലീസ് സ്റ്റേഷനുകളില്‍ പോലും സ്ത്രീകളും കുട്ടികളും ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്ന നിരവധി സംഭവങ്ങളാണ് ദിനംപ്രതി മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. 2006ല്‍ മാത്രം 40,000ത്തോളം ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ശരാശരി ഓരോ മണിക്കൂറിലും നാല് മാനഭംഗ കേസുകള്‍. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളുടെ കാര്യത്തില്‍ 2007നും 2016നും ഇടയില്‍ 83 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായി സര്‍ക്കാര്‍ രേഖകള്‍ തന്നെ കാണിക്കുന്നു. 2006ല്‍ രാജ്യത്തെ തൊഴിലിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലൈംഗികാതിക്രമങ്ങള്‍ 539 ആണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ചു 170 ശതമാനം കൂടുതലാണിത്. ഈ കണക്കുകളെല്ലാം അപൂര്‍ണമാണ്. ഇന്ത്യന്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളുടെ യഥാര്‍ഥ കണക്കുകള്‍ ഇതിനേക്കാളെല്ലാം വളരെ ഉയര്‍ന്നതാണെന്നാണ് വിദഗ്ധപക്ഷം. 2006ല്‍ നാഷനല്‍ ബാര്‍ അസോസിയേഷന്‍ നടത്തിയ പഠനത്തിലെ കണ്ടെത്തല്‍ 70 ശതമാനം ലൈംഗികാതിക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്നാണ്.
സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇന്ത്യയില്‍ ക്രിയാത്മകമായ നടപടികളുണ്ടാകാത്തതാണ് രാജ്യത്ത് സ്ത്രീപീഡനങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങളും മൗലികാവകാശങ്ങളും പിച്ചിച്ചീന്തിയെറിയപ്പെടുന്ന സാമൂഹിക സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്. ബേങ്കില്‍ നിന്ന്‌വായ്പ ലഭിക്കണമെങ്കില്‍ സ്ത്രീകള്‍ ബേങ്ക് ഉദ്യോഗസ്ഥനൊപ്പം കിടപ്പറ പങ്കിടേണ്ട, ജോലി ലഭിക്കാന്‍ സ്ത്രീകള്‍ സ്ഥാപന മേധാവികളുടെ ലൈംഗിക ഇംഗിതത്തിന് വഴിപ്പെടേണ്ട സാഹചര്യം. ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നോ വകുപ്പ് മേധാവികളില്‍ നിന്നോ മോശം അനുഭവം ഉണ്ടായിട്ടുള്ളവരാണ് ജോലിക്ക് പോകുന്ന സ്ത്രീകളില്‍ മിക്കവരും. ശല്യം സഹിക്കവയ്യാതെ ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായവരുമുണ്ട്. കശ്മീരിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും സ്ത്രീകളെ പിച്ചിച്ചീന്താന്‍ ഭരണ കൂടം സൈനികര്‍ക്ക് അധികാരം നല്‍കിയിരിക്കയാണെന്ന് തോന്നും വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍. അസമിലും മണിപ്പൂരിലും സുരക്ഷാസേനയില്‍നിന്ന് സ്ത്രീകള്‍ ഏല്‍ക്കേണ്ടിവന്ന പീഡനം അതിരുവിട്ടപ്പോഴായിരുന്നു ഇറോം ശര്‍മിള നിരാഹാര സമരം ആരംഭിച്ചത്. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യ തലകുനിക്കാനിടയാക്കിയതാണ് കശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരിയെ പിച്ചിചീന്തിയ സംഭവം. സ്ത്രീ അക്രമിക്കപ്പെടുന്നത് കണ്ടാല്‍ തടയാന്‍ ശ്രമിക്കുന്നതിന് പകരം കണ്ടാസ്വദിക്കുന്ന മാനസികാവസ്ഥയാണ് പലരുടേതും. അസമിലെ ഗുവാഹത്തിയില്‍ നടുറോഡില്‍ ഇരുപതോളം പേര്‍ ഒരു പെണ്‍കുട്ടിയുടെ വസ്ത്രം വലിച്ചുകീറി അപമാനിച്ചപ്പോള്‍ പോലീസുകാര്‍ കാഴ്ചക്കാരായി മാറിനില്‍ക്കുകയായിരുന്നു. സുരക്ഷക്കായി ബോഡിഗാര്‍ഡിനെ വെച്ചാല്‍ പോലും സ്ത്രീകള്‍ക്ക് രക്ഷയില്ലെന്ന് പ്രമുഖ ബോളിവുഡ് നടി സുസ്മിത തുറന്നു പറഞ്ഞത് അടുത്തിടെയാണ്. “ആളുകള്‍ക്കെല്ലാം ഒരു ധാരണ ഉണ്ട്. ബോഡിഗാര്‍ഡും മറ്റു സുരക്ഷയുമൊക്കെ ഉള്ളതിനാല്‍ ഞങ്ങളെ തൊടാന്‍ മടിക്കുമെന്ന്. എന്നാല്‍ ഞാന്‍ പറയട്ടെ; പത്ത് ബോഡിഗാര്‍ഡുകള്‍ കൂടെ ഉണ്ടെങ്കിലും ഒരു സ്ത്രീ എന്ന നിലക്ക് പൊതുസമൂഹത്തില്‍ മോശമായി പെരുമാറിയേക്കാവുന്ന നൂറുകണക്കിന് പുരുഷന്‍മാരെ ഞങ്ങള്‍ക്ക് കൈകാര്യം ചെയ്യേണ്ടി വരാറുണ്ടെ”ന്നായിരുന്നു സുസ്മിതയുടെ വെളിപ്പെടുത്തല്‍.

ടി വിയും ഇന്റര്‍നെറ്റും വെബ്‌സൈറ്റുകളും മൊബൈല്‍ ഫോണുകളും പ്രസരിപ്പിക്കുന്ന അശ്ലീല ദൃശ്യങ്ങള്‍, നീലചിത്രങ്ങള്‍, നഗ്‌നത ഓളം വെട്ടുന്ന അശ്ലീല പരസ്യങ്ങള്‍, മദ്യത്തിന്റെയും മയക്കു മരുന്നുകളുടെയും ലഭ്യത തുടങ്ങിയവക്കെല്ലാം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ വര്‍ധനവില്‍ പങ്കുണ്ട്. കുട്ടികളെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയ കുറ്റവാളികളില്‍ നടത്തിയ ഒരു പഠനത്തില്‍ ആണ്‍കുട്ടികളെ പീഡിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ടവരില്‍ 87 ശതമാനവും, പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് പിടിയിലായവരില്‍ 77 ശതമാനവും സ്ഥിരമായി ബ്ലൂഫിലിമുകള്‍ കാണാറുണ്ടെന്നാണ് കണ്ടെത്തിയത്. കുറ്റകൃത്യങ്ങള്‍ക്ക് പ്രേരകമാകുന്ന ഇത്തരം ഘടകങ്ങളെ നിയന്ത്രിക്കാതെ സ്ത്രീ സുരക്ഷ കൈവരിക്കുക പ്രയാസകരമാണ്. പൊതുജന നന്മക്കായി ഇത്തരം ദൃശ്യങ്ങള്‍ തടയാന്‍ വിവരസാങ്കേതിക നിയമത്തില്‍ വകുപ്പുണ്ടെങ്കിലും ബന്ധപ്പെട്ടവര്‍ അത് ഉപയോഗിക്കാന്‍ കൂട്ടാക്കുന്നില്ല.
അതേസമയം പല വിദേശ രാഷ്ട്രങ്ങളും ഇത്തരം അനാശാസ്യ വെബ്‌സൈറ്റുകളെ നിയമംമൂലം തടയുന്നുണ്ട്.