കര്‍ണാടക: പാടത്ത് നിന്നുയരുന്ന നെടുവീര്‍പ്പും രോഷവും

കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തികഭദ്രതയെ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധര്‍ സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും വായ്പ എഴുതിത്തള്ളല്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനം. കടങ്ങള്‍ എഴുതിത്തള്ളുമ്പോള്‍ ഉണ്ടാകാനിടയുള്ള സാമ്പത്തിക ബാധ്യത തരണം ചെയ്യാന്‍ കര്‍ശനമായ ചെലവ് ചുരുക്കല്‍ പരിപാടികളാണ് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പ്രഖ്യാപിച്ചിട്ടുള്ളത്. മന്ത്രിമാര്‍ക്കും എം എല്‍ എമാര്‍ക്കും പുതിയ വാഹനങ്ങള്‍ വാങ്ങാനുള്ള ശിപാര്‍ശകള്‍ പുനഃപരിശോധിക്കാനും വസതികള്‍ നവീകരിക്കുന്നതിനും മോടി പിടിപ്പിക്കുന്നതിനും വിലക്ക് ഏര്‍െ പ്പടുത്താനുമാണ് തീരുമാനം.
Posted on: June 28, 2018 8:00 am | Last updated: June 27, 2018 at 10:38 pm
SHARE

കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയാണ് കര്‍ണാടകയെ എക്കാലവും കണ്ണീര് കുടിപ്പിച്ചിട്ടുള്ളത്. കാര്‍ഷിക വിളകള്‍ക്ക് ന്യായമായ വില ലഭ്യമാകാത്തതും കൃഷി ചെലവിന് ആനുപാതികമായി വരുമാനം ലഭിക്കാത്തതും കാരണം സംസ്ഥാനത്തെ വലിയൊരു വിഭാഗം കര്‍ഷകര്‍ എക്കാലവും തീരാ ദുരിതമാണനുഭവിക്കുന്നത്. ബേങ്കുകളില്‍ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്ത് കൃഷിയിറക്കിയവരുടെ ജീവിതം ഇന്ന് ഹൃദയഭേദകമായിത്തീര്‍ന്നിരിക്കുന്നു.

കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായ വില ലഭിക്കാതായതോടെ വായ്പകള്‍ തിരിച്ചടക്കാന്‍ സാധിക്കാതെ ആത്മഹത്യയില്‍ അഭയം പ്രാപിക്കുകയാണ് പലരും.
കട ബാധ്യതയെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 3,515 കര്‍ഷകരാണെന്നത് അധികാരി വര്‍ഗത്തെ ഇരുത്തിച്ചിന്തിപ്പിക്കുന്ന യാഥാര്‍ഥ്യമാണ്. 2008 ഏപ്രില്‍ മുതല്‍ 2012 ഏപ്രില്‍ വരെ സംസ്ഥാനത്ത് 1,125 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. 2013 ഏപ്രില്‍ മുതല്‍ 2017 നവംബര്‍ വരെ 3,515 പേരും ജീവനൊടുക്കി. ഇതില്‍ കൃഷിവകുപ്പ് സ്ഥിരീകരിച്ചത് 2,525 മരണമാണ്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 20 കര്‍ഷകര്‍ ജീവിതം അവസാനിപ്പിച്ചു. മാണ്ഡ്യ, ദാവന്‍ഗരെ എന്നിവിടങ്ങളിലായി രണ്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്തതാണ് ഒടുവിലത്തെ സംഭവം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യയുണ്ടായത് മാണ്ഡ്യയിലാണ്. തിരഞ്ഞെടുപ്പ് വന്നാലും ഇവിടുത്തെ കരിമ്പ് കര്‍ഷകര്‍ക്ക് കഞ്ഞി കുമ്പിളില്‍ തന്നെയാണ്. ആത്മഹത്യയെ മുഖാമുഖം കണ്ടാണ് ഇവിടെ കര്‍ഷക കുടുംബങ്ങള്‍ നാളുകള്‍ തള്ളിനീക്കുന്നത്. കാര്‍ഷിക രംഗത്തെ പ്രതിസന്ധികള്‍ക്ക് പരിഹാരമുണ്ടാകുന്നില്ലെങ്കില്‍ ആത്മഹത്യയല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണ് ഷുഗര്‍ സിറ്റിയെന്ന് ഓമനപ്പേരുള്ള മാണ്ഡ്യയിലെ കരിമ്പു കര്‍ഷകര്‍ പറയുന്നത്. കര്‍ണാടകയില്‍ ഏറ്റവും അധികം കരിമ്പ് വിളയിക്കുന്നത് മാണ്ഡ്യയിലാണ്. വരള്‍ച്ചയും വിലത്തകര്‍ച്ചയുമാണ് ഇവരുടെ നട്ടെല്ലൊടിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് സുന്ദര മോഹന വാഗ്ദാനങ്ങളുമായി എത്തുന്ന രാഷ്ട്രീയക്കാര്‍ പിന്നീട് തിരിഞ്ഞു നോക്കാറില്ലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. മിക്കപ്പോഴും കടുത്ത ജലക്ഷാമത്തിന്റെ പിടിയിലാണ് മാണ്ഡ്യ ഉള്‍പ്പെടെയുള്ള കര്‍ണാടകയിലെ കരിമ്പ് കൃഷി മേഖലകള്‍. കൃഷിയല്ലാതെ മറ്റൊന്നും അറിയില്ലെന്നും കാര്‍ഷിക പുരോഗതിയുടെ കാര്യത്തില്‍ ഒരു രാഷ്ട്രീയക്കാരന്റെയും വാക്കുകളില്‍ വിശ്വാസമില്ലെന്നും കര്‍ഷകര്‍ പറയുന്നു.

മൈസൂരു ഹോസൂര്‍ സ്വദേശിയായ ശിവണ്ണ എന്ന കര്‍ഷകന്‍ തന്റെ സംസ്‌കാര ചടങ്ങിന് കുമാരസ്വാമി പങ്കെടുക്കണമെന്ന അന്ത്യാഭിലാഷം എഴുതി വെച്ച ശേഷമാണ് ആത്മഹത്യ ചെയ്തത്. മുഖ്യമന്ത്രിയാകുന്നതിന് മുമ്പെയായിരുന്നു സംഭവം. കുമാരസ്വാമി തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നേതാവാണെന്നും അടുത്ത മുഖ്യമന്ത്രിയാകേണ്ട ആളാണെന്നും തന്റെ അന്ത്യകര്‍മങ്ങള്‍ക്ക് കുമാരസ്വാമി സാക്ഷിയാകണമെന്നാണ് അന്ത്യാഭിലാഷമെന്നും കുറിപ്പില്‍ എഴുതിയിരുന്നതായി പോലീസ് വെളിപ്പെടുത്തിയിരുന്നു.
വരള്‍ച്ചയും കൃഷിനാശവും മൂലമുണ്ടായ സാമ്പത്തിക പരാധീനതയാണ് ആത്മഹത്യകള്‍ പെരുകാന്‍ കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ സംസ്ഥാനത്ത് സാമാന്യം നല്ല മഴ ലഭിച്ചിരുന്നു. എന്നാല്‍, ഈ കാലയളവില്‍ ജീവനൊടുക്കിയത് 624 കര്‍ഷകരാണ്. ഇതില്‍ 416 മരണം സാമ്പത്തിക പ്രതിസന്ധി കാരണമാണെന്നാണ് കൃഷി വകുപ്പ് വ്യക്തമാക്കുന്നത്. കരിമ്പ്, നെല്‍ കര്‍ഷകരാണ് ആത്മഹത്യ ചെയ്യുന്നതില്‍ കൂടുതലും. സ്വകാര്യ പണമിടപാടുകാരില്‍ നിന്നും വായ്പയെടുക്കുന്ന കര്‍ഷകരാണ് വലിയ ദുരിതം അനുഭവിക്കുന്നത്. 30 ശതമാനം വരെയാണ് പണമിടപാടുകാര്‍ പലിശ ഈടാക്കുന്നത്. ഉയര്‍ന്ന പലിശക്ക് വായ്പ നല്‍കി കര്‍ഷകരെ ചൂഷണം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 1,332 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 585 പേരെ അറസ്റ്റ് ചെയ്യുകയുണ്ടായി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്തത് 2015-16 കാലയളവിലാണ്. 1,483 പേര്‍. കുറവ് 2013-14 കാലയളവിലും. 106 പേര്‍. കട ബാധ്യതയെ തുടര്‍ന്ന് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് കര്‍ണാടക.
കടബാധ്യത മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകരുടെ കണ്ണീരൊപ്പാനാണ് കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്ന് തിരഞ്ഞെടുപ്പ് വേളയില്‍ ജെ ഡി എസ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തത്. അധികാരത്തിലെത്തി 15 ദിവസത്തിനുള്ളില്‍ വാഗ്ദാനം നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപിച്ചത്. എന്നാല്‍, ജെ ഡി എസ്- കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഇത് നടപ്പാക്കുക എന്നത് പ്രധാന വെല്ലുവിളിയായി. സഹകരണ ബേങ്കുകളും പൊതുമേഖലാ ബേങ്കുകളും വായ്പകള്‍ എഴുതിത്തള്ളണമെങ്കില്‍ അവര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കണം. ഇതിനുള്ള പണം കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ തിരയുകയാണ് ഇപ്പോള്‍ കുമാരസ്വാമി സര്‍ക്കാര്‍.
2018- 19 വര്‍ഷത്തെ ബജറ്റില്‍ സംസ്ഥാനത്തിന്റെ പ്രതീക്ഷിത നികുതി വരുമാനം ഒരു ലക്ഷം കോടി രൂപയാണ്. ഇതില്‍ 50 ശതമാനം തുക കാര്‍ഷിക വായ്പ എഴുതിത്തള്ളാന്‍ ഉപയോഗിച്ചാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാത്ത സ്ഥിതിവിശേഷമാണുണ്ടാവുക. കാര്‍ഷിക വിളകള്‍ക്കായി നല്‍കിയ ഹ്രസ്വകാല വായ്പകളാണ് കൂടുതലായുള്ളത്. നിലവിലുള്ള സാഹചര്യത്തില്‍ കാര്‍ഷിക വായ്പകള്‍ പൂര്‍ണമായും എഴുതിത്തള്ളാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. എന്നാല്‍, പ്രകടന പത്രികയിലെ വാഗ്ദാനം പാലിച്ചില്ലെങ്കില്‍ ഉണ്ടാകാനിടയുള്ള പ്രതിഷേധവും സര്‍ക്കാര്‍ മുന്‍കൂട്ടി കാണുന്നുണ്ട്. ബി ജെ പി ഇപ്പോള്‍ തന്നെ സര്‍ക്കാറിനെതിരെ ഈ വിഷയത്തില്‍ പോര്‍മുഖം തുറന്നുകഴിഞ്ഞു.
സംസ്ഥാനത്തെ 84 ലക്ഷം കര്‍ഷകര്‍ വിവിധ ബേങ്കുകളില്‍ നിന്നായി 1.21 ലക്ഷം കോടി രൂപയാണ് വായ്പയെടുത്തിട്ടുള്ളത്. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനം വരും ഇത്. പൊതുമേഖലാ ബേങ്കുകള്‍ ഉള്‍പ്പെടെ 45 ബേങ്കുകളാണ് കാര്‍ഷിക വായ്പകള്‍ നല്‍കിയത്. ഹ്രസ്വകാല- ദീര്‍ഘകാല വായ്പകള്‍ ഇതിലുള്‍പ്പെടും. കനറാ ബേങ്ക്, എസ് ബി ഐ, സിന്‍ഡിക്കേറ്റ് ബേങ്ക് എന്നിവ മാത്രം 43,854 കോടി രൂപയാണ് വായ്പയായി നല്‍കിയിട്ടുള്ളത്. സംസ്ഥാന സഹകരണ ബേങ്ക് നല്‍കിയത് 22,304 കോടി രൂപയാണ്.

2017ല്‍ മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യ സഹകരണ ബേങ്കുകള്‍ വഴിയുള്ള 50,000 രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയിരുന്നു. ഇതിനായി 8,165 കോടി രൂപയാണ് സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയത്. എന്നിട്ടും പ്രശ്‌നത്തിന് പരിഹാരമായിട്ടില്ലെന്നാണ് കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നത്. പൊതുമേഖലാ- സഹകരണ ബേങ്കുകള്‍ വഴി നല്‍കിയിട്ടുള്ള കാര്‍ഷിക വായ്പകള്‍ പൂര്‍ണമായും എഴുതിത്തള്ളണമെങ്കില്‍ സര്‍ക്കാറിന് 53,000 കോടി രൂപ കണ്ടെത്തണം. ഇതില്‍ 80 ശതമാനവും പൊതുമേഖലാ ബേങ്കുകളാണ് വായ്പ നല്‍കിയത്. സഹകരണ ബേങ്കുകള്‍ 20 ശതമാനവും. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തികഭദ്രതയെ പ്രതികൂലമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും വായ്പ എഴുതിത്തള്ളല്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനം. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിയ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് സര്‍ക്കാറുകളുടെ നടപടികള്‍ സര്‍ക്കാര്‍ പരിശോധനക്ക് വിധേയമാക്കിയിരുന്നു. 2002ല്‍ മുഖ്യമന്ത്രിയായിരുന്ന എസ് എം കൃഷ്ണയാണ് സംസ്ഥാനത്ത് ആദ്യമായി കാര്‍ഷിക വായ്പ എഴുതിത്തള്ളിയത്. സഹകരണ ബേങ്കുകള്‍ വഴിയുള്ള വായ്പയായിരുന്നു ഇത്. തുടര്‍ന്ന് 2007ല്‍ ബി ജെ പി- ദള്‍ സഖ്യ സര്‍ക്കാര്‍ 25,000 രൂപ വരെയുള്ള കാര്‍ഷിക വായ്പയും പിന്നീട് കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാര്‍ 50,000 രൂപ വരെയുള്ള കടവും എഴുതിത്തള്ളി.
വായ്പ 15 ദിവസത്തിനുള്ളില്‍ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി കര്‍ഷക സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കടം എഴുതിത്തള്ളുന്നതിന് ആവശ്യമായി വരുന്ന സാമ്പത്തിക ബാധ്യതയുടെ 50 ശതമാനം കേന്ദ്രം വഹിക്കണമെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ആവശ്യപ്പെട്ടിരുന്നുവെങ്കിലും പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയിട്ടില്ല. വായ്പ എഴുതിത്തള്ളുന്ന കാര്യത്തില്‍ തീരുമാനം നീളുന്നത് സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ പ്രക്ഷോഭ പാതയിലാണ്. കര്‍ണാടക രാജ്യറൈത്ത സംഘത്തിന്റെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടക്കുന്നത്.

കടങ്ങള്‍ എഴുതിത്തള്ളുമ്പോള്‍ ഉണ്ടാകാനിടയുള്ള സാമ്പത്തിക ബാധ്യത തരണം ചെയ്യാന്‍ കര്‍ശനമായ ചെലവ് ചുരുക്കല്‍ പരിപാടികളാണ് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പ്രഖ്യാപിച്ചിട്ടുള്ളത്. മന്ത്രിമാര്‍ക്കും എം എല്‍ എമാര്‍ക്കും പുതിയ വാഹനങ്ങള്‍ വാങ്ങാനുള്ള ശിപാര്‍ശകള്‍ പുനഃപരിശോധിക്കാനും വസതികള്‍ നവീകരിക്കുന്നതിനും മോടി പിടിപ്പിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്താനുമാണ് തീരുമാനം. അടിയന്തരഘട്ടങ്ങളില്‍ മാത്രം നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം. മെയ് 23ന് കര്‍ണാടകയുടെ 24-ാമത് മുഖ്യമന്ത്രിയായി അധികാരമേറ്റ് പതിനൊന്നാമത്തെ ദിവസമാണ് കുമാരസ്വാമി ചെലവ് ചുരുക്കല്‍ നിര്‍ദേശം പുറപ്പെടുവിച്ചത്. സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത കൂടുതല്‍ ശക്തിപ്പെടുത്തുകയെന്നതും ഈ തീരുമാനത്തിന് പിന്നിലുണ്ട്.
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന വാഗ്ദാനം നല്‍കിയാണ് എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ – എസ് നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നഷ്ടപ്പെട്ട ബി ജെ പി അധികാരത്തില്‍ നിന്ന് പുറത്താവുകയും കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യം സര്‍ക്കാര്‍ ഉണ്ടാക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കര്‍ഷക ജനവിഭാഗങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ ജെ ഡി എസ് നേതാവ് കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് ധാര്‍മികമായ ബാധ്യതയുണ്ട്. നിലവിലുള്ള സാമ്പത്തിക പ്രതിസന്ധികളെ അതിജീവിച്ച് വാഗ്ദാനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. 15 ദിവസത്തിനുള്ളില്‍ കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. ഇനിയും ഇക്കാര്യത്തില്‍ അമാന്തം കാണിച്ചുകൂടാ. സാധ്യമായ സാമ്പത്തിക സ്രോതസ്സുകള്‍ പൂര്‍ണമായും വിനിയോഗിച്ച് കടങ്ങള്‍ എഴുതിത്തള്ളുമെന്ന പ്രഖ്യാപനം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. അല്ലെങ്കില്‍ കര്‍ണാടകം വീണ്ടും കര്‍ഷക പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കും. കാവേരി നദീജലം വിട്ടുകൊടുക്കുന്നതിനെ ചൊല്ലിയുടലെടുത്ത കര്‍ഷക പ്രക്ഷോഭത്തിന്റെ മറ്റൊരു പതിപ്പായി അത് ആളിക്കത്തും.

LEAVE A REPLY

Please enter your comment!
Please enter your name here