Connect with us

Ongoing News

കൊറിയന്‍ അട്ടിമറി; ജര്‍മ്മനി ലോകകപ്പില്‍ നിന്ന് പുറത്ത്

Published

|

Last Updated

കസാന്‍: ദക്ഷിണ കൊറിയയോട് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയ ജര്‍മ്മനി ലോകകപ്പ് ഫുട്‌ബോളിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്. ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ പതനം. ഇന്‍ജുറി സമയത്തായിരുന്നു ഇരു ഗോളുകളും പിറന്നത്. 93ാം മിനുട്ടില്‍ കിം യങ് ഗ്വോനും 96ാം മിനുട്ടില്‍ സോന്‍ ഹ്യൂങ്- മിന്നുമാണ് ഗോളുകള്‍ നേടിയത്.

അതേസമയം, മറ്റൊരു മത്സരത്തില്‍ സ്വീഡന്‍ മെക്സിക്കോയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു. ഇതോടെ ഗ്രൂപ്പ് എഫില്‍ നിന്ന് സ്വീഡനും മെക്സിക്കോയും പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ആറ് പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് സ്വീഡന്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. മെക്‌സിക്കോ രണ്ടാമതും കൊറിയ മൂന്നാമതുമെത്തിയപ്പോള്‍ ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരെന്ന നാണക്കേടും ജര്‍മനിയെ തേടിയെത്തി.

അന്‍പതാം മിനുട്ടില്‍ ലുഗ്വിഡ് ഓഗസ്റ്റിന്‍സണാണ് സ്വീഡന്റെ ആദ്യ ഗോള്‍ നേടിയത്. 62ാം മിനുട്ടില്‍ പെനാല്‍റ്റി ഗോളാക്കി ഗ്രാന്‍ക്വസ്റ്റ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. 74ാം മിനുട്ടില്‍ എഡ്‌സണ്‍ ആല്‍വാരസിന്റെ സെല്‍ഫ് ഗോള്‍ കൂടിയായതോടെ മെക്‌സിക്കന്‍ പതനം പൂര്‍ത്തിയായി.