കരിപ്പൂര്‍ വിമാനത്താവളം : രാഷ്ട്രീയ കക്ഷികള്‍ മൗനത്തില്‍,പ്രവാസ ലോകത്ത് പ്രതിഷേധം ശക്തം

Posted on: June 27, 2018 2:20 pm | Last updated: June 27, 2018 at 2:20 pm
SHARE

ജിദ്ദ/ന്യൂഡല്‍ഹി : കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ ജോലികള്‍ പൂര്‍ത്തിയാക്കി തുറന്നിട്ടും ഇടത്തരം വലിയ വിമാനങ്ങള്‍ക്ക് വീണ്ടും അനുമതി നല്‍കാതെ വൈകിപ്പിക്കുന്നതിനെതിരെ പ്രവാസ ലോകത്ത് പ്രതിഷേധം പുകയുകയുന്നു. മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളില്‍ നിന്നുള്ള ജനലക്ഷങ്ങളുടെ ഏക ആശ്രയമാണ് കരിപ്പൂര്‍ വിമാനത്താവളം. ഇവരുടെ ദുരിതത്തിനു പുറമെ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് നിഷേധിക്കുക വഴി ഹാജിമാരുടെ യാത്രാ ദുരിതവും തുടരുകയാണ്. നിരവധി തവണ ഹജ്ജ്് എംബാര്‍ക്കേഷന്‍ കോഴിക്കോടിന് നഷ്ടപ്പെട്ടു. കോടികള്‍ മുടക്കി പണിത കോഴിക്കോട്ടെ ഹജ്ജ് ഹൗസ് നോക്കുകുത്തിയാണിപ്പോള്‍. 2015 ല്‍ കുഞ്ഞാലിക്കുട്ടി മന്ത്രിയായിരിക്കെയാണ് ് ഹജ്ജ് സര്‍വ്വീസ് കൊച്ചിയിലേക്കു പറിച്ചു നട്ടത്. അതുപോലും ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നു വേണം കരുതുവാന്‍. ഹജ്ജ് സര്‍്വ്വീസ് കോഴിക്കോട്ടേക്കു തന്നെ തിരിച്ചു കൊണ്ടുവരാന്‍ രാഷ്ട്രീയക്കാര്‍ കാണിക്കുന്ന താല്‍പ്പര്യക്കുറവ് അത്തരം സംശയങ്ങള്‍ക്കു ബലമേകുകയാണ്.

ജിദ്ദാ -കരിപ്പൂര്‍ സര്‍വ്വീസ് പുനരാരംഭിക്കുന്നതിനായി സൗദി എയര്‍ലൈന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡിജിസിഎക്ക് കൈമാറാതെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പിടിച്ചു വയ്ക്കുന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു. ഒന്നര മാസത്തിലധികമായി റിപ്പോര്‍ട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടറായ ജെപി അലക്‌സിന്റെ മേശപ്പുറത്താണ്. ഇത് ചോദ്യം ചെയ്യാന്‍ മലബാറില്‍ നിന്നുള്ള ഒരു പാര്‍ലമെന്റംഗം പോലും രംഗത്തു വരുന്നില്ലാ എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.

ചില നിക്ഷിപ്ത താല്‍പര്യക്കാരായ വ്യവസായികള്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും വേണ്ടി ഡല്‍ഹിയിലെ ഉദ്യോഗസ്ഥര്‍ കരിപ്പൂരിനെതിരേ കരുനീക്കുന്നത് വ്യാപകമായ പ്രതിഷേധങ്ങള്‍ക്കാണ് വഴി വെച്ചിരിക്കുന്നത്. കരിപ്പൂര്‍ അട്ടിമറിയില്‍ വന്‍ വ്യവസായികള്‍ക്കും രാഷ്ട്രീയ പ്രമുഖര്‍ക്കും ഉന്നത ഉദ്യോഗവ്ഥര്‍ക്കും പങ്കുണ്ടെന്ന ആരോപണം പഠിക്കാന്‍ സമിതിയെ നിശ്ചയിച്ചിരിക്കുകയാണ് ജിദ്ദ കോഴിക്കോട് ഡവലപ്‌മെന്റ് ഫോറം.

കരിപ്പൂര്‍ അട്ടിമറി എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മലബാര്‍ ഡവലപ്‌മെന്റ് ഫോറം. എയര്‍പോര്‍ട്ട് അതേിറിറ്റി ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ജെപി അലക്‌സ് എന്ന മലയാളി ഉദ്യോഗസ്ഥനാണ് കരിപ്പൂരിനെതിരെ എല്ലാ കരുനീക്കങ്ങള്‍ക്കും ചുക്കാന്‍പിടിക്കുന്നതെന്നാണ് എംഡിഎഫ് നേതൃത്വത്തിന്റെ ആരോപണം.

ബോയിംഗ് 747, 777, അ330 തുടങ്ങിയ ഇടത്തരം വലിയ വിമാനങ്ങളുടെ സര്‍വ്വീസിന് നിലവില്‍ യാതൊരു തടസവും ഇല്ലാ എന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പലവുരു വ്യക്തമാക്കിയതാണ്. മുഖ്യമന്ത്രിതന്നെ കഴിഞ്ഞ ദിവസം ഇതു നിയസഭയില്‍ സമ്മതിച്ചതുമാണ്. മാത്രമല്ല റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ (റെസ) 240 മീറ്ററാക്കി പുതുക്കിപ്പണിതതും മേല്‍പറഞ്ഞ വിമാനങ്ങളുടെ സര്‍വ്വീസിന് അനുമതി ലഭിക്കാന്‍ അനുകൂല ഘടകമാണ്. ഇനി ഡല്‍ഹിയില്‍ ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് അനുമതി ലഭിക്കുക എന്ന കടമ്പ മാത്രമേ അവശേഷിക്കുന്നുള്ളൂ. അതിന് വേണ്ടി ഒരു ശ്രമവും നടത്താതെ ദുരൂഹമായ അലംഭാവം തുടരുന്ന മുഖ്യധാരാ പാര്‍ട്ടികളുടെ നിലപാടില്‍ ഗള്‍ഫില്‍ പരക്കെ പ്രതിഷേധം പടരുകയാണ്. പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ രാഷ്ട്രീയാതീതമായി കരിപ്പൂരിനായി സമര രംഗത്തേക്കിറങ്ങുന്നതിനെ കുറിച്ചും വിവിധ പ്രവാസി സംഘടനകള്‍ ആലോചിക്കുന്നുണ്ട്.

രാഷ്ട്രീയ പാര്‍ട്ടികള്‍ കരിപ്പൂരിന്റെ കാര്യത്തില്‍ പുറംതിരിഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ നയതന്ത്രതല നീക്കത്തിനായി ഡല്‍ഹിയിലേക്കു പറക്കാനിരിക്കുകയാണ് മലബാര്‍ ഡവലപ്‌മെന്റ് ഫോറം ഭാരവാഹികള്‍. ഡിജിസിഎ ഉദ്യോഗസ്ഥരേയും, ബന്ധപ്പെട്ട വകുപ്പു മന്ത്രിയേയും കണ്ട് രേഖകള്‍ കൈമാറാനാണു നീക്കം. ഒരുമാസത്തിനകം ശ്രമങ്ങള്‍ വിജയിപ്പിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയാണ് എംഡിഎഫ് പ്രസിഡണ്ട് പ്രകടിപ്പിച്ചത്. ഡല്‍ഹിയിലെ സുന്നി സംഘടനാ ഘടകങ്ങളും ബന്ധപ്പെട്ട മന്ത്രാലയ ഓഫീസിലേക്ക് ചര്‍ച്ചക്കായി സംഘത്തെ പറഞ്ഞയക്കുമെന്ന് സംഘടനയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here