വനിതാ തടവുകാര്‍ക്ക് ജാമ്യം നല്‍കാന്‍ കേന്ദ്രം

Posted on: June 27, 2018 11:01 am | Last updated: June 27, 2018 at 11:01 am
SHARE

ന്യൂഡല്‍ഹി: വിചാരണയിലിരിക്കുന്ന വനിതാ തടവുകാര്‍ക്ക് ജാമ്യം നല്‍കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സിആര്‍ പി സി നിയമത്തില്‍ ഇളവ് തേടി വനിതാ ശിശുക്ഷേമ മന്ത്രാലയം നല്‍കിയ റിപ്പോര്‍ട്ടിലാണ് സുപ്രധാനമായ ശിപാര്‍ശയുള്ളത്.
സിആര്‍ പി സിയിലെ 436 എ ഖണ്ഡികയില്‍ മാറ്റം വരുത്തി പരമാവധി ശിക്ഷയുടെ പകുതി അനുഭവിച്ചവര്‍ക്ക് ജാമ്യം നല്‍കണമെന്നാണ് മന്ത്രാലയം നിര്‍ദേശിക്കുന്നത്.
വിചാരണത്തടവുകാരായ വനിതാ കുറ്റവാളികള്‍ അവരുടെ ശിക്ഷയുടെ മൂന്നിലൊരു ഭാഗവും വിധി വരുന്നതിന് മുമ്പ് തന്നെ അനുഭവിച്ച് തീര്‍ക്കുന്ന സാഹചര്യമുണ്ടെന്ന് തടവുകാരികളെ കുറിച്ച് വന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് മന്ത്രാലയം ഭേദഗതി ആവശ്യപ്പെട്ടത്.

ഇതിന് പുറമെ വനിതാ തടവുകാരുടെ സുരക്ഷയും സൗകര്യവും വര്‍ധിപ്പിക്കുന്നതിനായി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ശിപാര്‍ശ ചെയ്യുന്നുണ്ട്.
നവജാതശിശുക്കളുടെ അമ്മമാരായ തടവുപുള്ളികള്‍ക്ക് പ്രത്യേക താമസം, കുട്ടികളെ കാണാന്‍ വനിതാ തടവുകാര്‍ക്ക് അവസരം, സ്വകാര്യമായ നിയമ സഹായം, തടവുകാര്‍ക്ക് വോട്ടവകാശം എന്നിവയടക്കം 134 ശിപാര്‍ശകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തടവിലുള്ള സ്ത്രീകളുടെ ജീവിതനിലവാരം ഉയര്‍ത്തുക, ഗര്‍ഭിണികളുടെ പ്രശ്‌നങ്ങളും പ്രസവ സംബന്ധമായ പ്രശ്‌നങ്ങളും പരിഹരിക്കുക, മാനസികാരോഗ്യം, നിയമസഹായം, ശിക്ഷാ കാലാവധി കഴിഞ്ഞുള്ള പുനരധിവാസം എന്നീ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രാലയത്തിന്റെ പരിഗണനക്കായി അയച്ചു.
മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് 4.19 ലക്ഷം തടവുകാരാണുള്ളത്. ഇവരില്‍ 17,834 (4.3 ശതമാനം) പേര്‍ വനിതകളാണ്. വനിതാ തടവുകാരില്‍ 11,916 പേര്‍ വിചാരണ കാത്തിരിക്കുന്നവരാണ്. ജയിലിലെത്തുന്ന തടവുകാരികളുടെ എണ്ണത്തില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. 30-50 വയസ്സിനുമിടയില്‍ പ്രായമുള്ളവരാണ് തടവുകാരില്‍ ഭൂരിഭാഗവും.

LEAVE A REPLY

Please enter your comment!
Please enter your name here