ദളിതര്‍ സഞ്ചരിക്കാതിരിക്കാന്‍ വഴിയടച്ച് ഭൂ പ്രമാണിമാര്‍; മൃതദേഹം ചുമന്നത് കിലോ മീറ്ററുകള്‍

Posted on: June 27, 2018 10:43 am | Last updated: June 27, 2018 at 10:43 am
SHARE

കാസര്‍കോട്:കേരള- കര്‍ണാടക അതിര്‍ത്തിയില്‍ ദളിതര്‍ നടന്നുപോകാതിരിക്കാന്‍ ഭൂ പ്രമാണിമാര്‍ വഴിയടക്കുന്നു. അതിര്‍ത്തി പ്രദേശമായ ബെള്ളൂര്‍ പഞ്ചായത്തിലാണ് പരിഷ്‌കൃത സമൂഹത്തിന് നാണക്കേടുണ്ടാക്കി ഇപ്പോഴും ജന്‍മിത്വവും അയിത്തവും കൊടികുത്തിവാഴുന്നത്.
ദളിതര്‍ നടന്നുപോകാതിരിക്കാന്‍ പറമ്പില്‍ പാത നിര്‍മിക്കുന്നതിന് ഒരു ഭൂപ്രമാണി വിലക്കേര്‍പ്പെടുത്തിയപ്പോള്‍ അതിനെതിരെ നടപടിയെടുക്കാതെ അധികാരികള്‍ മാറിനില്‍ക്കുകയാണ്. മേല്‍ജാതിക്കാര്‍ താമസിക്കുന്ന സ്ഥലത്ത് വഴിയടച്ചതിനാല്‍ എന്‍ഡോസള്‍ഫാന്‍ ഇരയുടെ മൃതദേഹം കിലോമീറ്ററുകളോളം ചുമന്നുകൊണ്ടുപോകേണ്ടിവന്നു. ബെള്ളൂര്‍ പൊസോളിഗയില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം.

എന്‍ഡോസള്‍ഫാന്‍ ഇരയായ ദളിത് കുടുംബത്തിലെ സീതുവിന്റെ (66) മൃതദേഹമാണ് അയിത്താചരണം മൂലം ചുമന്നുകൊണ്ടുപോകേണ്ടി വന്നത്. പരിയാരം മെഡി. കോളജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് സീതു മരണപ്പെട്ടത്. സ്ത്രീയുടെ മൃതദേഹം ബന്ധുക്കള്‍ പൊസോളിഗയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുവന്നു. എന്നാല്‍, വീട്ടിലേക്ക് കൊണ്ടുപോകാന്‍ വഴിയില്ലാതായതോടെ ആംബുലന്‍സ് അര കിലോമീറ്റര്‍ അകലെ നിര്‍ത്തി ബന്ധുക്കള്‍ മൃതദേഹം ചുമന്ന് കയറ്റം കയറുകയായിരുന്നു. ഏറെ ക്ലേശിച്ചാണ് ഇവര്‍ മൃതദേഹം വീട്ടിലെത്തിച്ചത്.
ദളിത് വിഭാഗത്തില്‍ പെട്ട 78 കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് റോഡ് നിര്‍മിക്കാന്‍ അധികാരികള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. റോഡ് സൗകര്യം ഒരുക്കാത്തതിന് കാരണം അതിന് സ്ഥലം അനുവദിക്കാത്ത മേല്‍ജാതിക്കാരുടെ ധാര്‍ഷ്ട്യമാണ്. ഒരു ജന്മികുടുംബത്തിന്റെ അധീനതയില്‍ ഇവിടെ ഏക്കര്‍ കണക്കിന് സ്ഥലമുണ്ട്.

പാത പണിതാല്‍ താഴ്ന്ന ജാതിക്കാര്‍ ഇതുവഴി പോകുമെന്നും അതോടെ തന്റെ വീടും കുടുംബവും അശുദ്ധമാകുമെന്നുമാണ് ഇവര്‍ പറയുന്നനത്. ഇതോടെ പാതനിര്‍മാണത്തില്‍ നിന്നും പഞ്ചായത്ത് അധികാരികള്‍ പിന്മാറുകയായിരുന്നു. കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ മഞ്ചേശ്വരം ബ്ലോക്കില്‍ 64.59 കിലോമീറ്റര്‍ വിസ്തീര്‍ണത്തില്‍ സ്ഥിതി ചെയ്യുന്ന ബെള്ളൂര്‍ പഞ്ചായത്തില്‍ എട്ട്, 10 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട പ്രദേശത്തെ 100 ഏക്കറോളം പല ആധാരങ്ങളിലായി ഈ പ്രമാണിയുടെ കൈവശത്തിലാണ്.
ഇവിടുത്തെ ജനസംഖ്യ 9101 ആണ്. സാക്ഷരത 69.37 ശതമാനം. ബെള്ളൂര്‍ പഞ്ചായത്ത് ഭരണസമിതിക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാകാത്ത സ്ഥിതിയാണുള്ളത്. മൂന്ന് മാസം മുമ്പ് പാമ്പ് കടിയേറ്റ ദളിത് യുവാവിനെ യഥാസമയം ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്തതിനാല്‍ മരണപ്പെട്ട സംഭവം നടന്നിരുന്നു. വാഹനസൗകര്യമില്ലാത്തതായിരുന്നു കാരണം. ഈ സംഭവവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ ഭരണകൂടം പഞ്ചായത്ത് ഭരണസമിതിക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, യാതൊരു നടപടിയുമുണ്ടായില്ല.