മനുഷ്യാവകാശവും പോലീസ് ഉദ്യോഗസ്ഥരും

Posted on: June 27, 2018 10:35 am | Last updated: June 27, 2018 at 10:35 am
SHARE

സഹജീവികളോട് മാന്യമായി പെരുമാറുക എന്നത് സംസ്‌കാരമുള്ള മനുഷ്യരുടെ ലക്ഷണമായാണ് കണക്കാക്കാറുള്ളത്. അത്തരക്കാരെ സംബന്ധിച്ചിടത്തോളം സഹപ്രവര്‍ത്തകരോ ആശ്രിതരോ ഏത് വിഭാഗത്തില്‍ പെട്ടവരായാലും അവരോട് മാന്യമായിട്ടല്ലാതെ പെരുമാറാന്‍ സാധിക്കില്ല. മനുഷ്യര്‍ക്കിടയില്‍ സാമ്പത്തിക ശേഷിയുള്ളവരും ഇല്ലാത്തവരും ഉള്ളത് പോലെ താഴ്ന്ന ശമ്പളം ലഭിക്കുന്നവരും ഉയര്‍ന്നശമ്പളം ലഭിക്കുന്നവരുമുണ്ട്.

ഉന്നത വിദ്യാഭ്യാസം നേടി ഉയര്‍ന്ന സ്ഥാനങ്ങളില്‍ നിയമിതരാവുന്നവരെ സംബന്ധിച്ചിടത്തോളം ഉത്തരവാദിത്വങ്ങള്‍ കൂടുതലായാല്‍ പോലും കാര്യമായി പണിയെടുക്കേണ്ടിവരാറില്ല. എന്നാല്‍, പരിമിതമായ വിദ്യാഭ്യാസ യോഗ്യതകളുടെ അടിസ്ഥാനത്തില്‍ തൊഴില്‍ കരസ്ഥമാക്കിയവര്‍ക്ക് ഉത്തരവാദിത്വത്തോടൊപ്പം ജോലിഭാരവും കൂടുതലാണെന്ന് കാണാം. സര്‍ക്കാര്‍ ജീവനക്കാരില്‍ നിയമപാലകരായി നിയമിതരായവരല്ലാത്തവരൊന്നും തന്നെ തന്റെ മേലുദ്യോഗസ്ഥര്‍ക്ക് വേണ്ടി അടിമപ്പണി ചെയ്യാന്‍ നിയോഗിക്കപ്പെടാറില്ല. മാത്രമല്ല ഏറെക്കുറെ നിയമപരമായി ലഭിക്കേണ്ടതായ എല്ലാ ആനുകൂല്യങ്ങളും സംരക്ഷണവും ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാല്‍ സംസ്ഥാനത്തെ നിയമ പാലകരുടെ സ്ഥിതി മറിച്ചാണെന്നതാണ് വാസ്തവം. സംസ്ഥാനത്ത് പോലീസ് കോണ്‍സ്റ്റബിള്‍ മുതല്‍ ഡി ജി പി ഉള്‍പ്പെടെയുള്ളവരെ നിയമപാലകര്‍ എന്നാണ് പറയപ്പെടുന്നതെങ്കിലും യൂനിഫോമില്‍ ലോഹനക്ഷത്രം തുന്നിച്ചേര്‍ക്കാന്‍ അധികാരമില്ലാത്തവരില്‍ പലരും നക്ഷത്രാങ്കിത യൂനിഫോമിലുള്ളവരുടെ അംഗരക്ഷകരും വീട്ടുവേലക്കാരുമെല്ലാമായി തൊഴില്‍ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നു എന്നതാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നു വ്യത്യസ്തമായി നിയമനം ലഭിക്കുന്നവരാണ് പോലീസ് ഉദ്യോഗസ്ഥര്‍. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ നിയോഗിക്കപ്പെടേണ്ടതായ വ്യക്തി എന്ന നിലയില്‍ സേനയില്‍ ചേര്‍ക്കുന്നതിന് മുമ്പായി വ്യക്തിയെ കുറിച്ച് കുറ്റമറ്റ തരത്തിലുള്ള അന്വേഷണങ്ങള്‍ നടത്താറുണ്ട്. മുന്‍ കാലങ്ങളില്‍ കായിക ക്ഷമതയുള്ളവര്‍ക്ക് 10ാം തരം പാസായിട്ടുണ്ടെങ്കില്‍ പോലീസില്‍ ചേരാന്‍ അവസരമുണ്ടായിരുന്നു. നിലവില്‍ പോലീസില്‍ ചേരാനുള്ള അടിസ്ഥാന യോഗ്യത പ്ലസ്ടു ആയി നിശ്ചയിച്ചിട്ടുണ്ടെങ്കിലും പോലീസില്‍ ചേരുന്നവരില്‍ 99 ശതമാനം യുവാക്കളും ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. മാത്രമല്ല അവര്‍ കലാലയ ജീവിതത്തിന്റെ ഭാഗമായി മെച്ചപ്പെട്ട സംസ്‌കാരത്തിന്റെയും സഹജീവി സ്‌നേഹത്തിന്റെയും ഉടമകളുമാണ്. സേനയില്‍ അംഗമാവുന്ന ഏതൊരു വ്യക്തിയും കഠിനമായ പരിശീലന പ്രക്രിയയെയാണ് അതിജീവിക്കാറുള്ളത്.

കായികപരിശീലനത്തിനിടയില്‍ പരിശീലകരില്‍ നിന്നും മേലുദ്യോഗസ്ഥരില്‍ നിന്നുമെല്ലാം ഒരോ പോലീസ് ട്രെയ്‌നിയും കേട്ടുശീലിക്കുന്നത് തങ്ങളുടെ ജീവിതത്തില്‍ ഒരിക്കല്‍ പോലും കേട്ടിട്ടില്ലാത്ത സംസ്‌കാര ശൂന്യമായ വാക്കുകളും പ്രയോഗങ്ങളുമെല്ലാമാണ്. പരിശീലനത്തിനിടയില്‍ അത്തരം പദപ്രയോഗങ്ങള്‍ നടത്താനുള്ള ന്യായീകരണമായി പറയുന്നത് സമൂഹത്തിലുള്ള ഏത് തരം സാഹചര്യങ്ങളെയും ക്ഷമയോടെ നേരിടാനുള്ള മാനസികാവസ്ഥയിലേക്ക് ഓരോ പോലീസുകാരനെയും പാകപ്പെടുത്തുന്നതിന് വേണ്ടി എന്നതാണ്.

നാട്ടിലെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുകയും അധാര്‍മികതക്കും അസാന്മാര്‍ഗികതക്കുമെതിരെ നിലകൊള്ളുകയും ചെയ്തിരുന്നവര്‍ ഏതാനും മാസങ്ങളിലെ പരിശീലന മുറകള്‍ പൂര്‍ത്തീകരിച്ച് നാട്ടിലെത്തിയാല്‍ തികച്ചും ഒറ്റപ്പെട്ട വരെ പോലെ പെരുമാറുന്നതായി കാണാം. സംസ്‌കാര സമ്പന്നരായ യുവാക്കള്‍ക്ക് രാജ്യത്തെ ഏറ്റവും മെച്ചപ്പെട്ട സേനയില്‍ അംഗമാവുന്നതോടെ അത്തരത്തിലൊരു സ്വഭാവ പരിണാമം സംഭവിക്കുന്നുവെങ്കില്‍ സേനയുടെ പരിശീലന രീതികള്‍ പൊളിച്ചെഴുതേണ്ടതായ കാലം അതിക്രമിച്ചിരിക്കുന്നു എന്നല്ലാതെ മറ്റെന്താണ് കരുതാനാവുക.
സ്റ്റേഷനുകളില്‍ പരാതി ബോധിപ്പിക്കാനെത്തുന്ന പ്രായം ചെന്നവരോടും സ്ത്രീകളോടും അമാന്യമായി സംസാരിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ നിരവധിയാണ്. മാന്യമായ ഭാഷയും പെരുമാറ്റവും ഉണ്ടാവണമെന്ന സര്‍ക്കുലറുകള്‍ അയച്ച് സ്വയം അപഹാസ്യരായിട്ടുള്ള നിരവധി പോലീസ് മേധാവികളെയാണ് കേരളീയര്‍ക്ക് ഇക്കാലമത്രയും പരിചയം. അത്തരം പോലീസ് ഉദ്യോഗസ്ഥരുടെ സമീപനത്തിലോ ഭാഷാ പ്രയോഗത്തിലോ മാറ്റം കാണാന്‍ സാധിച്ചിട്ടില്ല എന്നതില്‍ നിന്നു തിരിച്ചറിയാനാവുന്നത് പരിശീലനത്തില്‍ കാര്യമായ പിഴവുകള്‍ ഉണ്ടെന്നത് തന്നെയാണ്. നാല് കോടിയോളം തദ്ദേശീയരും ലക്ഷക്കണക്കിന് അന്യദേശക്കാരും അധിവസിക്കുന്ന കേരളത്തില്‍ അത്രയും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷകരായി നിയമിതരായിട്ടുള്ള സേനാംഗങ്ങളുടെ അംഗബലം അറുപതിനായിരത്തോളമാണ് എന്നത് കൗതുകകരം തന്നെയാണ്.

 

400 പേര്‍ക്ക് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എന്നാണ് നിശ്ചയിച്ചിട്ടുള്ളതെങ്കിലും നിലവില്‍ സംസ്ഥാനത്തെ സ്‌റ്റേഷനുകളില്‍ നിയമിതരായിട്ടുള്ളവരുടെ എണ്ണം കാല്‍ ലക്ഷത്തില്‍ താഴെ മാത്രമാണ്. രാഷ്ട്രീയ സമരങ്ങളില്‍ സര്‍ക്കാര്‍ കാര്യാലയങ്ങള്‍ അക്രമിക്കപ്പെടാതിരിക്കാന്‍ കാവല്‍ നില്‍ക്കുന്നതിനും കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ നാട് ചുറ്റാനിറങ്ങുന്ന സന്ദര്‍ഭങ്ങളിലും ദുരന്തഭൂമിയിലും ദുരിതാശ്വാസ ക്യാമ്പുകളിലുമെല്ലാം നിയമിക്കപ്പെടാറുള്ളതും ക്രമസമാധാന പാലനത്തിനായി സ്‌റ്റേഷനുകളില്‍ നിയമിക്കപ്പെട്ടിടുള്ള പോലീസുകാര്‍ തന്നെയാണ്. വാസ്തവത്തില്‍ ഇത്തരത്തില്‍ നിയമിക്കപ്പെടുന്ന പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ സ്ഥിതി ദയനീയമാണ്. അക്കൂട്ടത്തില്‍ മന്ത്രിമാരുടെ സംരക്ഷണാര്‍ഥം നിയമിക്കപ്പെടാറുള്ളവരുടെ അവസ്ഥ അതിദയനീയവും. ഉന്നതരുടെ പിറകെ പറക്കാന്‍ വിധിക്കപ്പെടുന്ന സേനാംഗങ്ങള്‍ ഭക്ഷണമോ വെള്ളമോ ലഭിക്കാതെ അവശരാകുന്നതും പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാനാവാതെ പ്രയാസപ്പെടാറുള്ളതും ആരും കാര്യമായിട്ടെടുക്കാറില്ല.

ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ മുതല്‍ സെക്രട്ടേറിയറ്റിലുള്ളവര്‍ വരെ എന്തിന്, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ പോലും മേലുദ്യോഗസ്ഥരുടെ ദാസ്യവേലക്കാരായി നിയമിക്കപ്പെടാറില്ല. എന്നാല്‍, പൊതുജന സേവനാര്‍ഥം നിയമിതരാവുന്ന പോലീസുകാര്‍ സേനയിലെ ഉന്നതന്‍മാരുടെ ദാസ്യവേലക്കാരായി മാറേണ്ടിവരുന്നത് സംസ്‌കാര സമ്പന്നമെന്നവകാശപ്പെടുന്ന പോലീസ് സംവിധാനത്തിന് ഒട്ടും ചേര്‍ന്നതല്ല. സംസ്ഥാന സര്‍ക്കാര്‍ സേനയിലെ ഉന്നതന്‍മാര്‍ക്കായി ഉയര്‍ന്ന ശമ്പളവും ഔദ്യോഗികാവശ്യങ്ങള്‍ക്ക് സ്വന്തമായൊരു വാഹനവും ഡ്രൈവറും അംഗരക്ഷകനും കുടുംബസമേതം താമസിക്കാന്‍ ആധുനിക സൗകര്യങ്ങളോടെയുള്ള ഭവനങ്ങളും നല്‍കുന്നതിന് പുറമെ ഓരോരുത്തര്‍ക്കും പ്രതിമാസ അലവന്‍സും നല്‍കുന്നുണ്ട്. ആ പണം ഉപയോഗിച്ച് കൊണ്ട് തങ്ങളുടെ ഭാര്യമാര്‍ക്കും മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും ആവശ്യമായ പലചരക്ക് സാധനങ്ങളും മത്സ്യ മാംസാദികളും വാങ്ങി കൊണ്ട് വരുന്നതിനായി തൊഴിലാളികളെ നിയമിക്കാമെന്നിരിക്കെ അതിന് തയ്യാറാവാതെ പോലീസ് ക്യാമ്പുകളില്‍ സേനാംഗങ്ങള്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതിനും അനുബദ്ധ ജോലികള്‍ക്കുമായി നിയമിക്കപ്പെടുന്നവരെ ക്ഷണിച്ച് വരുത്തി കൊണ്ടിരിക്കുന്നതിന്റെ നിയമസാധുത പരിശോധിക്കപ്പെടേണ്ടത് തന്നെയാണ്.

വിവിധ ജില്ലകളിലായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന പോലീസ് ക്യാമ്പുകളില്‍ 300 മുതല്‍ 800 വരെ സേനാംഗങ്ങളാണ് ഉണ്ടാവാറുള്ളത്. ഇത്രയും അംഗങ്ങള്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതിനും മറ്റുമായി ഓരോ ക്യാമ്പുകളിലും നാല് ജീവനക്കാര്‍ വീതമാണ് നിയമിതരായിട്ടുള്ളത്. അവരില്‍ നിന്നു രണ്ട് പേരെ വീതമാണ് സേനയിലെ ഉന്നതര്‍ തങ്ങളുടെ വീട്ട് വേലക്കായി ഉപയോഗപ്പെടുത്തി കൊണ്ടിരിക്കുന്നത് എന്ന വസ്തുത കൂടി കണക്കിലെടുത്താല്‍ ഒരോ സാധരണ പോലീസുകാരനും തങ്ങളുടെ മേലുദ്യോഗസ്ഥരുടെ താന്തോന്നിത്തരത്തിന്റെ ഫലമായി എത്രത്തോളം ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്ക് വിധേയരായി കൊണ്ടിരിക്കുന്നു എന്ന് ഊഹിക്കാവുന്നതാണ്. പോലീസിലെ ഉന്നതരുടെ പീഡനങ്ങള്‍ക്ക് വിധേയരാവേണ്ടിവന്നിട്ടുള്ളവരില്‍ സേനാംഗങ്ങള്‍ക്കൊപ്പം നിരപരാധികളായ നിരവധി സിവിലിയന്‍മാരും ഉള്‍പ്പെട്ടിരുന്നുവെങ്കിലും അവരൊന്നും തന്നെ ഇത്രയും കാലം ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളില്‍ പരാതിപ്പെട്ടിരുന്നില്ല. ഇതിനുള്ള പ്രധാന കാരണം തങ്ങളുടെ പേരില്‍ കള്ളക്കേസുണ്ടാക്കി ശിഷ്ടകാല ജീവിതം ഇരുളടഞ്ഞതാക്കി മാറ്റാന്‍ പരിശീലിച്ചവരാണ് പോലീസ് ഓഫീസര്‍മാര്‍ എന്ന തിരിച്ചറിവാണ്.

ഈയിടെ ഒരു പോലീസ് ഉന്നതന്റെ മകളാല്‍ മര്‍ദനമേറ്റ് പരുക്ക് പറ്റി ആശുപ്രതിയില്‍ കഴിയേണ്ടിവന്ന പോലീസുകാരനും ഭയപ്പെടുന്നത് മേലുദ്യോഗസ്ഥരില്‍ നിന്നു ചാര്‍ത്തപ്പെടാനിടയുള്ള കള്ളക്കേസുകളെയും അനുബന്ധ പീഡനങ്ങളെയും തന്നെയാണെന്നാണ് മനസ്സിലാക്കാനാവുന്നത്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ രൂപവ്തകരിക്കപ്പെട്ട പോലീസ് സേനയില്‍ നിന്ന് ജനങ്ങള്‍ക്ക് ഭീഷണിയായി നിലയുറപ്പിച്ചിട്ടുള്ള സേനാനായകരെയും അംഗങ്ങളെയും എത്രയും വേഗത്തില്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഭരണകൂടം തയ്യാറായാല്‍ മാത്രമേ നിര്‍ഭയമായ നിയമപാലനത്തിന് നിയോഗിക്കപ്പെടുന്ന പോലീസുകാര്‍ക്കും മറ്റുള്ളവര്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന മനുഷ്യാവകാശങ്ങളും മാന്യമായ പരിഗണനകളും അനുഭവിക്കാന്‍ സാധ്യമാവുകയുള്ളൂ. എങ്കിലേ കേരള പോലീസിന്റെ ആപ്തവാക്യമായ മൃദുഭാവേ, ദൃഢകൃത്യേ. (മൃദുവായി പെരുമാറുകയും ദൃഢമായി കര്‍ത്തവ്യം നിര്‍വഹിക്കുകയും ചെയ്യുക)എന്നതിനോട് നീതി പുലര്‍ത്താനാകൂ.