പന്തുകളികള്‍ക്കുമുണ്ട് പ്രതീകാത്മക രാഷ്ട്രീയം

1872ല്‍ ഫുട്‌ബോള്‍ കളി ലോകത്തിന് പരിചയപ്പെടുത്തിക്കൊടുത്തത് ഇംഗ്ലണ്ടും സ്‌കോട്ട്‌ലാന്‍ഡും ഒക്കെ അടങ്ങുന്ന ഇംഗ്ലീഷ് ബെല്‍റ്റുകളില്‍ നിന്നാണ്. പിന്നീട് അതിന്റെ സ്വീകാര്യതയുടെ വ്യാപ്തി വര്‍ധിച്ച് അത് ഇതര യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ലാറ്റിന്‍ അമേരിക്കയിലേക്കും അതിവേഗത്തില്‍ പടര്‍ന്നുപിടിക്കുകയാണുണ്ടായത്. അക്കാലത്തെ സാമ്രാജ്യത്വ ശക്തിയായ ബ്രിട്ടന്റെ ആഫ്രിക്കന്‍ എഷ്യന്‍ കോളനി രാജ്യങ്ങളിലേക്കും ആ വികാരം കടന്നുകയറി. കോളനി രാജ്യങ്ങളില്‍ നിന്നും ഉയര്‍ന്നേക്കാവുന്ന പ്രതിഷേധങ്ങളെ ഫുട്‌ബോളിന്റെ ലഹരി സമ്മാനിച്ച് മയക്കിക്കിടത്താമെന്ന രാഷ്ട്രീയ കാഴ്ചപ്പാടും അന്നത്തെ സാമ്രാജ്യത്വ ശക്തികളുടെ രഹസ്യ അജന്‍ഡയില്‍ ഉള്‍പ്പെട്ടിരിക്കാം
Posted on: June 27, 2018 10:24 am | Last updated: June 27, 2018 at 10:28 am
SHARE

ലോകത്ത് നടന്ന പല സുപ്രധാന വിപ്ലവങ്ങളുടേയും വിളനിലമെന്ന് കണക്കാക്കാവുന്ന റഷ്യയുടെ മണ്ണിലാണല്ലോ ഇരുപത്തി ഒന്നാമത് ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് പന്തുരുളുന്നത്. ഫുട്‌ബോള്‍ എല്ലാ അര്‍ഥത്തിലും ലോകമൊട്ടുക്കുമുള്ള ജനതക്ക് ആവേശവും അനുഭൂതിയും സമ്മാനിക്കുന്ന, മറ്റൊന്നിനോടും താരതമ്യം ചെയ്യാനാകാത്ത ഒരേയൊരു ഗെയിമാണ്. ഇത്രമാത്രം മാനവിക ഐക്യം ലോകത്ത് പ്രകടമായിക്കാണുന്ന മറ്റൊന്നും എടുത്തു കാണിക്കാനും കാല്‍പ്പന്തിന്റെ ലോകകപ്പ് വേദിയല്ലാതെ മറ്റൊന്നില്ല താനും. ഈയൊരു മാസക്കാലം മൊത്തം ലോകം ഒരു പന്തിനു പിറകേ പായുന്ന സ്ഥിതിവിശേഷമാണ്.
ലോകത്തെ ഒരു വിരല്‍ തുമ്പിലേക്ക് ആവാഹിച്ച് നമുക്ക് ഭൂഖണ്ഡങ്ങള്‍ തീര്‍ക്കുന്ന ദൂരങ്ങളെ മറികടക്കാനുള്ള ടെക്‌നോളജി വികസിച്ചുവന്ന കാലം കൂടിയാണിപ്പോള്‍. ഈ ആനുകൂല്യം സൗകര്യമാക്കി ഇരുപത്തിയൊന്നാം ലോകകപ്പ് മത്സരങ്ങള്‍ റഷ്യന്‍ പുല്‍മൈതാനങ്ങള്‍ക്ക് ആവേശത്തിന്റെ തീ പടര്‍ത്തുമ്പോള്‍ കോടിക്കണക്കായ കാല്‍പ്പന്താസ്വാദകര്‍ ടെലിവിഷന്‍ സ്‌ക്രീനുകള്‍ക്ക് മുമ്പില്‍ ചടഞ്ഞിരിക്കുന്ന ദിവസങ്ങളാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്.

തത്കാലത്തേക്കെങ്കിലും പലരും അവരുടെ പ്രകടമായ രാഷ്ട്രീയ ചിന്തകള്‍ക്കും മറ്റു പല ആക്ടിവിറ്റികള്‍ക്കും അവധി നല്‍കി കാല്‍പ്പന്തിന്റെ ഹര്‍ഷാരവങ്ങള്‍ക്ക് കാതോര്‍ക്കുന്നു. ലെനിന്‍ ഗ്രാഡിലും മോസ്‌കോയിലും പന്തുരുളുമ്പോള്‍ മൈതാനങ്ങളില്‍ ഉണ്ടാവുന്ന വീറും വാശിയും ഹര്‍ഷോന്‍മാദവും അതേ അളവിലോ അതിന്റെ പതിന്മടങ്ങ് അളവിലോ ഒക്കെ ഇങ്ങ് മലബാറിന്റെ മുക്കുമൂലകളില്‍ വരെ പ്രകടമാവുന്നു. ഇതില്‍ സിരകളില്‍ പടരുന്ന ഫുട്‌ബോള്‍ ലഹരിക്കൊപ്പം വിശ്വമാനവികതയോട് ഐക്യപ്പെടാനുള്ള ഒരു സുവര്‍ണാവസരത്തെ ഉപയോഗപ്രദമാക്കുക എന്ന പ്രതീകാത്മക രാഷ്ടീയം കൂടി ഒളിഞ്ഞു കിടക്കുന്നതായി കാണണം.

1872ല്‍ ഫുട്‌ബോള്‍ കളി ലോകത്തിന് പരിചയപ്പെടുത്തിക്കൊടുത്തത് ഇംഗ്ലണ്ടും സ്‌കോട്ട്‌ലാന്‍ഡും ഒക്കെ അടങ്ങുന്ന ഇംഗ്ലീഷ് ബെല്‍റ്റുകളില്‍ നിന്നാണ്. പിന്നീട് അതിന്റെ സ്വീകാര്യതയുടെ വ്യാപ്തി വര്‍ധിച്ച് അത് ഇതര യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ലാറ്റിന്‍ അമേരിക്കയിലേക്കും അതിവേഗത്തില്‍ പടര്‍ന്നുപിടിക്കുകയാണുണ്ടായത്. അക്കാലത്തെ സാമ്രാജ്യത്വ ശക്തിയായ ബ്രിട്ടന്റെ ആഫ്രിക്കന്‍ എഷ്യന്‍ കോളനി രാജ്യങ്ങളിലേക്കും ആ വികാരം കടന്നുകയറി. കോളനി രാജ്യങ്ങളില്‍ നിന്നും ഉയര്‍ന്നേക്കാവുന്ന പ്രതിഷേധങ്ങളെ ഫുട്‌ബോളിന്റെ ലഹരി സമ്മാനിച്ച് മയക്കിക്കിടത്താമെന്ന രാഷ്ട്രീയ കാഴ്ചപ്പാടും അന്നത്തെ സാമ്രാജ്യത്വ ശക്തികളുടെ രഹസ്യ അജന്‍ഡയില്‍ ഉള്‍പ്പെട്ടിരിക്കാം.

എന്നാല്‍, സാമ്രാജ്യത്വങ്ങള്‍ക്കേല്‍ക്കുന്ന രാഷ്ട്രീയപതനങ്ങള്‍ പോലെത്തന്നെ കാല്‍പ്പന്തിലും അവര്‍ക്കുണ്ടായിരുന്ന ആധിപത്യങ്ങള്‍ എളുപ്പത്തില്‍ അവരുടെ അധിനിവേശങ്ങള്‍ക്ക് അടിപ്പെട്ട ചില കോളനി രാജ്യങ്ങള്‍ കീഴടക്കിത്തുടങ്ങുന്നതാണ് പിന്നീട് കണ്ടത്. ബ്യൂണസ് അയേഴ്‌സിലേയും (അര്‍ജന്റീന) സാവോപോളയിലേയും (ബ്രസീല്‍) തെരുവുകളില്‍ നിന്നുയിര്‍ക്കൊണ്ട പുത്തന്‍ പ്രതിഭകളാണ് പില്‍ക്കാലത്ത് ഫുട്‌ബോള്‍ സാമ്രാജ്യത്വത്തിന്റെ അധിപന്മാരായത്. ഇതിലും പ്രതീകാത്മകമായ ഒരു രാഷ്ട്രീയം വായിച്ചെടുക്കാനാകും. ആയുധം കൊണ്ടു കീഴടക്കാനാവാത്ത തങ്ങളെ അടക്കി ഭരിക്കുന്ന ശക്തികളെ പുല്‍മൈതാനങ്ങളിലെ കാല്‍പ്പന്തു യുദ്ധത്തില്‍ പ്രതിഭ കൊണ്ട് കീഴടക്കുക എന്ന രാഷ്ടീയമാണത്.
ഫോക്ക്‌ലാന്‍ഡ് ദ്വീപിനു വേണ്ടിയുള്ള യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ പണ്ട് അര്‍ജന്റീനക്കു നേരെ നടത്തിയ സൈനിക ആക്രമണത്തിന്റെ പക പേറിക്കൊണ്ടാണ് അവസരം ലഭിച്ച എല്ലാ അന്താരാഷ്ട്ര മത്സരങ്ങളിലും ഇംഗ്ലണ്ടിനെതിരെ അര്‍ജന്റീന കാല്‍പ്പന്തിന്റെ പടക്കളത്തില്‍ നിന്നും ജയിച്ചുകയറിയിരുന്നത്. പ്രതീകാത്മക രാഷ്ടീയ വിജയം കൂടിയായിരുന്നു അത്.

അതുപോലെത്തന്നെയാകും തങ്ങളെ ആഗോളീകരണത്തിന്റെ കാണാച്ചരടില്‍ കെട്ടിമുറുക്കി സാമ്പത്തികമായി തകര്‍ക്കാന്‍ ശ്രമിച്ച സാമ്പത്തിക ശക്തികള്‍ക്കെതിരെ പോരാടുമ്പോള്‍ സാംബാ നൃത്തചുവടില്‍ മനോഹരമായി ഫുട്ബാള്‍ കളിച്ച് ബ്രസീലിന്റെ മഞ്ഞക്കുപ്പായക്കാര്‍ വിജയക്കൊടി പാറിപ്പിക്കുന്നത്.
1998ലെ ലോകകപ്പ് മത്സരത്തിലാണെന്നുതോന്നുന്നു, അമേരിക്കക്കെതിരെ അവരുടെ എക്കാലത്തേയും പ്രഖ്യാപിത ശത്രുപട്ടികയിലുള്ള രാജ്യമായ ഇറാന്‍ ഗോളടിച്ച് വിജയിച്ചപ്പോള്‍ ടെലിവിഷനില്‍ കളി കണ്ടുകൊണ്ടിരുന്ന കോടിക്കണക്കായ ജനങ്ങളില്‍ നിന്നുണ്ടായ ആവേശം സാമ്രാജ്യത്വത്തിനെതിരായുള്ള ഒരു പൊട്ടിത്തെറിയായി രൂപം കൊണ്ടത്. ചില മുസ്‌ലിം രാഷ്ട്രങ്ങളിലടക്കം പലയിടത്തും ഇറാന്റെ അന്നത്തെ വിജയാഘോഷം അമേരിക്കന്‍ വിരുദ്ധ പ്രകടനമായി മാറി എന്നാണ് വാര്‍ത്തകള്‍ വന്നത്. അന്നും ഇന്നും അമേരിക്കയും ഇറാനും ലോകഫുട്‌ബോള്‍ ഭൂപടത്തില്‍ കാര്യമായ ശക്തികളേയല്ല. പക്ഷേ, അന്ന് കളി വീക്ഷിച്ചിരുന്നവരുടെ മനസ്സില്‍ കളിയാസ്വാദനത്തോടൊപ്പം ലോക രാഷ്ടീയവും കാര്യമായി പ്രതിഫലിച്ചിരുന്നു എന്നു വേണം കരുതാന്‍.

ഫിഫാ റാങ്കില്‍ ഉയര്‍ന്ന സ്ഥാനമുള്ള ഫുട്‌ബോള്‍ ശക്തികളോട് ഏറ്റവും താഴേതട്ടില്‍ നില്‍ക്കുന്ന എഷ്യയില്‍ നിന്നുള്ള രാജ്യങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ തോല്‍ക്കുമെന്നറിഞ്ഞിട്ടും ഏഷ്യന്‍ പക്ഷത്തു നിന്ന് ആര്‍പ്പുവിളിക്കുന്ന ആസ്വാദകരേയും സ്വാധീനിക്കുന്നത് ഏഷ്യാ ഭൂഖണ്ഡത്തെ പ്രതിനിധീകരിക്കുന്ന രാജ്യത്തെ പിന്തുണക്കുകയെന്ന രാഷ്ട്രീയ ദേശീയവികാരം കൂടിയാണ്. പിന്നെ ഫുട്‌ബോളായാല്‍ പോലും വിജയം കാലാകാലമായി കുത്തകയാക്കി വെക്കുന്നവരുടെ പരാജയം ആസ്വദിക്കുക എന്നതിലും ഒരു വന്‍ ശക്തിവിരുദ്ധരാഷ്ടീയം വായിച്ചെടുക്കണം. അര്‍ജന്റീന ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്ന് ഗോളിന് ഈ റഷ്യന്‍ മേളയില്‍ തോറ്റപ്പോള്‍ കണ്ട വികാരവും മേല്‍ ഗണത്തില്‍ വരുന്നതാണ്.
ലോകകപ്പ് ഫുട്‌ബോളിന്റെ നാലയലത്തുപോലും എത്താന്‍ ഒരു സാധ്യതയുമില്ലാത്ത ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ കാണുന്ന ഫുട്ബാള്‍ ജ്വരം പരിധി വിടുന്ന കാലം കൂടിയാണ് ലോകകപ്പ് ഫുട്‌ബോള്‍ കാലം. ഭീമന്‍ ഫ്‌ളക്‌സ് ബോര്‍ഡുകളും കൂറ്റന്‍ കട്ടൗട്ടുകളും ഒരുക്കി മലബാറിലെ കളിഭ്രാന്തന്‍മാര്‍ പ്രകടിപ്പിക്കുന്ന ആവേശത്തില്‍ പോലും അല്‍പസ്വല്‍പമൊക്കെ കളി രാഷ്ടീയം ഒളിഞ്ഞിരിക്കുന്നത് കാണാം. ഇപ്പോഴും ബ്രസീലിനും അര്‍ജന്റീനക്കും മലബാറില്‍ കിട്ടുന്ന വന്‍ സ്വീകാര്യത അമേരിക്കയും ഇംഗ്ലണ്ടും ഫ്രാന്‍സും പോര്‍ച്ചുഗലുമൊക്കെ എത്ര നന്നായി കളിച്ചാലും അവര്‍ക്ക് ലഭിക്കുമെന്ന് തോന്നുന്നില്ല.

അള്‍ജീരിയന്‍ കുടിയേറ്റ വംശത്തില്‍ പെട്ട സിദാന്‍ എന്ന കളിക്കാരന്‍ ഫ്രഞ്ച് നിരയില്‍ കളിച്ച കാലത്ത് മാത്രമാണ് അവര്‍ക്ക് മലബാറില്‍ ഏറെ പിന്തുണക്കാരുണ്ടായത് എന്നത് ശ്രദ്ധേയമാണ്. അതുപോലെ തന്നെയാണ് ഏറ്റവും സുന്ദരമായ ശൈലിയില്‍ പന്തുകളിക്കുന്ന ടീമായിട്ടും സ്‌പെയിന്‍ പോലത്തെ ഒരു രാജ്യത്തിന് അര്‍ഹിക്കുന്ന തരത്തിലുള്ള ആരാധകരെ മലബാറില്‍ കിട്ടാതെ പോവുന്നത്.
അതേസമയം, പോര്‍ച്ചുഗലും സ്‌പെയിനും ഒക്കെ പഴയ സാമ്രാജ്യത്വത്തിന്റെ വക്താക്കളായിരുന്നെങ്കിലും ഇവര്‍ കെട്ടഴിച്ചുവിടുന്ന ആക്രമണ ഫുട്‌ബോളിന്റെ ശൈലി ഇഷ്ടപ്പെടുന്ന ആസ്വാദകരും മലബാറില്‍ ഉണ്ട് എന്നതും വിസ്മരിക്കുന്നില്ല. അതിനര്‍ഥം പ്രകടമായ രാഷ്ട്രീയ പക്ഷപാതിത്വമല്ല ഫുട്‌ബോള്‍ പ്രേമികളെ നയിക്കുന്ന പൊതുവികാരം എന്നു കൂടിയാണ്. അതേ സമയം പ്രതീകാത്മകമായി ചില രാഷ്ടീയ പക്ഷംചേരലിന് ഇടം നല്‍കിക്കൊണ്ടും ആരോഗ്യകരമായ ആസ്വാദനത്തിന്റെ മാനവിക മുഖം ലോക ജനത ഐക്യത്തോടെ പ്രകടിപ്പിക്കുന്നതും നാല് വര്‍ഷത്തിലൊരിക്കല്‍ വിരുന്നെത്തുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ കളിക്കളങ്ങളില്‍ നിന്നുയരുന്ന ഹര്‍ഷാരവങ്ങളില്‍ നിന്നു തന്നെയാവും. റഷ്യന്‍ കളിക്കളങ്ങളിലെ ആരവങ്ങളും ഈയൊരു സന്ദേശം തന്നെയാവും ലോകത്തിനു സമ്മാനിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here