വിവാഹ രജിസ്‌ട്രേഷന് മതം മാറിയവര്‍ സ്വയം സാക്ഷ്യപ്പെടുത്തല്‍ മതിയെന്ന് ഹൈക്കോടതി

Posted on: June 27, 2018 10:13 am | Last updated: June 27, 2018 at 10:13 am
SHARE

കൊച്ചി: വധു- വരന്മാര്‍ മതം മാറിയെന്ന് സ്വയം സാക്ഷ്യപ്പെടുത്തി വിവാഹ രജിസ്‌ട്രേഷന് അപേക്ഷ നല്‍കിയാല്‍ മതം മാറ്റത്തിന്റെ സാധുത പരിശോധിക്കാതെ കല്യാണം രജിസ്റ്റര്‍ ചെയ്യാമെന്ന് ഹൈക്കോടതി. ഫിലിപ്പൈന്‍ യുവതിയുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ നിരസിച്ചതിനെതിരെ തൃശൂര്‍ സ്വദേശി നല്‍കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ വിധി.

ഹരജിക്കാരന്റെ വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കാനും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു.
ഫിലിപ്പൈന്‍ യുവതിയായ എയ്‌രില്‍ സീഷന്‍ ലോറയെ ക്ഷേത്രത്തില്‍ കൊണ്ടുപോയി ഹിന്ദു മതത്തിലേക്ക് മാറ്റിയ ശേഷം 2016 സെപ്തംബര്‍ 13നാണ് ഹരജിക്കാരന്‍ കല്യാണം കഴിച്ചത്. യുവതി ഹിന്ദു മതം സ്വീകരിച്ചെന്ന് വ്യക്തമാക്കുന്ന, ക്ഷേത്രത്തിലെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കി. എന്നാല്‍, മതം മാറ്റം നിയമപരമാണോയെന്ന സംശയത്തിന്റെ പേരില്‍ ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ വിവാഹ രജിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥന്‍ അപേക്ഷ നിരസിച്ചു.

ഇതിനെതിരെയാണ് ഹരജി നല്‍കിയത്. ഹരജിയില്‍ സിംഗിള്‍ ബെഞ്ച് വനിതാ അഭിഭാഷകയെ അമിക്കസ് ക്യൂറിയായി നിയോഗിച്ച് റിപ്പോര്‍ട്ട് തേടിയിരുന്നു.
ഹിന്ദുമതത്തിലേക്ക് മാറുന്നതിന് ഔപചാരിക നടപടികളൊന്നും പറഞ്ഞിട്ടില്ലാത്തതിനാല്‍ ഹിന്ദു മതം സ്വീകരിച്ചെന്ന് ഒരാള്‍ പ്രഖ്യാപിച്ചാല്‍ അയാളെ ഹിന്ദുവായി അംഗീകരിച്ച് പൊതു അധികാരികള്‍ പ്രവര്‍ത്തിക്കണമെന്ന് സുപ്രീം കോടതി നേരത്തെ വിധിച്ചിരുന്നു.