Connect with us

International

തട്ടിപ്പുകാരനായി മുദ്രകുത്തി, സ്വത്തുക്കള്‍ വിറ്റ് കടം വീട്ടാം: മല്യ

Published

|

Last Updated

ബെംഗളൂരു:ബേങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പയെടുത്ത ശേഷം തിരിച്ചടക്കാതെ ലണ്ടനിലേക്ക് മുങ്ങിയ വിജയ് മല്യ, തന്റെ സ്വത്തുക്കള്‍ വിറ്റ് കടം വീട്ടാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി രംഗത്ത്. ഇക്കാര്യത്തില്‍ തന്റെ നിലപാട് വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കും കത്തെഴുതിയിട്ടും മറുപടി തരാതെ ഇരുവരും നിശ്ശബ്ദത പാലിച്ചുവെന്ന് മല്യ കുറ്റപ്പെടുത്തി. മോദിക്കും ജെയ്റ്റ്‌ലിക്കും എഴുതിയ രണ്ട് കത്തുകളും മല്യ പുറത്തുവിട്ടു. 2016 ഏപ്രില്‍ 15ന് പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും എഴുതിയ കത്തിലെ ഉള്ളടക്കമാണ് വിജയ് മല്യ ഇപ്പോള്‍ പുറത്തുവിട്ടത്.

കിംഗ്ഫിഷര്‍ വിമാന കമ്പനിക്കായി വായ്പയെടുത്ത ഒമ്പതിനായിരം കോടി രൂപയുമായി താന്‍ ഒളിച്ചോടിയെന്നാണ് മാധ്യമങ്ങളും രാഷ്ട്രീയക്കാരും പറയുന്നത്. വായ്പാ തട്ടിപ്പ് നടത്തിയ ആളായി തന്നെ മുദ്രകുത്തിയിരിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ മദ്യക്കമ്പനിയടക്കം നിരവധി സ്ഥാപനങ്ങള്‍ തുടങ്ങി. അതിലൂടെ കോടികള്‍ രാജ്യത്തിന് നികുതിപ്പണമായി നല്‍കി. രാജ്യവ്യാപകമായി നൂറോളം ഫാക്ടറികളിലായി ആയിരങ്ങള്‍ക്ക് ജോലി നല്‍കി. ഇക്കാര്യങ്ങള്‍ പൊതുജനമധ്യത്തില്‍ കൊണ്ടുവരാന്‍ മാധ്യമങ്ങള്‍ തയ്യാറാകുന്നില്ലെന്നും മല്യ പറഞ്ഞു.
ബേങ്കുകളുടെ പരാതിയെ മാത്രം അടിസ്ഥാനമാക്കിയാണ് തനിക്കെതിരെ സി ബി ഐയും എന്‍ഫോഴ്‌സ്‌മെന്റും കുറ്റപത്രം തയ്യാറാക്കിയത്.

എന്നാല്‍, തനിക്കെതിരെയുള്ളത് വാസ്തവവിരുദ്ധമായ ആരോപണങ്ങളാണ്. തന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. തന്റെ കമ്പനികള്‍ക്കും കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള ബിസിനസ് സ്ഥാപനങ്ങള്‍ക്കും കൂടി നിലവില്‍ 13,900 കോടിയുടെ ആസ്തിയുണ്ടെന്നും മല്യ പറഞ്ഞു.

അതേസമയം, കടബാധ്യത തീര്‍ക്കുന്നതിനായി വിജയ് മല്യ കര്‍ണാടക ഹൈക്കോടതിയുടെ അനുമതി തേടി. ഇതിന്റെ ഭാഗമായി കഴിഞ്ഞ 22ന് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. കോടതിയുടെ മേല്‍നോട്ടത്തില്‍ തന്റെ സ്വത്തുക്കള്‍ വിറ്റഴിച്ച് ബാധ്യത തീര്‍ക്കാന്‍ അനുമതി നല്‍കണമെന്ന് അഭ്യര്‍ഥിച്ചാണ് ഹൈക്കോടതിയെ സമീപിച്ചത്.