Connect with us

Kerala

പോലീസിന് മുഖ്യമന്ത്രിയുടെ ശകാരം

Published

|

Last Updated

തിരുവനന്തപുരം:നിരന്തരമായ വിവാദങ്ങളിലൂടെ സര്‍ക്കാറിന് തലവേദനയായ പോലീസ് സേനക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് സേനയിലെ ദാസ്യപ്പണി വിവാദമായ പശ്ചാത്തലത്തില്‍ അടിയന്തരമായി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി പോലീസ് സേനക്ക് ശക്തമായ താക്കീത് നല്‍കിയത്. തുടരെയുള്ള പോലീസിന്റെ വീഴ്ചകള്‍ അവസാനിപ്പിക്കാനുള്ള നടപടികളാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്തത്. പോലീസിനെതിരെ നേരത്തെയുണ്ടാകാത്ത ആക്ഷേപങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്താണ് ഉന്നതതതല യോഗം വിളിച്ചുചേര്‍ത്തത്.

ദാസ്യപ്പണി ഉള്‍പ്പെടെ പോലീസുമായി ബന്ധപ്പെട്ട അടുത്തിടെ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ സര്‍ക്കാറിന്റെ പ്രതിച്ഛായയെ ബാധിച്ചെന്നും സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുന്ന ഇത്തരം നടപടികള്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ജനാധിപത്യ ബോധം വെച്ച് പുലര്‍ത്തുന്ന സംസ്ഥാനമാണ് കേരളം. ഇവിടെ ജനങ്ങളുടെ സേവനങ്ങള്‍ക്കായിരിക്കണം പോലീസ് മുന്‍ഗണന നല്‍കേണ്ടത്. ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് പോലീസുകാരെയും ക്യാമ്പ് ഫോളോവര്‍മാരെയും ഒപ്പം നിര്‍ത്തണം. മേലുദ്യോഗസ്ഥര്‍ അതിന് നേതൃത്വം നല്‍കണം. ഇതോടൊപ്പം ഗൗരവമുള്ള കേസുകളുടെ അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവിമാര്‍ മേല്‍നോട്ടം വഹിക്കണം. വര്‍ക്ക് അറേഞ്ച്‌മെന്റ് അനന്തമായി നീളുന്ന അവസ്ഥയുണ്ടാകരുത്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കീഴില്‍ അനാവശ്യമായി ഡ്യൂട്ടിക്ക് നിയമിച്ചവരെ തിരിച്ചുവിളിക്കണം. ഓരോ കേസുകളിലും മാധ്യമങ്ങള്‍ ഇടപെടുന്നതിന് മുമ്പ് പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തില്‍ മാധ്യമങ്ങളെയും മുഖ്യമന്ത്രി വിമര്‍ശിച്ചു.

മാധ്യമങ്ങള്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്നായിരുന്നു കുറ്റപ്പെടുത്തല്‍. കേരളത്തില്‍ മാത്രമേ ഇത്രയും നെഗറ്റീവ് വാര്‍ത്തകള്‍ ഉള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ എസ് പി റാങ്കിന് മുകളിലുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. അതേസമയം, പോലീസ് ഡ്രൈവറെ മകള്‍ തല്ലിയ സംഭവവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ എ ഡി ജി പി സുധേഷ് കുമാര്‍ ഉന്നതതല യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
ശ്രീജിത്തിന്റെ കസ്റ്റഡി മരണം മുതല്‍ ദാസ്യപ്പണി വരെ നിരവധി ആരോപണങ്ങളാണ് പോലീസിനെതിരെ ഉയര്‍ന്നത്.