പ്രതീക്ഷ കാത്തു; നൈജീരിയയെ തകര്‍ത്ത് അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

Posted on: June 27, 2018 1:12 am | Last updated: June 27, 2018 at 11:20 am
SHARE

സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്: ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളുടെ പ്രതീക്ഷ കാത്ത് അര്‍ജന്റീന് ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. നൈജീരിയക്ക് എതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിജയിച്ചാണ് മെസ്സിയും കൂട്ടരും ആദ്യകടമ്പ കടന്നത്. മുന്‍ ലോകചാമ്പ്യന്‍മാരായ ഫ്രാന്‍സാണ് പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ എതിരാളികള്‍.

ആദ്യാവസാനം ഉദ്വേഗം നിറഞ്ഞ മത്സരത്തില്‍ മെസ്സിയാണ് ആദ്യ ഗോള്‍ നേടി അര്‍ജന്റീനക്ക് ലീഡ് നല്‍കിയത്. എവര്‍ ബെനേഗയുടെ പാസ് തുടയില്‍ താങ്ങിയെടുത്ത മെസ്സി വലങ്കാല്‍ കൊണ്ട് അതിനെ നൈജീരിയന്‍ വലയില്‍ എത്തിക്കുകയായിരുന്നു. 51ാം മിനുട്ടില്‍ ഹാവിയര്‍ മഷരാനോ എടുത്ത പെനാല്‍റ്റി ക്വിക്ക് അര്‍ജന്റീനിയന്‍ ഗോള്‍ പോസ്റ്റ് വിഴുങ്ങിയതോടെ മത്സരം സമനിലയില്‍. പ്രീ ക്വാര്‍ട്ടറില്‍ എത്താന്‍ സമനില മാത്രം മതിയായിരുന്ന നൈജീരിയ പിന്നീട് പ്രതിരോധത്തില്‍ ഊന്നിയതോടെ മത്സരം കനത്തു. അര്‍ജന്റീനയുടെ ഭാവി അപകടത്തില്‍ എന്ന് തോന്നിച്ച നിമിഷങ്ങളായിരുന്നു പിന്നെ. എന്നാല്‍ മത്സരം അവസാനിക്കാന്‍ വെറും നാല് മിനുട്ട് ശേഷിക്കെ അത് സംഭവിച്ചു. റോഹോയുടെ കാലില്‍ നിന്ന് പാഞ്ഞ പന്ത് നൈജീരിയയുടെ ഗോള്‍ വല ഭേദിച്ചു. ഇതോടെ അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍.

ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നും വ്യത്യസ്തമായി അര്‍ജന്റീനയുടെ പ്രതിരോധ നിരയും മുന്നേറ്റ നിരയും മത്സരത്തില്‍ ഒരു പോലെ കരുത്ത് കാട്ടി. കളിയിലുടനീളം മുന്നില്‍ നിന്ന് നയിച്ച് അര്‍ജന്റീനയുടെ ഇഷ്ടതാരം ലയണല്‍ മെസ്സി തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്.