ജസ്‌ന തിരോധാനം: ഹേബിയസ് കോര്‍പ്പസ് ഹരജി ഹൈക്കോടതി തള്ളി

Posted on: June 26, 2018 3:51 pm | Last updated: June 27, 2018 at 9:35 am
SHARE

കൊച്ചി: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജ് വിദ്യാര്‍ഥിനി ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട ഹേബിയസ് കോര്‍പ്പസ് ഹരജികള്‍ ഹൈക്കോടതി തള്ളി. ജസ്‌ന തടങ്കലിലാണെന്ന് കണ്ടെത്താനായിട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്‌നയെ കണ്ടെത്താന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടും ഹരജിയുണ്ട്. അതിനാല്‍ ഹേബിയസ് കോര്‍പ്പസിന്റെ ആവശ്യമില്ലെന്നും കോടതി വിലയിരുത്തി.

ജെസ്‌നയുടെ സഹോദരന്‍, രാഷ്ട്രീയ നേതാവ് ഷോണ്‍ ജോര്‍ജ് എന്നിവരാണ് ഹേബിയസ് കോര്‍പ്പസ് ഹരജി സമര്‍പ്പിച്ചത്. ജസ്‌ന തിരോധാനത്തില്‍ ഹേബിയസ് കോര്‍പസ് ഹരജിയുടെ ആവശ്യമെന്തെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേ ചോദിച്ചിരുന്നു. കുട്ടിയെ കാണാതായതിനെ അന്യായമായി തടങ്കലില്‍വെച്ചെന്ന് പറയാന്‍ കഴിയുമോയെന്നും കോടതി ചോദിച്ചു.

ജസ്‌നയെ കാണാതായ സംഭവത്തില്‍ വിവരങ്ങള്‍ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അന്വേഷണം തുടരുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന എല്ലാ ആരോപണങ്ങളെ കുറിച്ചും അന്വേഷിച്ചു. ജസ്‌നയെ കണ്ടെത്തുന്നതിന് സഹായകമാകുന്ന തരത്തിലുള്ള ഒരു തെളിവും അപ്പോഴൊന്നും ലഭിച്ചില്ല. ജസ്‌നയെ കണ്ടുവെന്ന് പറയപ്പെടുന്ന സ്ഥലങ്ങളിലെല്ലാം അന്വേഷണം നടത്തി. എന്നാല്‍, അവിടങ്ങളില്‍ കണ്ടത് ജസ്‌നയെയാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല. ജസ്‌നയുടെ പിതാവ് കോട്ടയം മുണ്ടക്കയത്ത് നിര്‍മിക്കുന്ന വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ഒരു തെളിവും ലഭിച്ചില്ല. വീട്ടുകാര്‍ക്കെതിരായ ആരോപണങ്ങളിലും അന്വേഷണം നടത്തി. ഇത് വാസ്തവമാണെന്നതിനും തെളിവുകള്‍ കിട്ടിയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ജസ്‌നയെ കണ്ടെത്താന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും സര്‍ക്കാര്‍ ആരായുന്നുണ്ടെന്ന് തിരുവല്ല ഡി വൈ എസ് പി ചന്ദ്രശേഖര പിള്ള കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 250 പേരെ ചോദ്യം ചെയ്തുവെന്നും 120 പേരുടെ മൊഴി രേഖപ്പെടുത്തിയെന്നും ഒരു ലക്ഷത്തോളം ഫോണ്‍ കോളുകള്‍ പരിശോധിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.