Connect with us

Kerala

മോദി 'അഭിനവ ഹിറ്റ്‌ലര്‍'; ഇന്ദിരാ ഗാന്ധിയെ ആക്ഷേപിച്ച അരുണ്‍ ജെയ്റ്റ്‌ലിയുടെ നടപടി അപലപനീയം: സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം: അസഹിഷ്ണുതയുടെ ആള്‍രൂപമായി, ജനാധിപത്യമതേതര മൂല്യങ്ങളുടെ ആരാച്ചാരായി, ഭരണകൂട വര്‍ഗീയതയുടെ വിഷം വമിപ്പിച്ചുകൊണ്ട് ഇഷ്ടമില്ലാത്തവരെ വകവരുത്തുന്നതിന് സര്‍വ്വ സന്നാഹങ്ങളും ഒരുക്കികൊടുക്കുന്ന “അഭിനവ ഹിറ്റ്‌ലറാ”യ നരേന്ദ്ര മോദിയുടെ കീഴിലിരുന്ന് ഇന്ദിരാ ഗാന്ധിയെ ആക്ഷേപിക്കുന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ നടപടി പരിഹാസ്യവും അപലപനീയവുമാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.

ലോക സാമ്പത്തികരംഗം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നപ്പോഴും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തകരാതെ പോയതിന് കാരണം ബേങ്ക് ദേശസാല്‍ക്കരണം പോലെയുള്ള ഇന്ദിരാ ഗാന്ധിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളായിരുന്നു. നോട്ട് പിന്‍വലിക്കല്‍ പോലുള്ള ഭ്രാന്തന്‍ നടപടികളിലൂടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച മോഡിയുടെ മുഖ്യ കാര്യസ്ഥനായ ജെയ്റ്റ്‌ലി ഇന്ദിരാഗാന്ധിയെ ആക്ഷേപിക്കുന്നതിനു മുമ്പ് കണ്ണാടിയില്‍ സ്വന്തം മുഖം നോക്കട്ടെയെന്നും സുധീരന്‍ വ്യക്തമാക്കി.

ഇന്ദിരാ ഗാന്ധിയെ ഹിറ്റ്‌ലറോട് ഉപമിച്ച് അരുണ്‍ ജെയ്റ്റ്‌ലി കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത ബ്ലോഗിലാണ് ജെയ്റ്റ്‌ലിയുടെ പരാമര്‍ശങ്ങള്‍ ഉള്ളത്. ഹിറ്റ്‌ലറേക്കാള്‍ ഒരു പടികൂടി കടന്ന് ഇന്ത്യയെ കുടംബവാഴ്ചാ ജനാധിപത്യത്തിലേക്ക് നയിക്കാനാണ് ഇന്ദിരാ ഗാന്ധി ശ്രമിച്ചതെന്ന് ബ്ലോഗില്‍ പറയുന്നു. ഹിറ്റ്‌ലറും ഇന്ദിരയും ഒരിക്കലും ഭരണഘടന റദ്ദാക്കിയില്ല. ജനാധിപത്യത്തെ സ്വേച്ഛാധിപത്യത്തിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ റിപ്പബ്ലിക്കന്‍ ഭരണഘടന ഉപേക്ഷിക്കുകയാണ് ചെയ്തത്. മിക്ക പ്രതിപക്ഷ അംഗങ്ങളെയും അറസ്റ്റ് ചെയ്ത് ന്യൂനപക്ഷ സര്‍ക്കാറിനെ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള സര്‍ക്കാറാക്കുകയായിരുന്നു ഹിറ്റ്‌ലര്‍.

ഭരണഘടനാ വ്യവസ്ഥകളെ ഉപയോഗിച്ച് ഭരണഘടനാപരമായ ഏകാധിപത്യം സൃഷ്ടിക്കുകയാണ് ഇന്ദിര ചെയ്തതെന്നും ജെയ്റ്റ്‌ലി എഴുതുന്നു. ജര്‍മനിക്ക് ഒരു അധികാരിയേ ഉള്ളൂ; അത് ഹിറ്റ്‌ലറാണെന്നായിരുന്നു നാസി നേതാവ് പറഞ്ഞത്. അതുപോലെ അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് ദേവകാന്ത ബറുവ പറഞ്ഞത് ഇന്ദിരയെന്നാല്‍ ഇന്ത്യ; ഇന്ത്യയെന്നാല്‍ ഇന്ദിര എന്നായിരുന്നുവെന്നും ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി.

---- facebook comment plugin here -----

Latest