കൊല്ലത്ത് ഫോര്‍മാലിന്‍ കലര്‍ന്ന 9,600 കിലോ മത്സ്യം പിടിച്ചെടുത്തു

Posted on: June 26, 2018 11:47 am | Last updated: June 26, 2018 at 3:54 pm

കൊല്ലം: തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ വെച്ച് പിടികൂടി.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപറേഷന്‍ സാഗര്‍ റാണിയുടെ മൂന്നാം ഘട്ടത്തില്‍ കണ്ടെത്തിയ പരിശോധനയില്‍ 9,600 കിലോഗ്രാം മത്സ്യമാണ് പിടികൂടിയത്. കൊച്ചിയിലേക്കും കോട്ടയത്തേക്കും കൊണ്ടുവന്ന മത്സ്യമാണിത്. രണ്ട് വാഹനങ്ങളിലായി വന്ന മത്സ്യങ്ങളാണിവ. 7,000 കിലോഗ്രാം ചെമ്മീനും 2,600 കിലോഗ്രാം മറ്റു മത്സ്യങ്ങളുമാണ് ഇവയിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാത്രി നടത്തിയ പ്രാഥമിക പരിശോധനയിലാണ് തൂത്തുക്കുടിയില്‍ നിന്നെത്തിയ മത്സ്യത്തില്‍ ഫോര്‍മാലിന്‍ മാരകമായ അളവില്‍ അടങ്ങിയിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയത്.

ഇവ കൂടാതെ സംസ്ഥാനത്ത് രണ്ടാഴ്ചക്കിടെ, ഫോര്‍മാലിന്‍ മാരകമായ അളവില്‍ കലര്‍ത്തിയ 20,000 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ആഴ്ച അമരവിളയില്‍ നിന്ന് പിടികൂടിയ 14,000 കിലോ മത്സ്യം സര്‍ക്കാര്‍ ലാബിലെ പരിശോധനയില്‍ യാതൊരു കുഴപ്പവുമില്ലെന്ന് കണ്ടെത്തിയവയായിരുന്നു. പിന്നീട് ഫിഷറീസ് ടെക്‌നോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് ഒരു കിലോ മത്സ്യത്തില്‍ 63 മില്ലി ഗ്രാം എന്ന അളവില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയിട്ടുണ്ടെന്ന് തെളിഞ്ഞത്. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഓപറേഷന്‍ സാഗര്‍ റാണിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ദിവസം മാരകമായ ഫോര്‍മാലിന്‍ കലര്‍ന്ന 6,000 കിലോഗ്രാം ചെമ്മീന്‍ പിടിച്ചെടുത്തിരുന്നു. പാലക്കാട് വാളയാര്‍ ചെക്ക് പോസ്റ്റില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ആന്ധ്രാ പ്രദേശില്‍ നിന്നെത്തിയ 6,000 കിലോഗ്രാം ചെമ്മീനില്‍ ഫോര്‍മാലിന്‍ മാരകമായ അളവില്‍ അടങ്ങിയിട്ടുണ്ടെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം കണ്ടെത്തിയത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ച് കൂട്ടിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു.. ഇന്നുച്ചക്ക് 12 മണിക്ക് മന്ത്രിയുടെ ചേംബറില്‍ വച്ചാണ് യോഗം.