Connect with us

Gulf

തുല്യതാ സര്‍ട്ടിഫിക്കറ്റ്; ഗള്‍ഫിലെ ഇന്ത്യന്‍ അധ്യാപകരെ പിരിച്ചുവിട്ടു തുടങ്ങി

Published

|

Last Updated

അജ്മാന്‍: ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്തുവരുന്ന ഇന്ത്യക്കാരായ അധ്യാപകരെ തൊഴിലില്‍ നിന്ന് പിരിച്ചുവിട്ടു തുടങ്ങി. രാജ്യങ്ങളിലെ വിദ്യാഭ്യാസ വകുപ്പ് നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയില്ലാത്ത അധ്യാപകരെയാണ് മാനേജ്‌മെന്റുകള്‍ തൊഴില്‍ അവസാനിപ്പിക്കാന്‍ നോട്ടീസ് നല്‍കി തുടങ്ങിയത്. യു എ ഇ, ഖത്വര്‍, സഊദി അറേബ്യ എന്നീ രാജ്യങ്ങളിലാണ് നടപടിക്ക് തുടക്കം കുറിച്ചിട്ടുള്ളത്.
ഈ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്‌കൂളുകള്‍, ബ്രിട്ടീഷ്, അമേരിക്കന്‍ തുടങ്ങി നിരവധി സ്‌കൂളുകളാണ് നടപടി സ്വീകരിച്ചു തുടങ്ങിയത്. ഇതോടെ ഈ രാജ്യങ്ങളില്‍ ജോലിചെയ്യുന്ന നൂറുകണക്കിന് അധ്യാപകരുടെയും അധ്യാപികമാരുടെയും കുടുംബങ്ങളാണ് തൊഴില്‍ നഷ്ടപ്പെട്ട് സ്വന്തം നാടുകളിലേക്ക് തിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും മലയാളികളാണ്.

ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്ക് ഈ രാജ്യങ്ങളിലെ വിദ്യാഭ്യാസ വകുപ്പ് നിഷ്‌കര്‍ഷിക്കുന്ന യോഗ്യത വേണമെന്നത് നിര്‍ബന്ധമാണ്. ബിരുദമാണ് അടിസ്ഥാന യോഗ്യതയായി ഈ രാജ്യങ്ങള്‍ പരിഗണിക്കുന്നത്.
എന്നാല്‍ സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ കോളജുകളില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാഭ്യാസ വകുപ്പുകള്‍ അംഗീകാരം നല്‍കുന്നുള്ളൂ. ഇത്തരം ഉദ്യോഗാര്‍ഥികള്‍ക്ക് തുല്യതാ സര്‍ട്ടിഫിക്കറ്റ് (ഈക്വലന്‍സി) നല്‍കി വരാറുണ്ട്. ഈ സര്‍ട്ടിഫിക്കറ്റ് ലഭിച്ചവരെ മാത്രമേ ജോലിയില്‍ തുടരാന്‍ അനുവദിക്കാവൂ എന്ന് കര്‍ശന നിര്‍ദേശമാണ് വിദ്യാഭ്യാസ വകുപ്പുകള്‍ നല്‍കിയിട്ടുള്ളത്.
കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ബിരുദം നേടിയവരില്‍ വലിയൊരു ശതമാനം പേരും സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ അംഗീകൃത സ്ഥാപനങ്ങളിലോ പഠനം നടത്തിയവരല്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും അഫിലിയേറ്റഡ് ചെയ്ത സ്ഥാപനങ്ങളിലും പ്രവേശനം നേടാത്തവര്‍ ഓരോ സര്‍വകലാശാലക്ക് കീഴില്‍ പ്രൈവറ്റ് ആയിട്ടാണ് രജിസ്റ്റര്‍ ചെയ്ത് പഠിച്ചിട്ടുള്ളത്. പാരലല്‍ കോളജുകള്‍, ദഅ്‌വാ കോളജുകള്‍, കോപറേറ്റീവ് കോളജുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ പഠനം നടത്തിയവരെല്ലാം പ്രൈവറ്റ് ആയിട്ടാണ് രജിസ്റ്റര്‍ ചെയ്ത് പഠിച്ചിരുന്നത്.

ഇത്തരം വിദ്യാര്‍ഥികള്‍ക്ക് ഇന്റേണല്‍ മാര്‍ക്കിന് പകരമായി അധികമായി ഒരു വിഷയം കൂടി പഠിക്കേണ്ടതുണ്ടായിരുന്നു. ഇപ്പോഴും ഈ രീതിയില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠനം തുടര്‍ന്ന് വരികയാണ്. ഇത്തരത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്കും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും ഒരേ സര്‍ട്ടിഫിക്കറ്റാണ് നല്‍കിവരുന്നത്.
അതേസമയം ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്കെത്തുമ്പോള്‍ പഠനം നടത്തിയത് റഗുലര്‍, പ്രൈവറ്റ് എന്നിങ്ങനെ കൃത്യമായി കോണ്‍സുലേറ്റും സര്‍വകലാശാലകളുമായി ചേര്‍ന്ന് അന്വേഷിക്കുന്നുണ്ട്. ഇത്തരത്തില്‍ പ്രൈവറ്റ് ആയി രജിസ്റ്റര്‍ ചെയ്തവരെ അയോഗ്യരാക്കുന്ന നടപടി കര്‍ക്കശമാക്കിയതാണ് നിരവധി പേരുടെ തൊഴില്‍ നഷ്ടത്തിന് കാരണമായത്.
യു എ ഇയിലെ വടക്കന്‍ എമിറേറ്റുകളായ അജ്മാന്‍, ഷാര്‍ജ, റാസല്‍ ഖൈമ, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളില്‍ ഇതിനകം നൂറോളം പേര്‍ക്ക് സ്‌കൂളുകള്‍ ജോലി അവസാനിപ്പിക്കാന്‍ നോട്ടീസ് നല്‍കി കഴിഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ വേനലവധി കഴിഞ്ഞ് സെപ്തംബര്‍ മാസത്തില്‍ സ്‌കൂളുകള്‍ തുറക്കാനിരിക്കെ സെപ്തംബര്‍ 31നകം അംഗീകാരം നേടാന്‍ കഴിയാത്തവരോട് ജോലി അവസാനിപ്പിക്കാനാണ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

ലോകോത്തര നിലവാരമെന്ന് വിശ്വസിച്ച് നമ്മുടെ യൂനിവേഴ്‌സിറ്റികളില്‍ നിന്നും പഠിച്ചെടുത്ത ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഒരു കീറ കടലാസിന്റെ വില പോലുമില്ലാതാകൂന്ന അവസ്ഥ വളരെ വേദനാജനകമാണെന്നും മറ്റ് തൊഴില്‍ മേഖലകളിലേക്ക് മാറാന്‍ ശ്രമിക്കുകയാണെന്നും യുഎഇയിലെ അധ്യാപകനും എടപ്പാള്‍ സ്വദേശിയുമായ സി കെ എം ശമീര്‍ പറഞ്ഞു.
ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ കുടുംബത്തോടൊപ്പം ഇവിടെ കഴിയാന്‍ സാധിക്കില്ലെന്നും നാട്ടിലേക്ക് തിരിക്കുകയാണെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത അധ്യാപികമാരിലൊരാള്‍ സിറാജിനോട് തങ്ങളുടെ പരാതികള്‍ പങ്കുവെച്ചു.
ഇത് സംബന്ധിച്ച് സിറാജ് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച് കേരള വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബശീര്‍ എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
കൂടാതെ യു എഇ യിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിദ്യാഭ്യാസ വിഭാഗം മേധാവി പങ്കജ് ബോഡ്‌കെയുമായും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ വിദേശ രാജ്യത്തെ വകുപ്പുകളുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങളായതിനാല്‍ ഇടപെടുന്നതില്‍ പരിമിതികളുണ്ടെന്നായിരുന്നു പ്രതികരണം.

Latest