Connect with us

Kerala

എ ഡി ജി പിയുടെ മകളുടെ അറസ്റ്റ് വൈകുന്നു; മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്

Published

|

Last Updated

തിരുവനന്തപുരം: പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച കേസില്‍ എ ഡി ജി പി സുധേഷ് കുമാറിന്റെ മകളുടെ അറസ്റ്റ് വൈകുന്നു. തെളിവ് ശേഖരണം തുടരുന്നുവെന്നാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ വിശദീകരണം. ഉന്നതതല സമ്മര്‍ദമാണ് അറസ്റ്റ്് വൈകുന്നതിനു കാരണമെന്നാണ് അറിയുന്നത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടഞ്ഞു, മര്‍ദനം എന്നീ കുറ്റങ്ങളാണ് എ ഡി ജി പിയുടെ മകളുടെ മേല്‍ ചുമത്തിയിരിക്കുന്നത്. ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടാന്‍ അവസരമൊരുക്കാനാണ് നടപടികള്‍ വൈകിപ്പിക്കുന്നതെന്നാണ് ആരോപണം.

അതേസമയം ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം പോലീസ് ആസ്ഥാനത്ത്് ചേരുന്നുണ്ട്. പോലീസിനെതിരെയും പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെയും പേരില്‍ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. ശ്രീജിത്തിന്റെ കസ്റ്റഡി മരണം, കെവിന്റെ കൊലപാതകം, ലോക്കപ്പ്്് മര്‍ദനങ്ങള്‍ എന്നിങ്ങനെ പോലീസിനെ പ്രതികൂട്ടിലാക്കുന്ന നിരവധി സംഭവങ്ങളാണ് സമീപകാലത്തുണ്ടായത്. അതിനിടെയാണ് ദാസ്യപ്പണി വിവാദവും ഉയരുന്നത്. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഉന്നത പോലീസുദ്യോഗസ്ഥരുടെ യോഗം വിളിക്കുന്നത്. പോലീസ് പ്രതിരോധത്തിലായ വിവാദങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ആദ്യ യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടാകുമെന്നാണ് സൂചന.

ഗവാസ്‌കറെ മര്‍ദിച്ച കേസില്‍ സാഹചര്യത്തെളിവുകളും സാക്ഷി മൊഴികളും എ ഡി ജി പി സുധേഷ് കുമാറിന്റെ മകള്‍ക്കെതിരായിട്ടും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ വൈകുകയാണ്. പ്രാഥമിക റിപ്പോര്‍ട്ട് ഈ ആഴ്ച സമര്‍പ്പിക്കുമെന്ന് സൂചനയുണ്ടെങ്കിലും അറസ്റ്റിന്റെ കാര്യത്തില്‍ വ്യക്തതയില്ല. വൈകാതെ അറസ്റ്റ് നടക്കേണ്ട കുറ്റമായിരുന്നിട്ടും ആദ്യം കേസന്വേഷിച്ച പോലീസും ഇപ്പോഴന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘവും ശക്തമായ നടപടിയിലേക്ക് നീങ്ങിയിട്ടില്ല. ഉന്നത സമ്മര്‍ദമാണ് മെല്ലപ്പോക്കിന് കാരണമാണെന്നാണ് ആക്ഷേപം.
എന്നാല്‍ തെളിവ് ശേഖരണവും മൊഴിയെടുക്കലും പൂര്‍ത്തിയാകാതെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കില്ലെന്ന് അന്വേഷണസംഘം വിശദീകരിക്കുന്നു. ഗവാസ്‌കറെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴി ഇന്നലെ ക്രൈം ബ്രാഞ്ച് സംഘം രേഖപ്പെടുത്തി. ചികിത്സാരേഖകളും ശേഖരിച്ചു.

ഗവാസ്‌കര്‍ക്കെതിരായ എ ഡി ജി പിയുടെ മകളുടെ പരാതിയില്‍ ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. ദാസ്യപ്പണി വിവാദത്തില്‍ ആരോപണവിധേയനായ പേരൂര്‍ക്കട എസ് എ പി ഡെപ്യൂട്ടി കമാന്‍ഡന്റ് പി വി രാജുവിനെതിരെ ആഭ്യന്തരവകുപ്പ് ഉടന്‍ നടപടിയെടുക്കുമെന്നാണ് അറിയുന്നത്.

Latest