തുര്‍ക്കിയില്‍ വീണ്ടും ഉര്‍ദുഗാന്‍

Posted on: June 26, 2018 9:47 am | Last updated: June 26, 2018 at 9:47 am
SHARE

തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് റജബ് ത്വയ്യിബിന്റെ നിലപാടുകളെ അംഗീകരിച്ചിരിക്കയാണ് തുര്‍ക്കി ജനത. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 53 ശതമാനം വോട്ടുനേടി ഉര്‍ദുഗാന്‍ രണ്ടാമതും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, അദ്ദേഹം നയിക്കുന്ന എ കെ പാര്‍ട്ടി എന്നറിയപ്പെടുന്ന ജസ്റ്റിസ് ആന്‍ഡ് ഡവലപ്‌മെന്റ് പാര്‍ട്ടി 42 ശതമാനം വോട്ടോടെ പാര്‍ലിമെന്റില്‍ ഒന്നാമതെത്തുകയും ചെയ്തു. തൊട്ടടുത്ത എതിരാളി മുഹര്‍റം ഇന്‍സിക്ക് 31 ശതമാനം വോട്ടുകളേ നേടാനായുള്ളൂ. പ്രധാന പ്രതിപക്ഷമായ സി എച്ച് പിക്ക് 23 ശതമാനം വോട്ടാണു ലഭിച്ചത്.

]അടുത്ത വര്‍ഷം നവംബര്‍ മൂന്നിന് നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് ഉര്‍ദുഗാന്‍ നേരത്തെയാക്കുകയായിരുന്നു. സാമ്പത്തിക വെല്ലുവിളികളെ അതിജീവിക്കാന്‍ സുസ്ഥിരവും ശക്തവുമായ സര്‍ക്കാര്‍ ആവശ്യമായതുകൊണ്ടാണ് ഇതെന്നാണ് അദ്ദേഹം പറയുന്നത്. തുര്‍ക്കിയില്‍ ഒരിക്കല്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരി അടുത്ത തവണയും അധികാരത്തിലെത്താറില്ല. ഉര്‍ദുഗാന്റെ വരവോടെയാണ് ഇതിന് മാറ്റം വന്നത്. 2002ല്‍ അധികാരത്തിലെത്തിയ അദ്ദേഹം 2007ലും 2011ലും 2015ലും തിരഞ്ഞെടുക്കപ്പെട്ടു. ഓരോ തവണയും ജനപിന്തുണ വര്‍ധിക്കുകയും ചെയ്തു. ഇസ്തംബൂളിന്റെ മേയറായതോടെയാണ് രാഷ്ട്രീയരംഗത്ത് ഉര്‍ദുഗാന്‍ ശ്രദ്ധേയനായത്. 1994 മാര്‍ച്ച് 27നാണ് ലോകത്തെ ഏറ്റവും വലിയ മെട്രോപൊളിറ്റന്‍ സിറ്റിയായ ഇസ്തംബൂളിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ടത.് നാല് വര്‍ഷമേ സ്ഥാനം വഹിക്കാന്‍ സാധിച്ചുള്ളൂവെങ്കിലും നഗരത്തെ പരിവര്‍ത്തിപ്പിക്കുന്നതിലും വികസിത നഗരമാക്കുന്നതിലും അദ്ദേഹം മികച്ച വിജയം കൈവരിച്ചു.
‘യൂറോപ്പിന്റെ രോഗി’യെന്ന് മുദ്രകുത്തിയിരുന്ന തുര്‍ക്കിയെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ യൂറോപ്പില്‍ രണ്ടാം സ്ഥാനത്തെത്തിച്ച ഉര്‍ദുഗാന്‍ ഇസ്‌ലാമിക ലോകത്ത് പൊതുവെ പ്രിയങ്കരനാണ്. കാര്യങ്ങള്‍ ഇവ്വിധം പോവുകയാണെങ്കില്‍ ആസന്ന ഭാവിയില്‍ ലോകത്തെ മികച്ച പത്ത് സാമ്പത്തിക ശക്തികളില്‍ ഒന്നാകാന്‍ തുര്‍ക്കിക്കാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അറബ് ലോകത്തെ പ്രശ്‌നങ്ങളില്‍ മുഖം നോക്കാതെ അഭിപ്രായം പറയാനും ഇടപെടാനും ഉര്‍ദുഗാന്‍ കാണിക്കുന്ന തന്റേടമാണ് ഉര്‍ദുഗാനെ ലോകജനതക്ക് പിയങ്കരനാക്കിയത്. അറബ് വസന്തം വീശിയടിച്ച ഘട്ടത്തില്‍ മേഖലയില്‍ ഏറ്റവും സ്വാധീനമുണ്ടായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ടൂണീഷ്യ, ഈജിപ്ത്, യെമന്‍, ലിബിയ തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികളോട് ജനവികാരം മാനിച്ച് ഇറങ്ങിപ്പോകാന്‍ ആഹ്വാനം ചെയ്ത ഏക മുസ്‌ലിം ഭരണാധികാരി ഉര്‍ദുഗാനാണ്.

സൗമ്യനും വിനീതനുമായ ഭരണാധികാരിയാണ് അദ്ദേഹം. ഉന്നതരോട് മാത്രം സഹവസിക്കുന്നവരില്‍ നിന്ന് വിഭിന്നമായി സാധാരണക്കാരോടൊപ്പം സമയം ചെലവഴിക്കാനും സമയം കണ്ടെത്തിയ ഉര്‍ദുഗാന്‍ ലോകമെമ്പാടുമുള്ള ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ കണ്ണീരൊപ്പുന്നതില്‍ നിര്‍വൃതി കണ്ടെത്തുന്നു. ഏറ്റവും വലിയ ദരിദ്ര രാജ്യമായ സോമാലിയയില്‍ നിരവധി വികസന പദ്ധതികള്‍ അദ്ദേഹം നടപ്പാക്കി. റോഹിംഗ്യന്‍ മുസ്‌ലിംകളുടെ അടുത്ത് ആദ്യം ഓടിയെത്തിയത് ഉര്‍ദുഗാന്റെ നിര്‍ദേശ പ്രകാരം അദ്ദേഹത്തിന്റെ സഹധര്‍മിണി ആമിനയും തുര്‍ക്കി വിദേശകാര്യമന്ത്രി ദാവൂദൊഗ്ലുവുമാണ്. അഭയാര്‍ഥികളുടെ പ്രാഥമികാവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചതോടൊപ്പം മ്യാന്മര്‍ ഭരണാധികാരികളെ കണ്ട് റോഹിംഗ്യകള്‍ക്കെതിരെയുള്ള സൈനിക ക്രൂരത അവസാനിപ്പിക്കാന്‍ അവര്‍ ആവശ്യപ്പെടുകയും ചെയ്തു. വര്‍ഷങ്ങളോളം ഉപരോധത്തിനിരയായി കൊടിയ ദുരിതം പേറുന്ന ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷ്യവിഭവങ്ങളെത്തിക്കാനും അദ്ദേഹം മുന്‍കൈയുടുത്തു.
സൈനിക അട്ടിമറിയെ അതിജീവിച്ചാണ് ഉര്‍ദുഗാന്‍ അധികാരത്തില്‍ തുടരുന്നത്. 2016 ജൂലൈയില്‍ ഒരു വിഭാഗം സൈനികര്‍ നടത്തിയ അട്ടിമറി ശ്രമം ജനങ്ങള്‍ പരാജയപ്പെടുത്തുകയായിരുന്നു. അന്ന് പ്രധാന നഗരങ്ങളായ ഇസ്തംബൂളിന്റെയും അങ്കാറയുടെയും നിയന്ത്രണം സൈന്യം ഏറ്റെടുത്തിരുന്നതാണ്. ഉര്‍ദുഗാന് പിന്തുണയുമായെത്തിയ ജനക്കൂട്ടം സൈന്യത്തെ നിഷ്‌ക്രിയരാക്കുകയായിരുന്നു. ഇതേതുടര്‍ന്നു രാജ്യത്ത് നടപ്പാക്കിയ അടിയന്തരാവസ്ഥ ഇപ്പോഴും തുടരുകയാണ്. തുടര്‍ന്ന് പ്രധാനമന്ത്രി പദം ഇല്ലാതാക്കി പ്രസിഡന്റില്‍ അധികാരം കേന്ദ്രീകരിക്കുന്ന പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിന് വേണ്ടി നടത്തിയ ഹിത പരിശോധനയില്‍ ജനങ്ങള്‍ അതിന് അംഗീകാരം നല്‍കുകയും ചെയ്തു. ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് വിജയം പ്രസിഡന്‍ഷ്യല്‍ സംവിധാനം തുടരാനുള്ള അംഗീകാരം കൂടിയാണ്.

കൂടുതല്‍ അധികാരങ്ങളോടെ വീണ്ടും തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ഉര്‍ദുഗാന്‍ ജനാധിപത്യവിരുദ്ധനും ഏകാധിപതിയുമാകുമോ എന്ന ആശങ്ക ചിലര്‍ ഉയര്‍ത്തുന്നുണ്ട്. അതേസമയം പ്രസിഡന്‍ഷ്യല്‍ രീതി അമേരിക്ക, ഫ്രാന്‍സ് ഉള്‍പ്പെടെ പല ജനാധിപത്യ രാജ്യങ്ങളിലും നിലവിലുള്ളതാണ്. തുര്‍ക്കിയില്‍ മാത്രം അത് ഭൂകമ്പമുണ്ടാക്കുമെന്ന പ്രചാരണത്തിന് പിന്നിലെ യുക്തി മനസ്സിലാക്കാന്‍ പ്രയാസമുണ്ട്. തുര്‍ക്കിയെ ഇസ്‌ലാമിക പൈതൃകത്തിലേക്ക് മടക്കിക്കൊണ്ടുപോകാനുള്ള ശ്രമങ്ങളെ ഇഷ്ടപ്പെടാത്തവരാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍. ഭരണകാലം നാല് വര്‍ഷം എന്നത് അഞ്ച് വര്‍ഷമായി വര്‍ധിച്ചു എന്നല്ലാതെ പ്രസിഡന്‍ഷ്യല്‍ വ്യവസ്ഥയിലൂടെ കാലങ്ങളോളം അധികാരത്തില്‍ ഏകാധിപതിയായി തുടരാന്‍ ഉര്‍ദുഗാന്കഴിയില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിന് തുര്‍ക്കി ഭരണഘടനയുടെ പിന്‍ബലമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here