Connect with us

Articles

'ആദ്യം കേള്‍ക്കൂ'

Published

|

Last Updated

“ആദ്യം കേള്‍ക്കൂ”- ഈ വര്‍ഷത്തെ അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനത്തില്‍ ഐക്യരാഷ്ട്രസഭ ലോകത്തെ രക്ഷാകര്‍ത്താക്കള്‍ക്കു മുമ്പില്‍ ഉയര്‍ത്തുന്ന സന്ദേശമാണിത്. കുട്ടികളും യുവാക്കളും മയക്കുമരുന്നുകള്‍ക്കും മറ്റു ലഹരിപദാര്‍ഥങ്ങള്‍ക്കും ഇരകളാകുന്നതില്‍ കുടുംബപശ്ചാത്തലവും നിര്‍ണായക ഘടകമാകുന്ന സാഹചര്യത്തിലാണ് ഐക്യരാഷ്ട്രസഭ “ആദ്യം കേള്‍ക്കൂ” എന്ന സന്ദേശം ഉയര്‍ത്തുന്നത്. കുട്ടികള്‍ക്കും യുവാക്കള്‍ക്കും പറയാനുള്ളത് കേള്‍ക്കുകയാണ് അവര്‍ വഴിതെറ്റിപ്പോകാതിരിക്കുന്നതിനും കര്‍മശേഷിയുള്ള യുവതലമുറയെ വാര്‍ത്തെടുക്കുന്നതിനുമുള്ള പ്രധാന മാര്‍ഗമെന്ന് ഈ സന്ദേശം ഓര്‍മിപ്പിക്കുന്നു. കുട്ടികള്‍ക്ക് പറയാന്‍ ഒരുപാടുണ്ടാകും, പക്ഷേ രക്ഷിതാക്കള്‍ക്ക് അതിനു ചെവികൊടുക്കാന്‍ സമയമില്ല. മക്കള്‍ പറയുന്നത് കേള്‍ക്കാതിരിക്കുന്നതിന് നിരത്താന്‍ ന്യായങ്ങള്‍ ഒരുപാടുണ്ടുതാനും. ജോലിയും സാമൂഹികജീവിതവുമായി ബന്ധപ്പെട്ട നൂറുകൂട്ടം തിരക്കുകള്‍. ഒടുവില്‍ “ഞങ്ങള്‍ കഷ്ടപ്പെടുന്നതെല്ലാം നിങ്ങളുടെ ഭാവിക്കുവേണ്ടി”യെന്ന ന്യായീകരണം. ബാല്യത്തിലായാലും യൗവനത്തിലായാലും മക്കള്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയെന്ന ബാധ്യത നിറവേറ്റപ്പെടാതെ പോകുന്നത് അവരുടെ ഒറ്റപ്പെടലിനും മാനസികവും ശാരീരികവുമായ അസ്വസ്ഥത കള്‍ക്കുമാണ് വഴിതുറക്കുക.
ആധുനികലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് മയക്കുമരുന്നുകളുടെ വര്‍ധിച്ച ഉപയോഗവും വിപണനവും. മയക്കുമരുന്നുകള്‍ അവ ഉപയോഗിക്കുന്നവരില്‍ വിഭ്രാന്തി, അകാരണമായ ഭീതി, ആകുലത, മിഥ്യാബോധം, കുറ്റവാസന തുടങ്ങിയവ സൃഷ്ടിക്കുന്നു. ഓരോ വ്യക്തിയിലും ഇത് വ്യത്യസ്ത പ്രതികരണമാണുണ്ടാക്കുക. പക്വതയോടെയുള്ള പെരുമാറ്റമോ ബോധപൂര്‍വമുള്ള പ്രതികരണമോ ഇവരില്‍ നിന്ന് പ്രതീക്ഷിക്കാനാവില്ല. പുതിയതെന്തും അനുഭവിക്കാനാഗ്രഹിക്കുന്ന കൗമാരക്കാരെയും യുവാക്കളെയുമാണ് ലഹരിമാഫിയ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇക്കാരണം കൊണ്ടുതന്നെ ലഹരിമാഫിയയുടെ വേരറുക്കുന്നതിന് അവരുടെ പ്രധാന ഇരകളായ കുട്ടികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് ബോധവത്കരണ പ്രവര്‍ത്തനം നടത്തുന്നതിന് പ്രാധാന്യം നല്‍കണം. ഊര്‍ജസ്വലതയും കര്‍മശേഷിയുമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിന് മയക്കുമരുന്നുകളും ലഹരിവസ്തുക്കളും എത്രമാത്രം തടസ്സം സൃഷ്ടിക്കുന്നുണ്ടെന്നു മനസ്സിലാക്കിയാണ് 1987 ഡിസംബര്‍ ഏഴിന് ചേര്‍ന്ന ഐക്യരാഷ്ട്രസഭാ സമ്മേളനം എല്ലാ വര്‍ഷവും ജൂണ്‍ 26 അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.

കേരളത്തിന് തനതായ ഒരു വികസനമാതൃകയുണ്ട്. മറ്റു പല മേഖലകളിലെന്ന പോലെ കുട്ടികളുടെ ക്ഷേമത്തിലും വിദ്യാഭ്യാസത്തിലും കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്. കേരളത്തിലെ മികച്ച സാമൂഹിക സാഹചര്യങ്ങളും ഉയര്‍ന്ന സാക്ഷരതാ നിരക്കും ജീവിതനിലവാരവും ആരോഗ്യനിലവാരവും അന്താരാഷ്ട്രനിലവാരത്തോട് കിടപിടിക്കുന്നതാണ്. അതേസമയം കുട്ടികളിലും യുവാക്കളിലും വര്‍ധിച്ചുവരുന്ന ലഹരി ഉപഭോഗം ഏറെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്ന വിഷയമായിരിക്കുകയാണ്. മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസവും ജീവിതസൗകര്യങ്ങളും ഒരുക്കാന്‍ കഷ്ടപ്പെടുന്നതായി പറയുമ്പോഴും രക്ഷിതാക്കളില്‍ പലരും മക്കള്‍ എത്തിപ്പെട്ടിരിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാനോ അവരെ അതില്‍ നിന്ന് മോചിപ്പിക്കാനോ ശ്രമിക്കുന്നില്ല. മയക്കുമരുന്ന് ഉപയോഗം അവരെ നശിപ്പിക്കുന്ന ഘട്ടത്തിലാണ് പലരും കണ്ണുതുറക്കുന്നത്. അവരുടെ കൂട്ടുകെട്ടുകളും പ്രവൃത്തിയും കൂട്ടുകാരുടെ പശ്ചാത്തലവുമൊക്കെ രക്ഷാകര്‍ത്താക്കള്‍ അറിഞ്ഞിരിക്കണം. നല്ല കൂട്ടുകെട്ടുകളെ പ്രോത്സാഹിപ്പിക്കുകയും ചീത്ത കൂട്ടുകെട്ടുകളില്‍ നിന്ന് പിന്തിരിപ്പിക്കുകയും വേണം. കുട്ടികളുമായുള്ള സൗഹൃദം അവരെ കൃത്യമായി നിരീക്ഷിക്കുന്നതിനും ലഹരിയുടെ വലയങ്ങളിലെത്തുന്നത് തടയാനും സഹായിക്കും. കുടുംബാന്തരീക്ഷത്തില്‍ എന്തും തുറന്നു പറയാന്‍ കുട്ടികള്‍ക്ക് സ്വാതന്ത്ര്യവും അടുപ്പവും ഉണ്ടാകണം. വികാരങ്ങളെ നിയന്ത്രിക്കാനും പ്രലോഭനങ്ങളോട് മുഖം തിരിക്കാനും അവരെ പ്രാപ്തരാക്കണം. അനാവശ്യമായി കുറ്റപ്പെടുത്തുകയും മറ്റുള്ളവരോട് താരതമ്യം ചെയ്യുകയും പരിഹസിക്കുകയുമല്ല വേണ്ടത്. അവരെ കേള്‍ക്കുകയും സ്‌നേഹത്തോടെ മറുപടി നല്‍കുകയും വേണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ സന്ദേശം ഓരോ രക്ഷിതാവിനെയും ഓര്‍മിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ അധ്യാപകര്‍ക്കും നിര്‍ണായകമായ പങ്കുണ്ട്. കുട്ടികള്‍ക്ക് ദിശാബോധം പകരുകയും വഴികാട്ടിയാകുകയും ചെയ്യുന്ന ഓരോ അധ്യാപകനും ലഹരിയുടെ പിടിയിലകപ്പെടാതെ തന്റെ വിദ്യാര്‍ഥികളെ സംരക്ഷിക്കാനാവും.

മയക്കുമരുന്നിനും ലഹരിപദാര്‍ഥങ്ങള്‍ക്കുമെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളില്‍ എക്‌സൈസ് വകുപ്പ് സര്‍വകാല റിക്കാര്‍ഡ് സൃഷ്ടിച്ചു. പതിനൊന്നായിരത്തോളം മയക്കുമരുന്ന് കേസുകള്‍ രണ്ട് വര്‍ഷത്തിനിടയില്‍ രജിസ്റ്റര്‍ ചെയ്തു. എറണാകുളം അത്താണിയില്‍ നിന്ന് അഞ്ച് കിലോയിലധികം എം ഡിഎം എ എന്ന മയക്കുമരുന്ന് എക്‌സൈസ് പിടിച്ചെടുത്തിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ എം ഡി എം എ വേട്ടയായിരുന്നു ഇത്. പാലക്കാട് വാളയാറില്‍ 37 കോടി രൂപ വിലവരുന്ന 36 കിലോ ഹാഷിഷ് ഓയില്‍ പിടികൂടി. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും വലിയ അളവില്‍ ഹാഷിഷ് ഓയില്‍ പിടിച്ചെടുക്കുന്നത്. തിരുവനന്തപുരം മണ്ണന്തലയില്‍ നിന്ന് പത്ത് കോടിയിലധികം രൂപ വിലമതിക്കുന്ന പത്ത് കിലോ ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തിരുന്നു. രണ്ട് വര്‍ഷത്തിനിടെ 42,000 ത്തിലധികം അബ്കാരികേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കോട്പ കേസുകള്‍ ഒന്നര ലക്ഷത്തോളം വരും. മയക്കുമരുന്ന് വിപണനം, കൈവശം വെക്കല്‍, ഉപയോഗം എന്നിവയെല്ലാം കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണ്.
മയക്കുമരുന്നുകളും ഇതര ലഹരിപദാര്‍ഥങ്ങളും വിദ്യാര്‍ഥികളിലും യുവാക്കളിലും എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ടെന്നതു സംബന്ധിച്ച് വിശദമായ പഠനം നടത്തി ഇതിന് ശാശ്വതമായ പരിഹാരം കാണേണ്ടതുണ്ട്. ലഹരിമുക്ത സമൂഹമാണ് നമ്മുടെ ലക്ഷ്യം. “ജീവിതമാണ് ലഹരി”എന്ന സന്ദേശം സമൂഹത്തില്‍ ഉയര്‍ത്തണം. ശക്തമായ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ക്കൊപ്പം മദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും മാരകഫലങ്ങളെക്കുറിച്ച് ബോധവത്കരണവും അനിവാര്യമാണ്.

എന്‍ഫോഴ്‌സ്‌മെന്റിനൊപ്പം ലഹരിവര്‍ജനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും മുന്‍ഗണന നല്‍കണം. ലഹരിവര്‍ജനത്തിലൂടെ ലഹരിമുക്ത സമൂഹം സൃഷ്ടിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ വിമുക്തി മിഷന്റെ പ്രവര്‍ത്തനം ഈ രംഗത്ത് നല്ല മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. എക്‌സൈസ് വകുപ്പ്, മറ്റു സര്‍ക്കാര്‍ വകുപ്പുകള്‍, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, എന്‍ സി സി, എന്‍ എസ് എസ്, കുടുംബശ്രീ, സ്‌കൂള്‍-കോളജ് ലഹരിവിരുദ്ധക്ലബ്ബുകള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ലൈബ്രറി കൗണ്‍സില്‍, സാക്ഷരതാ മിഷന്‍, തദേശസ്വയംഭരണ സ്ഥാപനങ്ങള്‍, മദ്യവര്‍ജന സമിതികള്‍, സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ഥി-യുവജന-മഹിളാ സംഘടനകള്‍ തുടങ്ങി എല്ലാ മേഖലകളില്‍ നിന്നുമുള്ള പിന്തുണയോടെ ലഹരിവിരുദ്ധബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പത്ര-ദൃശ്യ മാധ്യമങ്ങളും ഇക്കാര്യത്തില്‍ നല്ല പങ്ക് വഹിക്കുന്നുണ്ട്. വിമുക്തി മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ലഹരിമുക്തകേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ നമുക്ക് ഒരുമിക്കാം.
“ആദ്യം കേള്‍ക്കൂ” എന്ന ഐക്യരാഷ്ട്ര സഭയുടെ സന്ദേശത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നതിന് എല്ലാ വിഭാഗങ്ങളേയും പ്രാപ്തരാക്കാം.

(തൊഴില്‍ മന്ത്രി)

Latest