Connect with us

Articles

ആരോഗ്യകേരളം; പ്രതീക്ഷക്ക് വകയുണ്ട്

Published

|

Last Updated

വികസിതരാജ്യങ്ങള്‍ക്ക് തുല്യമായ ആരോഗ്യനിലവാരം നേടിയ സംസ്ഥാനമാണ് കേരളമെന്ന് സ്വയം അഭിമാനിച്ചിരുന്ന നാടായിരുന്നു നമ്മുടേത്. ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാനും ശിശുമാതൃമരണനിരക്കുകള്‍ കുറച്ചുകൊണ്ടുവരാനും കഴിഞ്ഞുവെന്നതാണ് കേരളത്തിലെ ആരോഗ്യനിലവാരത്തിന് എപ്പോഴും മുന്‍തൂക്കം നല്‍കിയിരുന്നത്. സാമൂഹിക നീതിയിലധിഷ്ഠിതമായി മെച്ചപ്പെട്ട ആരോഗ്യനിലവാരം സ്വന്തമാക്കിയ ആരോഗ്യമാതൃകയെ അതുകൊണ്ടു തന്നെ ലോകാരോഗ്യസംഘടനയും മറ്റും വികസ്വരരാജ്യങ്ങള്‍ക്കു മുമ്പില്‍ എപ്പോഴും ഉയര്‍ത്തിക്കാട്ടുകയും ചെയ്തിരുന്നു. എന്നാല്‍, അടുത്തകാലത്തായി അനുഭവങ്ങള്‍ കേരളത്തിന്റെ ആരോഗ്യമേഖലയെ ആകെ അലോസരപ്പെടുത്തുന്നതായി മാറുകയാണ്. പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്തുവെന്ന് നാം വിശ്വസിച്ചിരുന്ന പകര്‍ച്ച വ്യാധികള്‍ തിരിച്ചുവന്നതും പുതിയ രോഗങ്ങള്‍ക്കു മുമ്പില്‍ പകച്ചുനില്‍ക്കേണ്ടി വന്നതും നമ്മുടെ ആരോഗ്യമേഖല ഭയാ്കമായ ഒരവസ്ഥയിലേക്കാണ് ചെന്നെത്തുന്നതെന്ന തോന്നല്‍ ഉണ്ടാക്കി. മഞ്ഞപ്പിത്തം, കോളറ, എലിപ്പനി, മലേറിയ തുടങ്ങിയ പഴയ പകര്‍ച്ചവ്യാധികള്‍ക്കൊപ്പം ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മസ്തിഷ്‌കജ്വരം, എച്ച് വണ്‍ എന്‍ വണ്‍, കരിമ്പനി തുടങ്ങിയവയും ഒരു വേള ഞെട്ടിവിറപ്പിച്ച നിപ്പവൈറസ് ബാധയുമെല്ലാം ചെറുതല്ലാത്ത ഭീഷണിയാണ് പകര്‍ന്നത്. കൃത്യമായി നിരീക്ഷിച്ചാല്‍ രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറമാണ് പകര്‍ച്ചവ്യാധികളുടെ ആധിക്യം കേരളത്തില്‍ കൂടിവന്നതെന്ന് വ്യക്തമാകും. മാലിന്യനിര്‍മാര്‍ജനം, പരിസരശുചിത്വം, കൊതുക് നശീകരണം, ശുദ്ധജലവിതരണം എന്നിവ ലക്ഷ്യമിട്ട് നടപ്പിലാക്കാന്‍ ശ്രമിച്ച പരിപാടികളൊന്നും വേണ്ടത്ര വിജയിക്കാതെ പോയതാണ് പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിക്കുന്നതിനുള്ള അടിസ്ഥാനകാരണം. രോഗചികിത്സയേക്കാള്‍ രോഗപ്രതിരോധത്തിന് ഊന്നല്‍ നല്‍കുന്ന ജനകീയ ആരോഗ്യ നയമില്ലാതിരുന്നതും രോഗം വരുമ്പോള്‍ മാത്രം ചികിത്സ നല്‍കാനുള്ള സംവിധാനമായി ആരോഗ്യവകുപ്പിനെ കണക്കാക്കിയതുമെല്ലാമാണ് പകര്‍ച്ചവ്യാധികളുടെ തിരിച്ചുവരവിനും പുതിയ രോഗങ്ങളുടെ ആവിര്‍ഭാവത്തിനുമുള്ള മറ്റൊരു കാരണം. അതേസമയം അനാരോഗ്യത്തിനു കാരണമാകുന്നത് രോഗങ്ങള്‍ മാത്രമല്ലെന്നും ശാരീരികാവസ്ഥകള്‍ കൂടിയാണെന്നുമുള്ള സ്ഥിതിവിശേഷം അധികം ചര്‍ച്ച ചെയ്യപ്പെട്ടതുമില്ല.
ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും സാമൂഹികവുമായ സുസ്ഥിതി എന്നതാണ് ആരോഗ്യത്തിന് പൊതുവെ സ്വീകാര്യമായ നിര്‍വചനം. എന്നാല്‍, ശാരീരികവും മാനസികവും സാമൂഹികവുമായ അവസ്ഥകളെക്കുറിച്ചുള്ള വേണ്ടത്ര ജാഗ്രത സമൂഹത്തില്‍ ഉണ്ടായില്ല. പ്രമേഹം, രക്താതിമര്‍ദം തുടങ്ങിയ ജീവിതശൈലീരോഗങ്ങളുള്‍െപ്പടെ കേരളത്തില്‍ വര്‍ധിച്ചുവന്നതടക്കമുള്ള രോഗാതുരതയിലെ പ്രതിഭാസപരമായ മാറ്റങ്ങള്‍ ആരോഗ്യ മേഖലയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.
ഉയര്‍ന്ന മാനസികരോഗാതുരത, ഉയര്‍ന്ന മദ്യഉപഭോഗം, ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടി ഉയര്‍ന്ന ആത്മഹത്യാനിരക്ക്, വൃദ്ധജനങ്ങളുടെ സവിശേഷമായ ആരോഗ്യപ്രശ്‌നങ്ങള്‍, തോട്ടം, പരമ്പരാഗത, കടലോര, ആദിവാസിമേഖലകളിലെ ദാരിദ്ര്യജന്യവും സവിശേഷവുമായ ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം ആരോഗ്യമേഖലയില്‍ വലിയ പ്രതിസന്ധിസൃഷ്ടിക്കുന്നുണ്ടെന്ന കാര്യം ആരും അത്ര ഗൗരവത്തിലെടുത്തതുമില്ല.

ഇത്തരത്തില്‍ തീര്‍ത്തും കലങ്ങിമറിഞ്ഞ കേരളത്തിലെ ആരോഗ്യമേഖലയെ ചികിത്സിച്ചു മാറ്റുകയെന്ന ശ്രമകരമായ ദൗത്യമാണ് ആരോഗ്യവകുപ്പിനു മേല്‍ പലപ്പോഴായി വന്നു ചേരാറുണ്ടായിരുന്നത്. ഓരോ കാലത്തും ആരോഗ്യവകുപ്പ് കൈകാര്യം ചെയ്തിരുന്നവരെല്ലാം ആരോഗ്യമേഖലയെ ശുദ്ധീകരിക്കാന്‍ ചെറിയ പരിശ്രമങ്ങളെങ്കിലും നടത്തിയിട്ടുമുണ്ട്. എന്നാല്‍, മുമ്പൊരിക്കലുമില്ലാത്ത വിധത്തില്‍ ആരോഗ്യരംഗത്ത് സമഗ്രമായ മാറ്റം കൊണ്ടുവരുന്നതില്‍ സര്‍ക്കാറും ആരോഗ്യവകുപ്പും ചെറുതായെങ്കിലും ജയിച്ചുതുടങ്ങുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. അല്ലറ ചില്ലറ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുമെങ്കിലും ഇനി പ്രതീക്ഷക്കു വകയുണ്ടെന്നു തന്നെയാണ് ഈ മേഖലയില്‍ പഠനം നടത്തുന്നവര്‍ വ്യക്തമാക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധര്‍ എന്നിവയുടെ നിര്‍ദേശാനുസരണം വേള്‍ഡ് ബേങ്കിന്റെ സഹകരണത്തോടെ നിതി ആയോഗ് നടത്തിയ പഠനത്തില്‍ ദേശീയ ആരോഗ്യ രംഗത്ത് കേരളത്തിന് ഒന്നാം സ്ഥാനമുണ്ടെന്ന റിപ്പോര്‍ട്ട് തന്നെ ഇതിനെ അടിവരയിടുന്നതാണ്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള എല്ലാ ആശുപത്രികളെയും പുനരുദ്ധരിക്കുന്ന നടപടികളാണ് ഇത്തരത്തിലുള്ള അംഗീകാരങ്ങള്‍ക്കു പിന്നിലെന്നാണ് ആരോഗ്യവകുപ്പ് സാക്ഷ്യപ്പെടുത്തുന്നത്. ഒരു പരിധിവരെ അത് ശരി തന്നെയെന്ന് കാണാനാകും. സംസ്ഥാനത്തെ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുകയും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, താലൂക്ക്, ജില്ലാ, ജനറല്‍ എന്നീ ആശുപത്രികളില്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ വിപുലപ്പെടുത്തുകയുമെല്ലാം ചെയ്യുന്നത് സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്നവര്‍ക്ക് ചെറുതല്ലാത്ത ആശ്വാസമാണ് പകര്‍ന്നു നല്‍കിയത്.
മേഖലയിലെ സമഗ്ര പുരോഗതിക്കായി നിരവധി പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് നടത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. 4,000ത്തിലധികം തസ്തികകളാണ് പുതുതായി ഇക്കുറി ആരോഗ്യവകുപ്പില്‍ സൃഷ്ടിച്ചത്. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ജാഗ്രത എന്ന പേരില്‍ പദ്ധതി തയാറാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും വിവിധ വകുപ്പുകളുടേയും ഏകോപനത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നുവെന്നും ഇവര്‍ വ്യക്തമാക്കുന്നു. കുടുംബാരോഗ്യകേന്ദ്രങ്ങളെന്ന പുതിയ സംവിധാനവും ക്യൂ നില്‍ക്കാതെ ചികിത്സ നേടാനുള്ള സൗകര്യവും ഇ ഹെല്‍ത്ത് പദ്ധതിയുമെല്ലാം ആരോഗ്യവകുപ്പിന്റെ പുതിയ നേട്ടങ്ങളാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തനങ്ങളും ഡിജിറ്റല്‍ തലത്തിലേക്ക് കൊണ്ടുപോകാന്‍ ഉദ്ദേശിച്ചിട്ടുള്ള ഇ ഹെല്‍ത്ത് ഇതിനകം തന്നെ വിജയകരമായി പൂര്‍ത്തിയാക്കി. എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും ആരോഗ്യ നിലവാരവും പ്രധാനപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളും പ്രതിപാദിക്കുന്ന ആരോഗ്യ രേഖ തയ്യാറാക്കാനുള്ള പ്രവര്‍ത്തനമുള്‍െപ്പടെ ഇതുവരെ കേരളം കാണാത്ത നവീനമായ ചുവടുവെപ്പ് തന്നെയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കേരളത്തില്‍ ആരോഗ്യ ചെലവ് കുതിച്ചുയര്‍ന്നു കൊണ്ടിരിക്കയാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠനം ചൂണ്ടിക്കാട്ടിയിരുന്നു. സാമൂഹികമായി ഏറ്റവും പിന്നാക്കാവസ്ഥയിലുള്ളവര്‍ മൊത്തം വരുമാനത്തിന്റെ 39.6 ശതമാനം ആരോഗ്യാവശ്യങ്ങള്‍ക്കായി ചെലവാക്കേണ്ടിവരുമ്പോള്‍ സാമ്പത്തിക ശ്രേണിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവര്‍ കേവലം 6.79 ശതമാനം മാത്രമാണ് ചെലവിടേണ്ടിവരുന്നതെന്നാണ് പഠനം വെളിപ്പെടുത്തുന്നത്. സ്വാഭാവികമായും ദുര്‍ബല ജനവിഭാഗത്തില്‍ പെട്ടവരെ പരമദരിദ്രരാക്കുന്നതിനുള്ള കാരണങ്ങളില്‍ പ്രധാനം വര്‍ധിച്ചുവരുന്ന ചികിത്സാ ചെലവാണ്. ലോകത്തെ മികച്ച ചികിത്സാകേന്ദ്രങ്ങളില്‍ ഭൂരിപക്ഷവുമുള്ള അമേരിക്കയില്‍ സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള 30 ദശലക്ഷം അമേരിക്കക്കാര്‍ക്ക് പ്രാഥമിക ചികിത്സപോലും നിഷേധിക്കപ്പെടുന്നുണ്ട്. ഇന്‍ഷ്വറന്‍സ് കവറേജില്ലാത്തവര്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തിലേക്ക് ഏതാണ്ട് വികസിത രാജ്യങ്ങള്‍ക്ക് തുല്യമായ ആരോഗ്യനിലവാരം കൈവരിച്ച കേരളത്തെ കൊണ്ടെത്തിക്കരുതെന്ന നിര്‍ബന്ധം കൂടി കണക്കിലെടുത്താണ് ഇവിടുത്തെ ആരോഗ്യമേഖലയിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്നത്. ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമായിരിക്കുമ്പോള്‍ തന്നെ ആരോഗ്യ ചെലവ് വര്‍ധിച്ച് വരുന്നതിന്റെ ഫലമായി ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുന്ന സ്ഥിതിയിലേക്ക് കേരളവും മാറികൊണ്ടിരിക്കയാണെന്ന ആസൂത്രണബോര്‍ഡിന്റെയും മറ്റും പഠനങ്ങള്‍ ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് കണക്കിലെടുക്കുന്നതെന്ന് പുതിയ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചാല്‍ വ്യക്തമാകും. പൊതുജനാരോഗ്യ മേഖല ജനകീയമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സര്‍ക്കാറിന്റെ സമഗ്രആരോഗ്യനയം കൂടി നടപ്പിലാകുമ്പോള്‍ ആരോഗ്യരംഗത്ത് കാതലായ നേട്ടം തന്നെയാണ് നാം കൈവരിക്കുക.

ആരോഗ്യ സ്ഥാപനങ്ങളുടെ മുഴുവന്‍ ഗുണനിലവാരവും ഉള്‍പ്പെടുത്തി മുഴുവന്‍ സേവനവും പൊതുജനങ്ങള്‍ക്കു ലഭ്യമാക്കുകയെന്നതാണ് ആരോഗ്യനയം ലക്ഷ്യമിട്ടത്. അനുദിനം വര്‍ധിക്കുന്ന ചികിത്സാ ചെലവ്, ആരോഗ്യ മേഖലയുടെ സ്വകാര്യവത്കരണം, മെഡിക്കല്‍ സാങ്കേതിക വിദ്യയിലും അവശ്യമരുന്നുകളുടെ സ്വഭാവത്തിലും വരുന്ന മാറ്റങ്ങള്‍, ഏതു രോഗത്തിനും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളെ തേടുന്ന പ്രവണത, മാറുന്ന രോഗക്രമങ്ങള്‍ എന്നിങ്ങനെയുള്ള വെല്ലുവിളികളെയെല്ലാം നേരിടാന്‍ കഴിയും തരത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. പകര്‍ച്ചവ്യാധികളുടെ നിയന്ത്രണം, പ്രാഥമിക തലത്തില്‍ത്തന്നെ ജീവിതശൈലീ രോഗങ്ങളുടെ നിയന്ത്രണം, കാര്യക്ഷമമായ ആരോഗ്യപരിപാലന സംവിധാനങ്ങള്‍, പ്രാഥമിക ചികിത്സാസ്ഥാപനങ്ങളുടെ എണ്ണവും നിലവാരവും വര്‍ധിപ്പിക്കല്‍, ദ്വിതീയ തലത്തില്‍ രോഗ സങ്കീര്‍ണതകളുടെ നിയന്ത്രണം, ദ്വിതീയ തൃതീയ തല ചികിത്സാസൗകര്യങ്ങളുടെ ആധുനികവത്കരണം, ത്രിതല റഫറല്‍ സമ്പ്രദായം നടപ്പാക്കല്‍, ചികിത്സാരംഗത്ത് ആവശ്യമായ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തല്‍ തുടങ്ങിയ കാഴ്ചപ്പാടോടെ ദീര്‍ഘകാല ലക്ഷ്യങ്ങളും ഹ്രസ്വകാല ലക്ഷ്യങ്ങളും മുന്നോട്ടുവെച്ചുകൊണ്ട് കേരളത്തിന്റെ ആരോഗ്യമേഖല മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. ഗുരുതരമല്ലാത്ത സാധാരണ രോഗങ്ങളുടെയും ജീവിതശൈലീ രോഗങ്ങളുടെയും കണ്ടെത്തലും തുടര്‍ ചികിത്സയും നടത്താന്‍ പ്രാഥമികാരോഗ്യ ഉപകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള നിരവധി പദ്ധതികളാണ് ഈ നയത്തിനു കീഴില്‍ തയ്യാറാകുന്നത്.

പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ ആശുപത്രികള്‍ വരെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ചുമതലയിലാകുകയും പ്രാദേശികാസൂത്രണത്തിന് പദ്ധതി വിഹിതം ലഭിക്കുകയും ചെയ്തതോടെ താഴെത്തട്ടിലുള്ള ആശുപത്രികളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടുതുടങ്ങിയെന്നത് നേരത്തെ കണ്ടു കഴിഞ്ഞതാണ്. നിപ്പാ പോലുള്ള പുതിയ രോഗങ്ങള്‍ ഉദയം കൊണ്ടതിന്റെ പശ്ചാത്തലത്തില്‍ രോഗപ്രതിരോധത്തിനും ആരോഗ്യവിദ്യാഭ്യാസത്തിനും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ആരോഗ്യപദ്ധതികള്‍ തന്നെ പല തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും നടപ്പിലാക്കിവരുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. രോഗികളുടെയും ചികിത്സകരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും കൂട്ടായ്മയായി സംസ്ഥാനത്ത് വളര്‍ന്നുവന്നിട്ടുള്ള സാന്ത്വനപരിചരണപ്രസ്ഥാനം ആരോഗ്യമേഖലയുടെ നവീകരണത്തിനും വാണിജ്യ വത്കരണത്തിനും എതിരായ പ്രസ്ഥാനമെന്ന പ്രസക്തികൂടി കൈവരിച്ച് കഴിഞ്ഞിട്ടുണ്ട്. നിപ്പായെ കേരളത്തില്‍ നിന്ന് കെട്ടുകെട്ടിച്ച ആരോഗ്യവകുപ്പിന്റെ കരുതലും കൂട്ടായ്മയും അനുഭവിച്ചറിഞ്ഞ മലയാളിക്ക് ആരോഗ്യവകുപ്പിന്റെ കഴിവില്‍ ഒരു സംശയവുമുണ്ടാകാനിടയുമില്ല.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest