Connect with us

International

പന്ത്രണ്ടംഗ ഫുട്‌ബോള്‍ ടീമിനെയും കോച്ചിനെയും തായ്‌ലന്‍ഡിലെ ഗുഹയില്‍ കാണാതായി

Published

|

Last Updated

ബാങ്കോക്ക്: വടക്കന്‍ തായ്‌ലന്‍ഡില്‍ 12അംഗ യുവ ഫുട്‌ബോള്‍ ടീം അംഗങ്ങള്‍ ഗുഹയില്‍ അകപ്പെട്ടതായി സംശയം. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. 11നും 16നും ഇടയിലുള്ള 12 ആണ്‍കുട്ടികളും ഇവരുടെ കോച്ചും വടക്കന്‍ തായ്‌ലന്‍ഡിലെ ചിയാംഗ് റായിയിലെ താം ലുവാംഗ് നാംഗ് നോന്‍ ഗുഹയില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ ശക്തമായ മഴ പെയ്തതോടെ ഗുഹാമുഖത്തിലൂടെ വെള്ളം ഇരച്ചുകയറിയെന്നും ഇവര്‍ ഇതിനകത്ത് കുടുങ്ങിയെന്നുമാണ് ഭയപ്പെടുന്നത്.

കിലോമീറ്ററുകള്‍ ഉള്ളിലേക്ക് നീണ്ടുകിടക്കുന്ന ഗുഹ ഇവിടെയെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായിരുന്നു. ചെറിയൊരു തോട് മുറിച്ചുകടന്നുവേണം ഗുഹാമുഖത്തെത്താനെന്നും ശക്തമായ മഴ പെയ്താല്‍ ഗുഹക്കുള്ളിലേക്ക് പ്രവേശിക്കാനാകില്ലെന്നും ബാങ്കോക്ക് പോസ്റ്റ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച വൈകുന്നേരമായിരിക്കാം കോച്ചും കുട്ടികളും ഗുഹക്കകത്ത് പ്രവേശിച്ചതെന്നാണ് നിഗമനം.

ഇവരെ കാണാനില്ലെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ശനിയാഴ്ച രാത്രി തന്നെ തിരച്ചില്‍ ആരംഭിച്ചിരുന്നു. ഗുഹക്ക് പുറത്ത്, ഇവരുടെ സൈക്കിളുകളും സ്‌പോര്‍ട്‌സ് ഉപകരണങ്ങളും കണ്ടെത്തിയിരുന്നു. വിദഗ്ധ സംഘം ഇന്നലെ ഗുഹക്കകത്തേക്ക് പ്രവേശിച്ചതായും തിരച്ചില്‍ ഊര്‍ജിതപ്പെടുത്തിയതായും തായ്‌ലന്‍ഡ് പ്രതിരോധ മന്ത്രി ജനറല്‍ പ്രാവിത് വോംഗുസ് വാന്‍ പറഞ്ഞു.

Latest