Connect with us

International

മഹ്മൂദ് അബ്ബാസിന്റെ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ യു എസ് ശ്രമിക്കുന്നു: ഫലസ്തീന്‍

Published

|

Last Updated

ജറൂസലം: പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഫലസ്തീന്‍ സര്‍ക്കാറിനെ അട്ടിമറിയിലൂടെ താഴെയിറക്കാന്‍ അമേരിക്ക ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഫലസ്തീന്‍. ഇതുവഴി, ഫലസ്തീന്‍- ഇസ്‌റാഈല്‍ സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള ധാര്‍മിക ഉത്തരവാദിത്വം അമേരിക്കക്ക് ഇല്ലാതായിരിക്കുകയാണെന്നും മുതിര്‍ന്ന ഫലസ്തീന്‍ നേതാവ് സാഇബ് ഇര്‍കത് പറഞ്ഞു.
പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റിന്റെ മകനും വൈറ്റ് ഹൗസ് മുതിര്‍ന്ന ഉപദേശകനുമായ ജറാഡ് കുഷ്‌നര്‍ ഇസ്‌റാഈല്‍, ജോര്‍ദാന്‍, ഖത്വര്‍, ഈജിപ്ത്, സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതികരണവുമായി ഫലസ്തീന്‍ നേതാവ് രംഗത്തെത്തിയിരിക്കുന്നത്.

ഒരാഴ്ച നീണ്ടുനില്‍ക്കുന്നതായിരുന്നു ജറാഡ് കുഷ്‌നറുടെ പശ്ചിമേഷ്യന്‍ സന്ദര്‍ശനം. ഇസ്‌റാഈല്‍- ഫലസ്തീന്‍ സമാധാന ചര്‍ച്ചയില്‍ ഉടന്‍ അമേരിക്ക പങ്കാളിയാകുമെന്ന് അല്‍ഖുദ്‌സ് അറബി പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കുഷ്‌നര്‍ പറഞ്ഞിരുന്നു. ഇസ്‌റാഈലുമായി സമാധാന കരാറിലെത്തുന്നതിന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് കഴിയുമോ എന്ന കാര്യത്തില്‍ കുഷ്‌നര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ചര്‍ച്ചയുടെ വഴിയില്‍ നിന്ന് ആധിപത്യത്തിന്റെ വഴിയിലേക്കാണ് അമേരിക്ക നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് അഭിമുഖത്തില്‍ നിന്ന് വ്യക്തമാണ്. നിര്‍ബന്ധിച്ചുള്ള പ്രശ്‌നപരിഹാരത്തിനാണ് ഇപ്പോഴത്തെ അമേരിക്കയുടെ നീക്കമെന്നും റാമല്ലയില്‍ വെച്ച് സാഇബ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഫലസ്തീന്‍ ഭരണത്തില്‍ വലിയ മാറ്റത്തിന് അമേരിക്ക ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

കാരണം ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആവശ്യപ്പെടുന്നത് സമഗ്രവും എന്നും നിലനില്‍ക്കുന്നതും അന്താരാഷ്ട്ര നിയമങ്ങളെ വെല്ലുവിളിക്കാത്തവിധം മാന്യവുമായ സമാധാന കരാറാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
കഴിഞ്ഞ ഡിസംബറില്‍ ഇസ്‌റാഈലിന്റെ തലസ്ഥാനമായി ജറൂസലമിനെ ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ ഭരണകൂടം അംഗീകരിച്ചിരുന്നു. ഇതിന് ശേഷം അമേരിക്കയുമായുള്ള ബന്ധം ഫലസ്തീന്‍ വിച്ഛേദിച്ചിരിക്കുകയാണ്.

Latest