ഫ്‌ളിപ്കാര്‍ട്ടില്‍ ഹെഡ് ഫോണിന് ഓര്‍ഡര്‍ ചെയ്തയാള്‍ ബി ജെ പിയിലെത്തി!

Posted on: June 26, 2018 9:25 am | Last updated: June 26, 2018 at 9:53 am
SHARE

കൊല്‍ക്കത്ത: അര്‍ധരാത്രി നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ മറ്റുള്ളവരെ ശല്യപ്പെടുത്താതെ കാണണമെന്നേ കൊല്‍ക്കത്തയിലെ ഫുട്‌ബോള്‍ പ്രേമി ആഗ്രഹിച്ചിരുന്നുള്ളൂ.
എന്നാല്‍ ആ ആഗ്രഹം ബി ജെ പി അംഗത്വം ലഭിക്കുന്നതിനിടയാക്കി. ടി വിയില്‍ മത്സരം കാണുമ്പോള്‍ ഉപയോഗിക്കാനുള്ള ഹെഡ് ഫോണിന് ഫഌപ്കാര്‍ട്ടില്‍ ഓര്‍ഡര്‍ നല്‍കിയ യുവാവിനാണ് ഉടനടി ബി ജെ പി അംഗത്വം ലഭിച്ചതെന്ന് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവം ഇങ്ങനെ: ഇയര്‍ഫോണുകള്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ഫഌപ്കാര്‍ട്ടില്‍ നിന്ന് ലഭിച്ചത് ഒരു ബോട്ടില്‍ എണ്ണയാണ്. ഉടനെ പരാതിപ്പെടാന്‍ പെട്ടിയില്‍ കണ്ട നമ്പര്‍ ഡയല്‍ ചെയ്തു. ഒരു പ്രാവശ്യം റിംഗ് ടോണ്‍. അടുത്ത നിമിഷം എസ് എം എസ് വന്നു: ബി ജെ പിയിലേക്ക് സ്വാഗതം. താങ്കളുടെ പ്രാഥമിക അംഗത്വ നമ്പര്‍ 2003994351 ആണ്. പ്രക്രിയ പൂര്‍ത്തിയാക്കാന്‍ പേരും മേല്‍ വിലാസവും ഇമെയില്‍ ഐ ഡി ഉണ്ടെങ്കില്‍ അതും അയക്കുക’ ഏതായാലും യുവാവ് മുന്നോട്ട് പോയില്ല. പിറ്റേന്ന് രാവിലെ ഫഌപ്കാര്‍ട്ടില്‍ നിന്ന് വിളി വന്നു. ‘ഹെഡ്‌ഫോണിന് പകരം എണ്ണക്കുപ്പി അയച്ചതില്‍ ഖേദിക്കുന്നു’.

സംഭവം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പ്രതികരണവുമായി രംഗത്തെത്തി. ഞങ്ങള്‍ക്ക് ഫഌപ്കാര്‍ട്ടുമായി യാതൊരു ബന്ധവുമില്ല. ഞങ്ങളുടെ നമ്പര്‍ വെബ്‌സൈറ്റിലുണ്ട്. ഫേസ്ബുക്കിലുമുണ്ട്. അതില്‍ ആര്‍ക്കും എസ് എം എസ് അയക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
സത്യത്തില്‍ സംഭവിച്ചതിതാണ്. കമ്പനി മൂന്ന് വര്‍ഷം മുമ്പ് ഉപേക്ഷിച്ച നമ്പര്‍ ആണിത്. ആ നമ്പര്‍ കമ്പനി സറണ്ടര്‍ ചെയ്തു. അത് പിന്നീട് ബി ജെ പിയുടെ അംഗത്വ എസ് എം എസ് നമ്പറായി. പഴയ പാക്കിംഗിലാണ് ഫുട്‌ബോള്‍ പ്രേമിക്ക് എണ്ണക്കുപ്പി വന്നത്. അതെടുത്ത് ഡയല്‍ ചെയ്തപ്പോഴാണ് ബി ജെ പിയുടെ അംഗത്വം വന്നത്.