തിരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്രം സജീവ ചര്‍ച്ചയാക്കാന്‍ ബി ജെ പി

Posted on: June 26, 2018 9:20 am | Last updated: June 26, 2018 at 9:20 am
SHARE

ലക്‌നോ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാമ ക്ഷേത്ര വിഷയം സജീവമാക്കാന്‍ ബി ജെ പി നീക്കം തുടങ്ങി. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത പരിപാടിയില്‍ പ്രമുഖ പുരോഹിതനും ബി ജെ പി മുന്‍ എം പിയുമായ രാം വിലാസ് വേദാന്തിയുടെ പ്രസംഗവും അതിനുള്ള യോഗിയുടെ മറുപടിയും ഇതാണ് സൂചിപ്പിക്കുന്നത്. 2019ലെ തിരഞ്ഞെടുപ്പിന് മുമ്പ് എന്ത് വിലകൊടുത്തും രാമക്ഷേത്ര നിര്‍മാണം ആരംഭിക്കണമെന്ന് വേദാന്തി ആവശ്യപ്പെട്ടു. ബാബരി മസ്ജിദ് പൊളിച്ചെറിഞ്ഞ അതേ സ്ഥലത്ത് ക്ഷേത്രം പണിയുകയെന്നത് രാജ്യത്തെ ഓരോ ഹിന്ദുവിന്റെയും അഭിമാന പ്രശ്‌നമാണ്. അതിനായി ഒരു കോടതിയെയും ഞങ്ങള്‍ കാത്തു നില്‍ക്കില്ല. കോടതി അനുവദിച്ചാല്‍ സന്തോഷം. ഇല്ലെങ്കിലും ക്ഷേത്രം പണിയുക തന്നെ ചെയ്യും. 2019ന് തന്നെ അതുണ്ടാകും- വേദാന്തി പറഞ്ഞു. രാമ ജന്‍മ ഭൂമി ന്യാസ് മേധാവി മഹന്ത് നൃത്യ ഗോപാല്‍ ദാസിന്റെ ജന്‍മദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗി ആദിത്യനാഥിനെ വേദിയിലിരുത്തിയായിരുന്നു പ്രസംഗം.

അതേസമയം, നയപരമായി ഇതേ വിഷയം ഉയര്‍ത്തിയാണ് യോഗി ആദിത്യനാഥ് സംസാരിച്ചത്. അയോധ്യക്ക് മേല്‍ ‘മര്യാദരാമന്‍’ അനുഗ്രഹങ്ങള്‍ ചൊരിയുമ്പോള്‍ രാമ ക്ഷേത്രം പണിയുന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകാന്‍ പാടില്ലാത്തതാണ്. ചുരുങ്ങിയത് സന്യാസിമാര്‍ക്കെങ്കിലും. കുറച്ചു കൂടി ക്ഷമ കാണിക്കാന്‍ സന്യാസിമാര്‍ തയ്യാറാകണം. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നതെന്ന ഓര്‍മ വേണം. ഇവിടെ കോടതിയുണ്ട്. നിയമവ്യവസ്ഥയുണ്ട്. അത്‌കൊണ്ട് ക്ഷമാപൂര്‍വം കാര്യങ്ങള്‍ കാണാന്‍ സന്യാസിമാര്‍ക്ക് സാധിക്കണം- യോഗി ആദിത്യനാഥ് പറഞ്ഞു. കോണ്‍ഗ്രസാണ് രാമക്ഷേത്ര പ്രശ്‌നം കത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. രാമക്ഷേത്രത്തിന് വേണ്ടി ബി ജെ പി ഒന്നും ചെയ്യുന്നില്ലെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ രഹസ്യമായി പ്രചരിപ്പിക്കുന്നുണ്ടെന്നും യോഗി പറഞ്ഞു.