ജയില്‍ ചാടിയ സിമി പ്രവര്‍ത്തകരെ വെടിവെച്ച് കൊന്ന സംഭവം: മധ്യപ്രദേശ് പോലീസിന് ക്ലീന്‍ ചിറ്റ്

Posted on: June 26, 2018 9:19 am | Last updated: June 26, 2018 at 9:19 am
SHARE

ഭോപ്പാല്‍: ജയില്‍ ചാടിയ എട്ട് സിമി പ്രവര്‍ത്തകരെ വെടിവെച്ചു കൊന്ന മധ്യപ്രദേശ് പോലീസിന് ക്ലീന്‍ ചിറ്റ്. നടപടി ഉചിതമായെന്നും അപ്പോഴത്തെ സാഹചര്യത്തില്‍ യുക്തിപരമായ തീരുമാനമായിരുന്നു വെടിവെപ്പെന്നും ഏകാംഗ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2016 ഒക്ടോബര്‍ 31നാണ് ജയിലില്‍ നിന്ന് രക്ഷപ്പെട്ടതായി ആരോപിച്ച് എട്ട് സിമി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത്. സംഭവത്തെ കുറിച്ച് ഹൈക്കോടതി മുന്‍ ജഡ്ജി എസ് കെ പാണ്ഡെയെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്നലെയാണ് സര്‍ക്കാര്‍ നിയമസഭയില്‍ വെച്ചത്. കീഴടങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജയില്‍ ചാടിയവര്‍ പോലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഇതാണ് തിരിച്ചു വെടിവെക്കാന്‍ നിര്‍ബന്ധിതരാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വധശിക്ഷയോ ജീവപര്യന്തമോ ശിക്ഷ ലഭിക്കാവുന്ന നിരവധി കേസുകളില്‍ വിചാരണ നേരിട്ടവരാണ് ജയില്‍ ചാടിയതെന്ന് റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ പറയുന്നു. ജയില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷമാണ് ഇവര്‍ തടവു ചാടിയത്. എന്നാല്‍ തടവറ ഭേദിക്കാന്‍ ഇവര്‍ക്ക് താക്കോല്‍ എവിടെ നിന്ന് ലഭിച്ചുവെന്ന കാര്യം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. ജയില്‍ച്ചാട്ടവും വെടിവെപ്പും പോലീസ് തിരക്കഥയുടെ ഭാഗമാണെന്ന ആരോപണം നിലനില്‍ക്കെയാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍വെച്ചത്.
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് നിരോധിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥി സംഘടനയില്‍ അംഗമായിരുന്ന മുഹമ്മദ് സാലിഖ്, സാക്കിര്‍ ഹുസൈന്‍, അംജദ് ഖാന്‍, മഹ്ബൂബ് ഗുദ്ദു, മുഹമ്മദ് അഖീല്‍ ഖില്‍ജി, മുജീബ് ശൈഖ്, മുഹമ്മദ് ഖാലിദ് അഹ് മദ്, അബ്ദുല്‍ മജീദ് എന്നിവരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.
എട്ട് പേര്‍ ജയില്‍ ചാടാനുണ്ടായ സാഹചര്യം ഒരുക്കിയത് ജയിലിലെ ഉദ്യോഗസ്ഥരുടെ ഗുരുതരമായ അലംഭാവവും അശ്രദ്ധയും മൂലമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജയില്‍ ചാടാനുണ്ടായ സാഹചര്യത്തെ കുറിച്ചും എട്ട് പേരെ വെടിവെച്ചുകൊന്ന പ്രത്യേക സായുധ സംഘത്തെ കുറിച്ച് വകുപ്പ്തല അന്വേഷണം ആകാമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

അതേസമയം, അന്വേഷണ റിപ്പോര്‍ട്ടിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ വ്യക്തമാക്കി.
അന്വേഷണ റിപ്പോര്‍ട്ട് അസംബന്ധമാണെന്ന് പ്രതിപക്ഷ നേതാവ് അജയ് സിംഗ് ആരോപിച്ചു. മാന്‍ഡസോറിലെ അഞ്ച് കര്‍ഷകരെ വെടിവെച്ച് കൊന്നാലും ജയില്‍ ചാടിയെന്ന് ആരോപിച്ച് എട്ട് പേരെ കൊന്നാലും പോലീസിന് സര്‍ക്കാര്‍ ക്ലീന്‍ ചിറ്റ് നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പ്രതിപക്ഷ നേതാവിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഏല്‍പ്പിച്ച ജോലി കമ്മീഷന്‍ നന്നായി ചെയ്തിട്ടുണ്ടെന്നും ജയില്‍ മന്ത്രി അന്ദര്‍ സിംഗ് ആര്യ വ്യക്തമാക്കി. ജയിലുകളിലെ സുരക്ഷാ സംവിധാനം ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.