45 വയസ്, ഈജിപ്ത് ഗോളി ചരിത്രതാരം

Posted on: June 26, 2018 9:11 am | Last updated: June 26, 2018 at 9:11 am
SHARE

വോള്‍വോഗ്രാഡ്: സഊദി അറേബ്യക്കെതിരെ ഈജിപ്ത് സ്റ്റാര്‍ട്ടിംഗ് ലൈനപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ലോകകപ്പില്‍ ചരിത്രം പിറന്നു. ഇസാം എല്‍ ഹദാരി എന്ന ഗോള്‍ കീപ്പര്‍ ആ നിരയിലുണ്ടായിരുന്നു. 45 വയസുള്ള ഹദാരി ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായമുള്ള താരമാണ്. ഫിഫയുടെ കണക്ക് പ്രകാരം 45 വര്‍ഷവും നാല് മാസവും പത്ത് ദിവസവുമാണ് ലോകകപ്പ് കളിക്കാനിറങ്ങിയപ്പോള്‍ ഹദാരിയുടെ പ്രായം.
2014 ല്‍ കൊളംബിയയുടെ ഫാരിദ് മൊന്‍ഡ്രാഗന്‍ 43 വയസും മൂന്ന് ദിവസവും പ്രായമുള്ളപ്പോള്‍ കളിക്കാനിറങ്ങിയതിന്റെ റെക്കോര്‍ഡാണ് ഹദാരി പഴങ്കഥയാക്കിയത്. ജപ്പാനെതിരെ ആയിരുന്നു ഫാരിദ് കളിക്കാനിറങ്ങിയത്.

1994 ല്‍ റഷ്യക്കെതിരെ ഇറങ്ങിയ കാമറൂണ്‍ താരം റോജര്‍ മിലക്ക് 43 വയസായിരുന്നു പ്രായം. വടക്കന്‍ അയര്‍ലന്‍ഡിന്റെ പാറ്റ് ജെന്നിംഗ്‌സ് (41 വയസ്), ഇംഗ്ലണ്ട് ഗോള്‍ കീപ്പര്‍ പീറ്റര്‍ ഷില്‍ട്ടന്‍ (40), ഇറ്റലി ഗോളി ദിനോ സോഫ് (40), ടുണീഷ്യയുടെ അലി ബൗമ്‌നിജെല്‍ (40) എന്നിവരാണ് നാല്‍പത് വയസിന് ശേഷം ലോകകപ്പ് കളിക്കാനിറങ്ങിയത്.
അവസാന മത്സരത്തില്‍ സഊദിയോട് തോറ്റെങ്കിലും ഈജിപ്തിന് ഓര്‍മയില്‍ താലോലിക്കാന്‍ ഹദാരിയുടെ ഒരു തകര്‍പ്പന്‍ പെനാല്‍റ്റി സേവുണ്ട്.

ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ ഹദാരിയെ ടീം ക്യാപ്റ്റനാക്കിയാണ് ഈജിപ്ത് ടീം ആദരിച്ചത്.
ക്യാപ്റ്റന്റെ പ്രകടനം നാല്‍പ്പത്തഞ്ചുകാരനില്‍ നിന്നുണ്ടാവുകയും ചെയ്തു. സഊദി അറേബ്യന്‍ ഫസ്റ്റ് ഡിവിഷനില്‍ താവോന്‍ ക്ലബ്ബിന്റെ താരമാണ് ഹദാരി.
ഉറുഗ്വെക്കെ, റഷ്യ ടീമുകള്‍ക്കെതിരെ മുഹമ്മദ് എല്‍ ഷെനാവിയായിരുന്നു ഈജിപ്തിന്റെ വല കാത്തത്.
ഉറുഗ്വെക്കെതിരെ ഷെനാവി മാന്‍ ഓഫ് ദ മാച്ച് ആവുകയും ചെയ്തു. എന്നാല്‍, ടൂര്‍ണമെന്റ് പ്രതീക്ഷകള്‍ അവസാനിച്ച ഈജിപ്ത് ഷെനാവിയെ പിന്‍വലിച്ച് ഹദാരിക്ക് അവസരമൊരുക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here