Connect with us

Ongoing News

അര്‍ജന്റീനയുടെ വിധി ഇന്ന്

Published

|

Last Updated

സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്: ലയണല്‍ മെസിയുടെ മുപ്പത്തൊന്നാം പിറന്നാള്‍ അര്‍ജന്റീന ടീം ആഘോഷിച്ചു. ക്രൊയേഷ്യയോടേറ്റ തോല്‍വിക്ക് ശേഷം മെസിയുടെ പിറന്നാളാഘോഷമൊന്നും ഉണ്ടാകില്ലെന്നായിരുന്നു കരുതിയത്. എന്നാല്‍, പ്രതീക്ഷകളുടെ തിരിനാളം കെടാതെ സൂക്ഷിക്കുന്ന അര്‍ജന്റീന താരങ്ങള്‍ മെസിക്ക് മൂന്ന് പിറന്നാള്‍ കേക്കുകളാണ് സമ്മാനിച്ചത്.
നൈജീരിയക്കെതിരെ നിര്‍ണായക മത്സരത്തിന് തയ്യാറെടുക്കുന്നതിനിടെ മെസി ആഹ്ലാദവാനായി കാണപ്പെട്ടത് തന്നെ ശുഭസൂചനയായി ആരാധകര്‍ നോക്കിക്കാണുന്നു. എവര്‍ ബനേഗയുടെയും ഡി മരിയയുടെയും എഡ്വോര്‍ഡോ സാല്‍വിയുടെയും മക്കള്‍ക്കൊപ്പം മെസി ചിരിച്ചുല്ലസിച്ച് നില്‍ക്കുന്നു.

പിറന്നാള്‍ ആശംസിക്കാനെത്തിയ ഡി മാരിയയുടെ മകള്‍ക്കൊപ്പം മെസി

യൂത്ത് ടീം മുതല്‍ ഒരുമിച്ച് കളിക്കുന്ന സെര്‍ജിയോ അഗ്യുറോ മെസിക്കൊപ്പം ഇരിക്കുന്ന ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്താണ് ആശംസയറിയിച്ചത്.
റഷ്യയില്‍ അര്‍ജന്റീന ടീമിന്റെ ബേസ് ക്യാമ്പ് സ്ഥിതി ചെയ്യുന്ന ബ്രോനിസ്റ്റിയില്‍ മെസി ഗ്രൗണ്ടില്‍ പന്ത് ചവിട്ടി നില്‍ക്കുന്ന രൂപത്തിലുള്ള ഒരാള്‍പ്പൊക്കത്തിലുള്ള കേക്ക് തയ്യാറാക്കി.
ഇങ്ങനെ പിറന്നാള്‍ ദിനത്തില്‍ നല്ല ഓര്‍മകള്‍ മെസിക്ക് സമ്മാനിക്കുവാന്‍ സഹതാരങ്ങള്‍ ശ്രദ്ധിച്ചു. ഇനി മെസിയുടെ ഊഴമാണ്. ലോകകപ്പില്‍ നോക്കൗട്ട് കാണാതെ മടങ്ങേണ്ട അവസ്ഥയാണുള്ളത്. രണ്ട് മത്സരങ്ങള്‍ വീതം നാല് ടീമുകളും പൂര്‍ത്തിയാക്കിയപ്പോള്‍ ആറ് പോയിന്റുമായി ക്രൊയേഷ്യ പ്രീക്വാര്‍ട്ടറിലെത്തി. മൂന്ന് പോയിന്റുള്ള നൈജീരിയ രണ്ടാം സ്ഥാനത്ത്. ഐസ് ലാന്‍ഡിനും അര്‍ജന്റീനക്കും ഒരു പോയിന്റ് വീതം. ഗോള്‍ ശരാശരിയില്‍ അര്‍ജന്റീന ഐസ് ലാന്‍ഡിന് ഒരു ഗോള്‍ പിറകിലും.
ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ നൈജീരിയയെ തോല്‍പ്പിക്കുകയും ഐസ് ലാന്‍ഡ് തോല്‍ക്കുകയും ചെയ്താല്‍ അര്‍ജന്റീനക്ക് പ്രീക്വാര്‍ട്ടറിലെത്താം. എന്നാല്‍, അര്‍ജന്റീനയും ഐസ് ലാന്‍ഡും ജയിച്ചാല്‍ രണ്ട് ടീമിനും നാല് പോയിന്റ് വീതമാകും. അപ്പോള്‍ ഗോള്‍ ശരാശരിയാണ് നോക്കൗട്ട് ബെര്‍ത് തീരുമാനിക്കുക. അവിടെയും തുല്യത വന്നാല്‍ ഫെയര്‍പ്ലേ പോയിന്റുകളാകും വിധി നിര്‍ണയിക്കുക. അവിടെയും തുല്യത വന്നാല്‍, നറുക്കെടുപ്പ് നടത്തും.
നൈജീരിയ ജയിച്ചാല്‍ അര്‍ജന്റീനക്കും ഐസ് ലാന്‍ഡിനും മടങ്ങാം.

ഫോര്‍മേഷന്‍ മാറും…

ഐസ് ലാന്‍ഡിനെതിരെ 4-2-3-1, ക്രൊയേഷ്യക്കെതിരെ 3-4-3. ഇതായിരുന്നു അര്‍ജന്റീന കോച്ച് ജോര്‍ജ് സംപോളിയുടെ ഫോര്‍മേഷന്‍. രണ്ടും എട്ട് നിലയില്‍ പരാജയപ്പെട്ടു. ഇനി പയറ്റാനുള്ളത് 4-3-3 യും 4-4-2 ഉം ആണ്.
ഗോള്‍ കീപ്പര്‍ വില്ലി കബലെറോയെ ഇന്ന് സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ പ്രതീക്ഷിക്കേണ്ട. ക്രൊയേഷ്യക്കെതിരെ കബലെറോ വരുത്തിയ അബദ്ധമായിരുന്നു മത്സരം അര്‍ജന്റീനക്ക് എതിരാക്കിയത്. റിവര്‍പ്ലേറ്റ് ക്ലബ്ബിന്റെ ഗോളി ഫ്രാന്‍കോ അര്‍മാനി അര്‍ജന്റീന കുപ്പായത്തില്‍ അരങ്ങേറ്റം കുറിക്കും. ഏഞ്ചല്‍ ഡി മരിയയും എവര്‍ ബനേഗയും ആദ്യ ലൈനപ്പില്‍ തിരിച്ചെത്തും. സെര്‍ജിയോ അഗ്യുറോക്ക് പകരം ഗോണ്‍സാലോ ഹിഗ്വെയിന്‍ സ്‌ട്രൈക്കര്‍ പൊസിഷനിലെത്തുമെന്നും സൂചന.

നേര്‍ക്കുനേര്‍ ചരിത്രം..

അവസാനം കളിച്ച നാല് ലോകകപ്പുകളിലും നൈജീരിയ ഗ്രൂപ്പ് റൗണ്ടില്‍ അര്‍ജന്റീനക്കൊപ്പമായിരുന്നു. 2002, 2010, 2014, 2018 വര്‍ഷങ്ങളില്‍. 1994 ലും ഇതേ അവസ്ഥയായിരുന്നു. ഒരിക്കല്‍ പോലും അര്‍ജന്റീനയെ വീഴ്ത്താന്‍ നൈജീരിയക്ക് സാധിച്ചില്ല. 2002 ലും 2010 ലും 1-0നും, 1994 ല്‍ 2-1നും 2014 ല്‍ 3-2നുമാണ് തോല്‍പ്പിച്ചത്. 1998 ലോകകപ്പില്‍ പരാഗ്വയെ തോല്‍പ്പിച്ചതിന് ശേഷം നൈജീരിയക്ക് ലോകകപ്പില്‍ ലാറ്റിനമേരിക്കന്‍ ടീമുകളെ തോല്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല.

1934 അര്‍ജന്റീന
ആഗ്രഹിക്കുന്നില്ല…

ലോകകപ്പില്‍ ഒരിക്കല്‍ മാത്രമാണ് ഒരു മത്സരം പോലും ജയിക്കാതെ അര്‍ജന്റീന പുറത്തായത്. അത് 1934 ല്‍ ആയിരുന്നു. അന്ന് പക്ഷേ, നോക്കൗട്ട് റൗണ്ട് ഫോര്‍മാറ്റിലായിരുന്നു ടൂര്‍ണമെന്റ്. അതിന് ശേഷം ഗ്രൂപ്പ് റൗണ്ട് ഫോര്‍മാറ്റ് വന്നപ്പോള്‍ അര്‍ജന്റീന ഒരു മത്സരമെങ്കിലും ജയിക്കാതെ ടൂര്‍ണമെന്റിനോട് വിട പറഞ്ഞിട്ടില്ല. റഷ്യയില്‍ ആദ്യ രണ്ട് കളികളിലും ജയമില്ല. അവസാന മത്സരത്തില്‍ നൈജീരിയയെ തോല്‍പ്പിച്ചാല്‍ ചരിത്രത്തിലെ റെക്കോര്‍ഡ് തുടരാം. തോറ്റാല്‍ 1934 ലോകകപ്പിന്റെ സ്മരണകള്‍ ഇരമ്പും.

നൈജീരിയക്ക് തുടര്‍ വിജയം ശീലമില്ല…

1998 ലോകകപ്പില്‍ സ്‌പെയ്‌നിനെയും ബള്‍ഗേറിയയെയും തുടരെ തോല്‍പ്പിച്ചതൊഴിച്ചാല്‍ നൈജീരിയക്ക് അത്തരമൊരു കുതിപ്പില്‍ വലിയ ചരിത്രമല്ല. തുടര്‍വിജയം ആവര്‍ത്തിച്ചാല്‍ അവര്‍ക്ക് തുടരെ രണ്ടാം ലോകകപ്പിലും നോക്കൗട്ട് കാണാം. ആറ് ലോകകപ്പുകളില്‍ നാലാമത്തെ പ്രീക്വാര്‍ട്ടര്‍ മത്സരമാകും നൈജീരിയക്കിത്.

അഹമ്മദ് മൂസയെ പേടിക്കണം..

ലോകകപ്പില്‍ നൈജീരിയയുടെ എക്കാലത്തേയും ടോപ് സ്‌കോറര്‍ പദവി നാല് ഗോളുകളുമായി അഹമ്മദ് മൂസസ്വന്തമാക്കിയത് റഷ്യയില്‍ വെച്ചാണ്.
2014 ല്‍ അര്‍ജന്റീനക്കെതിരെ രണ്ട് ഗോളുകള്‍, ഇത്തവണ ഐസ് ലാന്‍ഡിനെതിരെ രണ്ട് ഗോളുകള്‍. അങ്ങനെ നാല് ഗോളുകള്‍ ഈ ലെസ്റ്റര്‍സിറ്റി താരം പേരിലാക്കി.

മെസിയുടെ 22 ഷോട്ടുകള്‍..

ലോകകപ്പില്‍ മെസിയുടെ 22 ഷോട്ടുകളാണ് ലക്ഷ്യം കാണാതെ പോയത്. അതേ സമയം, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പതിനെട്ട് മത്സരങ്ങളില്‍ പതിനാല് ഗോളുകളാണ് മെസി രാജ്യാന്തര ഫുട്‌ബോളില്‍ നേടിയത്.