‘വിഷ’മത്സ്യം: ഇന്ന് ഉന്നതതല യോഗം

Posted on: June 26, 2018 8:53 am | Last updated: June 26, 2018 at 11:49 am
SHARE

തിരുവനന്തപുരം: മത്സ്യം അടക്കമുള്ള ഭക്ഷ്യവസ്തുക്കളില്‍ മാരകമായ അളവില്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ കര്‍ശന നടപടികളിലേക്ക് കടന്നു. 2006ലെ ഭക്ഷ്യ സുരക്ഷാ ആക്ടില്‍ ഭേദഗതി വരുത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് സര്‍ക്കാറിന്റെ പരിഗണനയില്‍. നിയമ ഭേദഗതിയെക്കുറിച്ച് ആലോചിക്കാന്‍ ആരോഗ്യ വകുപ്പ് ഇന്ന് നിയമ വിദഗ്ധരുടെയും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗവും വിളിച്ചു.

സംസ്ഥാനത്ത് രണ്ടാഴ്ചക്കിടെ, ഫോര്‍മാലിന്‍ മാരകമായ അളവില്‍ കലര്‍ത്തിയ 20,000 കിലോഗ്രാം മത്സ്യമാണ് പിടിച്ചെടുത്തത്. വെളിച്ചെണ്ണയിലും കറിപ്പൊടികളിലുമെല്ലാം മാരക വിഷവസ്തുക്കള്‍ അടങ്ങിയിട്ടുള്ളതായും കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കര്‍ശന നിരീക്ഷണത്തിനും നടപടികള്‍ക്കും സര്‍ക്കാര്‍ നടപടി ആരംഭിക്കുന്നത്.
ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ ആവശ്യമായ സംവിധാനങ്ങളില്ലാത്തതും സര്‍ക്കാര്‍ ലാബിലെ പരിശോധനകളില്‍ കൃത്യതയില്ലാത്തതും ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പിന് തിരിച്ചടിയാണ്. കഴിഞ്ഞ ആഴ്ച അമരവിളയില്‍ നിന്ന് പിടികൂടിയ 14,000 കിലോ മത്സ്യം സര്‍ക്കാര്‍ ലാബിലെ പരിശോധനയില്‍ യാതൊരു കുഴപ്പവുമില്ലെന്ന് കണ്ടെത്തിയവയായിരുന്നു. പിന്നീട് ഫിഷറീസ് ടെക്‌നോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് ഒരു കിലോ മത്സ്യത്തില്‍ 63 മില്ലി ഗ്രാം എന്ന അളവില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയിട്ടുണ്ടെന്ന് തെളിഞ്ഞത്. ഈ സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിലെ കണ്ടം ചെയ്യാറായ വാഹനങ്ങള്‍ അടക്കം ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ അപര്യാപ്തതകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു.

സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഓപറേഷന്‍ സാഗര്‍ റാണിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ദിവസം മാരകമായ ഫോര്‍മാലിന്‍ കലര്‍ന്ന 6,000 കിലോഗ്രാം ചെമ്മീന്‍ പിടിച്ചെടുത്തിരുന്നു. പാലക്കാട് വാളയാര്‍ ചെക്ക് പോസ്റ്റില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ആന്ധ്രാ പ്രദേശില്‍ നിന്നെത്തിയ 6,000 കിലോഗ്രാം ചെമ്മീനില്‍ ഫോര്‍മാലിന്‍ മാരകമായ അളവില്‍ അടങ്ങിയിട്ടുണ്ടെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here