മൂന്നടിയില്‍ റഷ്യ വീണു; ഉറുഗ്വെ ഗ്രൂപ്പ് ചാമ്പ്യന്മാര്‍

Posted on: June 25, 2018 10:13 pm | Last updated: June 26, 2018 at 9:52 am
SHARE

മോസ്‌കോ: റഷ്യയുടെ വിജയക്കുതിപ്പിന് ഉറുഗ്വെയുടെ കടിഞ്ഞാണ്‍. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ആതിഥേയരായ റഷ്യയെ കീഴടക്കി ഉറുഗ്വെ കരുത്തു കാട്ടി. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഉറുഗ്വെ ജയം സ്വന്തമാക്കിയത്. ഇതോടെ കളിച്ച മൂന്ന് കളികളും ജയിച്ച് ഒമ്പത് പോയിന്റുമായി ഉറുഗ്വെ ഗ്രൂപ്പ് ചാമ്പ്യന്മാരായി. ആറ് പോയിന്റുള്ള റഷ്യയാണ് രണ്ടാമത്. സഊദിയും ഈജിപ്തുമാണ് ഗ്രൂപ്പില്‍ നിന്ന് പുറത്തായ ടീമുകള്‍.

പത്താം മിനുട്ടില്‍ സൂപ്പര്‍ താരം ലൂയി സുവാരസാണ് ഗോളടിക്ക് തുടക്കമിട്ടത്. ബോക്‌സിന് പുറത്ത് മധ്യഭാഗത്ത് നിന്ന് സുവാരസ് തൊടുത്ത ഫ്രീകിക്ക് റഷ്യന്‍ പതിരോധത്തെയും ഗോളിയേയും മറികടന്ന് വലയില്‍ ചെന്നുകയറി. 23ാം മിനുട്ടില്‍ റഷ്യയുടെ ഡെന്നിസ് ചെറിഷേവിന്റെ സെല്‍ഫ് ഗോളില്‍ ഉറുഗ്വെയുടെ ലീഡ് രണ്ടായി ഉയര്‍ന്നു. 36ാം മിനുട്ടില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ഇഗോര്‍ സ്‌മോള്‍നിക്കോവ് പുറത്തായതോടെ റഷ്യ പത്ത് പേരിലൊതുങ്ങി. 90ാം മിനുട്ടില്‍ എഡിന്‍സണ്‍ കവാനിയും സ്‌കോര്‍ ചെയ്തതോടെ റഷ്യന്‍ തകര്‍ച്ച പൂര്‍ണമായി.