Connect with us

Kerala

നെല്‍വയല്‍- തണ്ണീര്‍ത്തട ഭേദഗതി ബില്‍ പാസ്സായി; ബില്‍ കീറിയെറിഞ്ഞ് പ്രതിപക്ഷം, ഇറങ്ങിപ്പോക്ക്

Published

|

Last Updated

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനിടെ നെല്‍വയല്‍- തണ്ണീര്‍ത്തട നിയമഭേദഗിതി ബില്‍ നിയമസഭ പാസ്സാക്കി. ബില്‍ അവതരണത്തിനിടെ നാടകീയ രംഗങ്ങളാണ് സഭയില്‍ രങ്ങേറിയത്. ബില്‍ പ്രതിപക്ഷം സഭയില്‍ കീറിയെറിഞ്ഞു. ബില്ലിന്റെ മൂന്നാം വായനക്കിടയില്‍ പ്രതിപക്ഷം ബാനര്‍ ഉയര്‍ത്തി പ്രതിഷേധിച്ചു. തുടര്‍ന്നാണ് ബില്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചത്. പിന്നാലെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. നെല്‍വയല്‍ തണ്ണീര്‍ത്തടസംഹാര നിയമമാണ് സഭ പാസ്സാക്കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

നിയമസഭാ ചരിത്രത്തിലെ കറുത്ത ദിവസമാണിതെന്ന് ചെന്നിത്തല പറഞ്ഞു. സുപ്രിം കോടതി വിധിക്ക് എതിരായാണ് നിയമനിര്‍മാണം നടത്തിയിരിക്കുന്നത്. നിയമം പാസ്സാകുന്നതോടെ അവശേഷിക്കുന്ന നെല്‍വയലുകളും ഇല്ലാതാകും. വലിയ അഴിമതിക്കും സ്വജനപക്ഷപാതത്തിനും പ്രകൃതി നാശത്തിനും ഇത് വഴിവെക്കും. കിരനിയമമാണ് സര്‍ക്കാര്‍ പാസ്സാക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍ പ്രതിപക്ഷത്തെ ഓര്‍ത്ത് സഹതപിക്കുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വികസനം ലക്ഷ്യമിട്ടാണ് ഭേദഗതി കൊണ്ടുവന്നതെന്നും സമൂഹത്തിന് ആവശ്യമായ നിയമങ്ങള്‍ നടപ്പിലാക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍ നെല്‍വയല്‍ തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതിന് ശിപാര്‍ശ നല്‍കാന്‍ പ്രാദേശികസംസ്ഥാനതല നിരീക്ഷണ സമിതികള്‍ക്കാണ് അധികാരം. എന്നാല്‍ പുതിയ ബില്ലില്‍ ഇത് എടുത്തുകളഞ്ഞു. ഒപ്പം പൊതു ആവശ്യത്തിന് നിലം നികത്തലാകാം എന്നതും ചേര്‍ത്തിട്ടുണ്ട്. ഇതോടെ ആര്‍ക്കും എപ്പൊഴും നിലം നികത്താമെന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.