Connect with us

National

ശൈഖ് അബ്ദുല്ല ഇന്ത്യയിലെത്തി; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യ, യു എ ഇ ഉഭയകക്ഷി ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യയിലെത്തി. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി എത്തിയ ശൈഖ് അബ്ദുല്ല ഡല്‍ഹി, മുംബൈ എന്നിവ ഉള്‍പെടെയുള്ള നഗരങ്ങളില്‍ സന്ദര്‍ശനം നടത്തും. ബെംഗളൂരു, ചെന്നൈ എന്നിവയും സന്ദര്‍ശന പട്ടികയിലുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. ജൂലൈ രണ്ടിന് മടങ്ങും.

ഇന്ത്യയുമായി എണ്ണ സംഭരണം, വിപണനം തുടങ്ങിയവ സംബന്ധിച്ച് ചര്‍ച്ചകളും നടത്തും. സഊദി അറേബ്യയുടെ പങ്കാളിത്തത്തോടെയുള്ള നടപടികളാണ് ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി നാലുമാസം മുന്‍പ് യുഎഇ സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യയും യുഎഇയും എണ്ണ പര്യവേഷണം, ഖനനം തുടങ്ങിയ മേഖലകളില്‍ നിര്‍ണായക കരാറുകള്‍ ഒപ്പുവച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണു യുഎഇ വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനം.

എണ്ണ വിലയില്‍ വ്യതിയാനങ്ങളുണ്ടാകുകയും വില വര്‍ധിക്കുകയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തില്‍ യുഎഇ ഇന്ത്യ സഊദി അറേബ്യ ധാരണ തന്ത്രപധാനമാണ്. രത്‌നഗിരി റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സിനായി എണ്ണമേഖലയിലെ വമ്പന്‍മാരായ സൗദി അരാംകോ, യുഎഇയുടെ അബുദാബി നാഷനല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) എന്നിവയുമായി കരാറില്‍ ഒപ്പിടുമെന്നാണു സൂചന.