യാത്രക്കാര്‍ക്ക് വിര്‍ച്വല്‍ വിന്‍ഡോകളൊരുക്കി എമിറേറ്റ്‌സ്

Posted on: June 25, 2018 8:43 pm | Last updated: June 25, 2018 at 8:43 pm

ദുബൈ: വൈമാനിക യാത്രകളെ ഇഷ്ടപ്പെടുന്നവര്‍ക്കായി ദുബൈയുടെ ലോകോത്തര വിമാന സര്‍വീസായ എമിറേറ്റ്‌സ് എയര്‍ലൈന്‍ ആന്തരീക രൂപകല്‍പനയില്‍ നവീന സാങ്കേതികള്‍ ഉപയോഗിക്കുന്നു. വിസ്തൃത ഘടനയുള്ള ബോയിംഗ് 777 വിമാനങ്ങള്‍ക്ക് വിര്‍ച്വല്‍ വിന്‍ഡോകള്‍ ഒരുക്കിയാണ് എമിറേറ്റ്‌സ് യാത്രികരെ കയ്യിലെടുക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് എമിറേറ്റ്‌സ് പുതിയ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ദുബൈ മീഡിയ ഓഫീസും ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. വിമാനത്തിന്റെ ഒന്നാം ക്ലാസ് ശ്രേണിയിലുള്ള യാത്രക്കാര്‍ക്കാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. യഥാര്‍ഥ വിന്‍ഡോകള്‍ക്ക് പകരം പ്രത്യേക സ്‌ക്രീനോട് കൂടിയ വിര്‍ച്വല്‍ വിന്‍ഡോ യാത്രക്കാര്‍ക്ക് ആസ്വദിക്കാനാവും.
വിമാനത്തിന്റെ പുറംഘടനയില്‍ ഘടിപ്പിച്ചിട്ടുള്ള റിയല്‍ ടൈം കാമറകളാണ് യഥാര്‍ഥ വിന്‍ഡോകളുടെ ദൃശ്യചാരുതയേകുന്ന കാഴ്ചകളെ ഒപ്പിയെടുത്തു സ്യൂട്ടില്‍ ഒരുക്കിയിട്ടുള്ള സ്‌ക്രീനില്‍ എത്തിക്കുക. ഇവ യാത്രക്കാരന് യഥാര്‍ഥ വിന്‍ഡോകളുടെ സമീപ വശത്തെ മനോഹര കാഴ്ചകളാകും സമ്മാനിക്കുക.