Connect with us

Gulf

റമസാനില്‍ യു എ ഇ ഫുഡ്‌ബേങ്ക് വിതരണം ചെയ്തത് മുക്കാല്‍ ലക്ഷത്തോളം ഭക്ഷണപ്പൊതികള്‍

Published

|

Last Updated

ദുബൈ: കഴിഞ്ഞ റമസാനില്‍ യു എ ഇ ഫുഡ്ബാങ്ക് 73,200 ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു. 49,700 ഇഫ്താര്‍ കിറ്റുകളും 23,500 സുഹൂര്‍ കിറ്റുകളുമടക്കമാണിത്.
സാദിയ, അല്‍ ഇസ്‌ലാമി ഫുഡ്‌സ്, സീസര്‍ കാറ്ററിംഗ്, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, വെസ്റ്റ് സോണ്‍ സൂപ്പര്‍ മാര്‍ക്കറ്റ്, ബറകാത്ത്, എസ് ടി സി, സഹ്‌റത്ത് അല്‍ മദാഇന്‍, ഫര്‍സാന ജനറല്‍ ട്രേഡിംഗ്, ദുബൈ ഗോള്‍ഫ് ക്ലബ്ബ്, പ്രൊകറ്റ് കാറ്ററിംഗ്, മോഡേണ്‍ ബേക്കറി, ആലിയ ജനറല്‍ ട്രേഡിംഗ്, അല്‍ ഹബ്തൂര്‍ ഗ്രാന്റ് ഹോട്ടല്‍, നുസ്‌റത്ത് റെസ്റ്റോറന്റ,് ഇസ്സ അല്‍ ഗുറൈര്‍, അല്‍ ഹമര്‍ കിച്ചണ്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഭക്ഷ്യപൊതികളുടെ വിതരണം.

റമസാനിലുടനീളം യു എ ഇ ഫുഡ്‌ബേങ്ക് വലിയ ശ്രേഷ്ഠതയാണ് കൈവരിച്ചതെന്ന് ദുബൈ നഗരസഭ ആരോഗ്യ-സുരക്ഷാ നിയന്ത്രണ വിഭാഗം അസി. ഡയറക്ടറും ഫുഡ്‌ബേങ്ക് പ്രാരംഭ കമ്മിറ്റി ചെയര്‍മാനുമായ ഖാലിദ് ശരീഫ് അല്‍ അവാദി പറഞ്ഞു. ഭക്ഷണ വിതരണത്തില്‍ വിവിധ ഗവണ്‍മെന്റ് ഏജന്‍സികളും സ്വകാര്യ സ്ഥാപനങ്ങളും ജീവകാരുണ്യ സംഘടനകളും സഹകരിച്ചതായി അദ്ദേഹം പറഞ്ഞു.
ലോജിസ്റ്റിക് കമ്പനിയായ കരീമാണ് ഭക്ഷണം ശേഖരിക്കുകയും ഡെലിവറി സര്‍വീസ് നടത്തുകയും ചെയ്തത്. 377 ഭക്ഷണപ്പൊതികള്‍ പൊതുജനങ്ങളില്‍ നിന്ന് കരീം ശേഖരിച്ച് ദുബൈയിലെ വിവിധ യു എ ഇ ഫുഡ്‌ബേങ്ക് ഫ്രിഡ്ജുകളില്‍ നിറച്ചു.

സാമൂഹിക വികസന വകുപ്പുമായി ചേര്‍ന്ന് റമസാനില്‍ യു എ ഇ ഫുഡ്‌ബേങ്ക് “നിങ്ങളുടെ അത്താഴം ഞങ്ങളുടെ ഉത്തരവാദിത്തം” എന്ന ക്യാമ്പയിന്‍ സംഘടിപ്പിച്ചിരുന്നു. അല്‍ ഖൂസിലെ അബ്ദുല്‍ റഹീം ബിന്‍ കെതിത് മസ്ജിദില്‍ എല്ലാ ദിവസവും തറാവീഹിന് ശേഷം 500 അത്താഴ ഭക്ഷണപൊതികള്‍ വിതരണം ചെയ്തിരുന്നു.